ഇന്ത്യയില്‍ ഓഫീസ് തുറന്ന് ചാറ്റ് ജി.പി.ടി, പക്ഷേ ഒരു ട്വിസ്റ്റുണ്ട്! റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ ട്രെന്‍ഡോ?

2025ന്റെ ആദ്യ ആറ് മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ഏഴ് നഗരങ്ങളില്‍ മാത്രം 65 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസുകള്‍ ഈ മേഖലയില്‍ വിറ്റുപോയി
An overhead view of a modern office meeting, with a diverse team of professionals collaborating on laptops and discussing data visuals on a whiteboard, with the OpenAI logo placed in the corner
canva
Published on

എ.ഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയുമായ ഓപ്പണ്‍എഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു. ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ് എഡ്ജ് (Corporatedge) എന്ന വര്‍ക്ക്സ്പേസ് കമ്പനിയില്‍ നിന്ന് 50 സീറ്റുകളുള്ള ഓഫീസ് സ്‌പേസാണ് ഓപ്പണ്‍ എ.ഐ സ്വന്തമാക്കിയത്. നോയിഡയോ ഗുരുഗ്രാമോ പോലുള്ള സമീപ പ്രദേശങ്ങളെ ഒഴിവാക്കി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം.

ചാറ്റ്ജിപിടിയുടെ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ ഓഫീസ് അന്വേഷിക്കുകയാണെന്ന് അടുത്തിടെ കമ്പനി സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡല്‍ഹിയില്‍ ഓഫീസ് തുറന്നതായുള്ള വാര്‍ത്തയുമെത്തിയത്. ഇക്കാര്യത്തില്‍ ഓപ്പണ്‍ എ.ഐയോ കോര്‍പറേറ്റ് എഡ്‌ജോ പ്രതികരിച്ചിട്ടില്ല.

ആശങ്ക?

അതേസമയം, സ്വന്തമായി ഓഫീസ് എടുക്കാതെ വര്‍ക്ക്‌സ്‌പേസിലേക്ക് ഓപ്പണ്‍ എ.ഐ മാറിയത് പുതിയ ആശങ്കക്കും കാരണമായി. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ എ.ഐ കമ്പനികള്‍ക്കാകുമെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. 2030ലെത്തുമ്പോള്‍ എ.ഐ കമ്പനികള്‍ക്ക് മാത്രം 45-50 മില്യന്‍ ചതുരശ്രയടി റിയല്‍ എസ്റ്റേറ്റ് സ്‌പേസ് അധികമായി വേണ്ടി വരുമെന്നാണ് ഡിലോയിറ്റിന്റെ (Deloitte) റിപ്പോര്‍ട്ട്. യു.എസ് പോലുള്ള രാജ്യങ്ങളിലൊക്കെ എ.ഐ കമ്പനികള്‍ ജീവനക്കാര്‍ക്ക് വേണ്ടി ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കുന്നതും വാര്‍ത്തയായിരുന്നു. ഇതിനിടയില്‍ എ.ഐ മേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി ഓഫീസ് തുറക്കാതെ വര്‍ക്ക്‌സ്‌പേസിലേക്ക് മാറിയതാണ് ആശങ്കക്ക് കാരണമായത്.

പുതിയ സാധ്യത

എന്നാല്‍ എ.ഐ കമ്പനികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അത് ചിലപ്പോള്‍ പരമ്പരാഗത രീതികളില്‍ ആയിരിക്കണമെന്നില്ല. അതായത് ഉടമയില്‍ നിന്ന് കമ്പനി നേരിട്ട് ഓഫീസുകള്‍ വാടകക്ക് എടുക്കുന്ന രീതിയില്‍ മാറ്റമുണ്ടാകും. അവിടെയാണ് കോ വര്‍ക്കിംഗ് സ്‌പേസുകള്‍ അല്ലെങ്കില്‍ വര്‍ക്ക്‌സ്‌പേസുകളുടെ പ്രസക്തി. ജോലിസ്ഥലം പങ്കിട്ടുകൊണ്ട് ഒരു മേല്‍ക്കൂരക്ക് കീഴില്‍ പല കമ്പനികളുടെയും ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളാണിവ. ഇവിടെ നമുക്ക് ആവശ്യത്തിന് സ്ഥലം വാടകക്കെടുക്കാം. ഒരു സീറ്റ് മുതല്‍ ഒരു ടീമിന് വേണ്ട ക്യാബിനുകള്‍ വരെ ലഭിക്കുമെന്നതാണ് പ്രത്യേകത. സ്വന്തമായി ഓഫീസുകള്‍ വാടകക്ക് എടുക്കുമ്പോഴുണ്ടാകുന്ന ഭീമമായ ചെലവും ഇതിലൂടെ ഒഴിവാക്കാം.

വളര്‍ച്ച ഇങ്ങനെ

2024ല്‍ 80 മില്യന്‍ സ്‌ക്വയര്‍ ഫീറ്റ് മാത്രമായിരുന്നു ഇന്ത്യയിലെ ഫ്‌ളെക്‌സിബിള്‍ ഓഫീസുകളുടെ വലിപ്പം. 2027ലെത്തുമ്പോള്‍ ഇത് 125 മില്യന്‍ സ്‌ക്വയര്‍ ഫീറ്റായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. 2025ന്റെ ആദ്യ ആറ് മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ഏഴ് നഗരങ്ങളില്‍ മാത്രം 65 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസുകള്‍ ഈ മേഖലയില്‍ വിറ്റുപോയി. ആദ്യകാലത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഇത്തരം സ്ഥലങ്ങളിലേക്ക് എത്തിയിരുന്നത്. ഭാവിയില്‍ 55-60 ശതമാനവും വന്‍കിട കമ്പനികളായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കോടികളുടെ വിപണിയായി ഇത് മാറുമെന്നും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

OpenAI has leased its first Indian office in Delhi via CorporatEdge, setting up a 50‑seater base to support its AI expansion and users in India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com