
ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പാക്കിസ്ഥാന് 240 കോടി ഡോളറിന്റെ സഹായം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടെയാണ് പാക്കിസ്ഥാന് ധനസഹായം അനുവദിച്ചിരിക്കുന്നത്.
ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പരമേശ്വരൻ അയ്യരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഐ.എം.എഫ് യോഗത്തില്‍ പങ്കെടുത്തത്. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുത്ത് സർക്കാർ സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാല്‍ ഫണ്ട് അനുവദിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
എക്സിക്യൂട്ടീവ് ബോർഡിലെ അംഗമെന്ന നിലയിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് പ്രക്രിയയിൽ ഔപചാരികമായി എതിര്‍ത്ത് വോട്ട് ചെയുന്നതിനുളള വ്യവസ്ഥയില്ലാത്തതാണ് കാരണം. ഐക്യരാഷ്ട്രസഭയിൽ ഓരോ രാജ്യത്തിനും ഒരു വോട്ട് ആണ് ഉളളതെങ്കില്‍ ഐ.എം.എഫില്‍ വോട്ടിംഗ് ശക്തി ഓരോ അംഗത്തിന്റെയും സാമ്പത്തിക വലുപ്പത്തെ ആനുപാതികമായാണ്.
യുഎസ് പോലുള്ള രാജ്യങ്ങൾക്ക് 16.49 ശതമാനം വോട്ടിംഗ് വിഹിതമാണ് ഉളളത്. ചൈനയ്ക്ക് 6.08 ശതമാനം വോട്ടിംഗ് വിഹിതമാണ് ഉളളത്. മികച്ച സാമ്പത്തിക ശക്തിയായ ജപ്പാന് 6.41 ശതമാനമാണ് വോട്ടിംഗ് ശേഷിയുളളത്. ഇന്ത്യയ്ക്ക് 2 ശതമാനത്തിലധികം വിഹിതമുണ്ട്. ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പുണ്ടാകാത്തതാണ് പാക്കിസ്ഥാന് ധനസഹായം ലഭിക്കുന്നതിനുളള കാരണങ്ങളിലൊന്ന്.
മോദി സർക്കാർ തന്ത്രപൂർവ്വമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. യോഗത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തമായ എതിര്‍പ്പുകള്‍ ഉന്നയിക്കണമായിരുന്നുവെന്നും രമേശ് പറഞ്ഞു. പൂഞ്ച്, രജൗരി, ഉറി, താങ്ധർ തുടങ്ങി നിരവധി സ്ഥലങ്ങളെ നശിപ്പിക്കാൻ പാക്കിസ്ഥാൻ ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങൾക്കും ഐഎംഎഫ് പണം നൽകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ നിലവിലെ പിരിമുറുക്കം എങ്ങനെ ശമിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നതെന്നും ഒമര്‍ ആരാഞ്ഞു.
അതേസമയം പാക്കിസ്ഥാൻ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ഈ മുടന്തൻ ശ്രമങ്ങൾ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയെന്ന പാക്കിസ്ഥാന്‍ പറഞ്ഞത് തികച്ചും പരിഹാസ്യമാണ്. ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, സൈബർ സംവിധാനങ്ങൾ തുടങ്ങിയവയുടെ വലിയൊരു വിഭാഗം ആക്രമിച്ച് നശിപ്പിച്ചുവെന്ന പാക് അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണ്. പാക്കിസ്ഥാൻ ഭരണകൂടം നുണകളുടെ കൂമ്പാരമാണ് പ്രചരിപ്പിക്കുന്നതെന്നും മിസ്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine