

ആന്ധ്രപ്രദേശില്‍ രണ്ട് വലിയ മാളുകള്‍ നിര്‍മിക്കുകയെന്ന എം.എ യൂസഫലിയുടെ സ്വപ്‌നപദ്ധതിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം പ്രതിസന്ധിയാകുന്നു. സര്‍ക്കാര്‍ സ്ഥലം ലുലുഗ്രൂപ്പിന് കൈമാറിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ സി.പി.എം, കോണ്‍ഗ്രസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആഗ്രഹപ്രകാരമാണ് ലുലുഗ്രൂപ്പ് ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതിയുമായി ആന്ധ്രയിലേക്ക് എത്തിയത്. പദ്ധതിക്കായി വിശാഖപട്ടണത്ത് 13.7 ഏക്കറും വിജയവാഡയില്‍ 4.15 ഏക്കറും സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് കൈമാറിയിരുന്നു. 99 വര്‍ഷത്തെ പാട്ടക്കരാറിലായിരുന്നു ഭൂമികൈമാറ്റം.
സെന്റിന് കോടികള്‍ വിലമതിക്കുന്ന പൊതുസ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് നല്കുന്നതിനെതിരേയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. സുപ്രീംകോടതി വിധിക്കു എതിരായ സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്നാണ് സി.പി.ഐ നിലപാട്.
സ്ഥലം കൈമാറിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ലുലുമാള്‍ വന്നാല്‍ ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമാകുമെന്നും തൊഴിലില്ലായ്മ വര്‍ധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, ലുലുഗ്രൂപ്പിന് സ്ഥലം അനുവദിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
2017ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ താല്പര്യപ്രകാരമാണ് ലുലുഗ്രൂപ്പ് ആന്ധ്രയിലേക്ക് എത്തുന്നത്. അന്ന് സര്‍ക്കാര്‍ നല്കിയ സ്ഥലം പിന്നീട് വന്ന ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു. അതോടെ ആന്ധ്ര വിട്ട ലുലുഗ്രൂപ്പ് പിന്നീട് ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ പ്രൊജക്ടുമായി എത്തുന്നത്. ഇതാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine