Begin typing your search above and press return to search.
ഡിജിറ്റല്‍ റീസര്‍വെ മുഴുവന്‍ ജനങ്ങള്‍ക്കും പരിശോധിക്കാന്‍ അവസരം; ഈ വെബ്സൈറ്റ് സന്ദര്‍ശിക്കണം
ഡിജിറ്റല്‍ സര്‍വെ സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തുന്നതിനാണ് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നത്. ഇതിലൂടെ റവന്യൂ, രജിസ്ട്രേഷൻ, സർവെ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി സുതാര്യമായി ലഭിക്കുന്നതാണ്. ആദ്യഘട്ടത്തില്‍ 200 വില്ലേജുകളില്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വെ 185 വില്ലേജുകളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 വില്ലേജുകളിലും സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്.
പോര്‍ട്ടലില്‍ സര്‍വെയുടെ കരട് രേഖ ലഭ്യമാക്കിയിരിക്കുന്നു
റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ സര്‍വെയുടെ (https://survey.entebhoomi.kerala.gov.in/portal/) കരട് രേഖ ലഭ്യമാക്കിയിട്ടുണ്ട്. ഭൂവുടമകള്‍ കരട് വിജ്ഞാപനം പരിശോധിക്കേണ്ടതാണെന്നും ആക്ഷേപങ്ങളുണ്ടെങ്കില്‍ ഉന്നയിക്കണമെന്നും റവന്യു വകുപ്പ് വ്യക്തമാക്കി. മുഴുവന്‍ ജനങ്ങളും ഈ സേവനം പ്രയോജനപ്പെടുത്തണം. ഇതിനായി ഡിജിറ്റല്‍ റീ സര്‍വെ നടക്കാനുള്ള ഇടങ്ങളില്‍ സര്‍വെ സഭകള്‍ വിളിച്ചു ചേര്‍ത്ത് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. ഇതിനു വേണ്ട കാര്യ പരിപാടികള്‍ തയാറാക്കാന്‍ റവന്യു-തദ്ദേശ വകുപ്പുകളുടെ അധികൃതര്‍ സംയുക്ത യോഗം ചേര്‍ന്നു.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് സര്‍വെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനമാണ് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളളത്. ഡിജിറ്റല്‍ സര്‍വെ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പഞ്ചായത്തുകളില്‍ സര്‍വെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കും. റവന്യു മന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവെ നടത്തും
ഡ്രോണുകള്‍ അടക്കമുളള ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവെ നടത്തുക. ആകാശ കാഴ്ച ലഭ്യമാക്കുന്ന തരത്തിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തി ഡ്രോൺ സർവെയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കി നൽകണമെന്നാണ് റവന്യു വകുപ്പ് അറിയിച്ചിട്ടുളളത്.
ഭൂവുടമകള്‍ ചെയ്യേണ്ടത്
ഇതിനായി ഭൂവുടമകള്‍ അതിരടയാളങ്ങൾ സ്ഥാപിക്കുക, ആകാശ കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റുക, സ്ഥലത്തിന്റെ അതിരുകൾ തെളിക്കുക, അതിർത്തികൾ ചുടുകല്ല്, സിമന്റ് കല്ല്, പെയിന്റ് മാർക്ക് എന്നിവ ഉപയോഗിച്ച് അടയാളപ്പെടുത്തുക, സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നൽകുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
പിശകുരഹിത ഭൂവിവര ശേഖരം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ബാധ്യതയാണെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ ഭൂസർവെ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
Next Story
Videos