വാട്‌സാപ്പും ടെലഗ്രാമും നാടിനാപത്ത്, നിയന്ത്രിക്കണം; നിലപാട് കടുപ്പിച്ച് ജിയോ, എയര്‍ടെല്‍, വിഐ കമ്പനികള്‍

വാട്‌സ്ആപ്പ്, ടെലഗ്രാം, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) കമ്യൂണിക്കേഷന്‍ ആപ്പുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സെല്ലുലാര്‍ ഓപറേറ്റര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ) കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ ടെലികോം കമ്പനികളാണ് സി.ഒ.എ.ഐയിലെ അംഗങ്ങള്‍. ഇത്തരം ആപ്പുകള്‍ ടെലികോം ഓപറേറ്റര്‍മാരുടേതിന് സമാനമായ സേവനങ്ങളാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്നും ഓപറേറ്റര്‍മാരെ നിയന്ത്രിക്കുന്നതിന് നടപ്പിലാക്കിയ നിയമങ്ങള്‍ ആപ്പുകള്‍ക്കും ബാധകമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കൂടാതെ ഇത്തരം ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയും സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ എസ്.പി കൊച്ചാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തി. നിരവധി തട്ടിപ്പുകളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ ആപ്പുകളിലൂടെ നടക്കുന്നുവെന്ന പരാതികള്‍ കുന്നുകൂടിയിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ല. പലപ്പോഴും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലൂടെ നടക്കുന്നുണ്ട്. ഇതുതടയാന്‍ വ്യക്തമായ മാനദണ്ഡം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ക്കും എസ്.എം.എസ് വേണ്ട, എല്ലാം ആപ്പിലൂടെ മതി

അതേസമയം, എസ്.എം.എസ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും ഇത്തരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കൂടുതല്‍ ആശ്രയിക്കുന്നതായും അടുത്തിടെ സി.ഒ.എ.ഐ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുമൂലം സ്പാം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയുന്നില്ലെന്നും സി.ഒ.എ.ഐ പറയുന്നു. അടുത്ത നവംബര്‍ മുതല്‍ ഫോണ്‍ സന്ദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഒ.ടി.ടി മെസേജിംഗ് ആപ്പുകള്‍ക്കും ബാധകമാക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.

തട്ടിപ്പുകളുടെ കേന്ദ്രം

ഭൂരിഭാഗം സൈബര്‍ തട്ടിപ്പുകളും ഇത്തരം ആപ്പുകള്‍ വഴിയാണ് നടക്കുന്നതെന്നും ഇതിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിവിവരങ്ങളുടെ സുരക്ഷയേക്കാള്‍ രാജ്യസുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. മെച്ചപ്പെട്ട ഡിജിറ്റല്‍ ഇക്കോസിസ്റ്റം രൂപീകരിക്കാന്‍ ടെലികോം കമ്പനികളെപ്പോലെ ഒ.ടി.ടി ആപ്പുകളെയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാട്‌സ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം വരുമോ

ടെലഗ്രാം സ്ഥാപകന്‍ പാവേല്‍ ദുറോവിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യയില്‍ വാട്‌സ്ആപ്പിനും ടെലഗ്രാമിനും നിയന്ത്രണം വരുമെന്ന അഭ്യൂഹം പരന്നിരുന്നു. ടെലികോം കമ്പനികള്‍ ഏറെക്കാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നൊരു കാര്യമാണിത്. എന്നാല്‍ അത്തരത്തിലൊരു പദ്ധതിയും നിലവില്‍ ഇല്ലെന്ന് കഴിഞ്ഞ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒ.ടി.ടി മെസേജിംഗ് ആപ്പുകളെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഗണത്തില്‍ പെടുത്താനാവില്ലെന്നാണ് കേന്ദ്രനിലപാട്.
Related Articles
Next Story
Videos
Share it