സിനിമയ്ക്ക് ഒ.ടി.ടി 'കെണി', കാണുന്നതിന് മാത്രം പണം; കുരുക്കില്‍ പെട്ടത് നിര്‍മാതാക്കള്‍, റെഡ് സിഗ്നല്‍!

200ലേറെ മലയാള ചിത്രങ്ങള്‍ തീയറ്ററിലെത്തിയ വര്‍ഷമാണ് 2024. വന്നതിലേറെയും ഒരാഴ്ച പോലും തീയറ്ററില്‍ ഓടാതെ മറയുകയും ചെയ്തു. നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചു കൊടുത്ത ചിത്രങ്ങളുടെ എണ്ണം 30ല്‍ താഴെ. തിരിച്ചുവരവിലാണ് മലയാളം സിനിമയെന്ന് തോന്നിച്ച 2024ന്റെ ആദ്യ പകുതിക്കു ശേഷം തൊട്ടതെല്ലാം പിഴയ്ക്കുന്നതിനാണ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്.

പ്രതിഫലത്തില്‍ താരങ്ങളുടെ പിടിവാശി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ക്ക് പിന്നാലെ വട്ടമിട്ട് പറക്കുന്ന സമയമുണ്ടായിരുന്നു. ഏത് ചിത്രമിറക്കിയാലും നല്ലതോ മോശമോ എന്നു നോക്കാതെ കോടികള്‍ വാരിയെറിഞ്ഞാണ് ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. തീയറ്റര്‍, സാറ്റലൈറ്റ് റൈറ്റ്‌സിനേക്കാള്‍ കൂടുതല്‍ വരുമാനം അക്കാലത്ത് പല സിനിമകളും ഒ.ടി.ടിയിലൂടെ നേടിയിരുന്നു. ഒ.ടി.ടി റിലീസിംഗിന് മാത്രമായി ചിത്രങ്ങളെടുക്കുന്നവരുടെ സംഘം പോലും അക്കാലത്ത് ഉദയം ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.
ഒ.ടി.ടി കമ്പനികള്‍ക്ക് മലയാള സിനിമ നഷ്ടക്കച്ചവടമായി മാറി. സൂപ്പര്‍ താരചിത്രങ്ങള്‍ പോലും ഒ.ടി.ടിയില്‍ വിറ്റുപോകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒ.ടി.ടി മൂല്യം കൂടി കണക്കാക്കി പ്രതിഫലം വര്‍ധിപ്പിച്ച അഭിനേതാക്കള്‍ ഇത് കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം നിജപ്പെടുത്താന്‍ തയാറായില്ലെങ്കില്‍ മലയാള സിനിമ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വാങ്ങാന്‍ ആരും തയാറായില്ല. 20 കോടിക്ക് മുകളില്‍ നിര്‍മാണച്ചെലവ് വന്ന ചിത്രമാണത്. തീയറ്ററില്‍ നിന്ന് മാത്രം വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ലിസ്റ്റിന്‍ വ്യക്തമാക്കുന്നു.

10 കോടിയില്‍ നിന്ന് 50 ലക്ഷത്തിലേക്ക്

ഒട്ടുമിക്ക ഒ.ടി.ടി കമ്പനികളും പേ പെര്‍ വ്യൂസ് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. മുമ്പ് ഒരു തുകയിട്ട് ചിത്രത്തിന്റെ അവകാശം നേടുന്നതായിരുന്നു രീതി. ഇപ്പോള്‍ വരുമാനം പങ്കിടുന്ന രീതിയിലാണ് കാര്യങ്ങള്‍. ഒ.ടി.ടിയില്‍ റിലീസാകുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത മണിക്കൂറില്‍ തന്നെ ടെലിഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഒ.ടി.ടിയില്‍ സിനിമ കാണുന്നവരുടെ എണ്ണവും കുറഞ്ഞു.
മലയാള ചിത്രങ്ങള്‍ക്കായി കൂടുതല്‍ തുക മാറ്റിവച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമായിരുന്നു ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍. റിലയന്‍സിന്റെ കമ്പനിയുമായി ലയിച്ചതോടെ മലയാള സിനിമയ്ക്കായി ഇനി എത്ര ബജറ്റ് പുതിയ സംയുക്ത സംരംഭം മാറ്റിവയ്ക്കുമെന്ന കാര്യവും സംശയാണ്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ തലപ്പത്തുണ്ടായിരുന്ന മലയാളികള്‍ക്ക് സ്ഥാനചലനം സംഭവിച്ചെന്നതും കൂട്ടിവായിക്കണം.
മുമ്പ് 8-10 കോടി രൂപ കിട്ടിയിരുന്ന മുന്‍നിര നായകന്മാരുടെ ചിത്രങ്ങളുടെ ഒ.ടി.ടി വില്പന നടക്കുന്നത് 50-75 ലക്ഷം രൂപയ്ക്കാണ്. അടുത്ത വര്‍ഷം ഈ തുക പോലും കിട്ടില്ലെന്നാണ് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്. മലയാളം സിനിമയില്‍ നിന്ന് കാര്യമായ വരുമാനം ഒ.ടി.ടി കമ്പനികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
സിനിമകള്‍ സ്വന്തമാക്കാന്‍ കമ്പനികളെ പിന്നോട്ടു വലിക്കുന്നതിന്റെ കാരണവും ഇതുതന്നെ. രാജ്യത്തെ ഒ.ടി.ടി സിനിമ വരുമാനത്തിന്റെ രണ്ടു ശതമാനം മാത്രമാണ് മലയാള സിനിമയുടെ സംഭാവന. തമിഴ്, തെലുങ്ക് സിനിമകളുടെ സംപ്രേക്ഷണ അവകാശത്തിന് കൂടുതല്‍ തുക മുടക്കുന്നത് പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നു. മലയാള സിനിമയ്ക്ക് ഇതര ഭാഷകളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്നതും വസ്തുതയാണ്.

2025ല്‍ കാത്തിരിക്കുന്നത് തിരിച്ചടി

സിനിമകളുടെ എണ്ണത്തില്‍ 2025 തിരുത്തല്‍ വര്‍ഷമായി മാറുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ 33 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് ഫിലിം ചേംബര്‍ സെക്രട്ടറി സജി നന്ത്യാട്ട് പറയുന്നത്. പ്രേക്ഷകര്‍ കൂടുതല്‍ സെലക്ടീവായി മാറുന്നത് സിനിമ രംഗത്തിന് ഭാവിയില്‍ ഗുണകരമായി മാറുമെന്ന അഭിപ്രായക്കാരാണ് ഏറെയും.
ക്രിസ്മസ് ചിത്രങ്ങളായി റിലീസിനെത്തിയ റൈഫിള്‍ ക്ലബ്, മാര്‍ക്കോ, ഇ.ഡി എന്നീ ചിത്രങ്ങള്‍ ഭേദപ്പെട്ട കളക്ഷന്‍ നേടുന്നുണ്ട്. മാര്‍ക്കോ അടക്കം അടുത്തിടെയിറങ്ങിയ ചിത്രങ്ങളുടെ വ്യാജ പ്രിന്റ് ഇറങ്ങുന്നത് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് സിനിമമേഖല. നവംബറിലെത്തിയ സൂക്ഷ്മദര്‍ശിനി, ഹലോ മമ്മി, സ്വര്‍ഗം എന്നീ ചിത്രങ്ങളും മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരുന്നു. ക്രിസ്മസ്, പുതുവല്‍സരത്തില്‍ തീയറ്ററിലേക്ക് കുടുംബങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് തീയറ്റര്‍ ഉടമകളും.
Related Articles
Next Story
Videos
Share it