Begin typing your search above and press return to search.
മലയാള സിനിമയോട് 'അകലം' പാലിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍; സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ഡിമാന്‍ഡ് കുറവ്
കോടികള്‍ മുടക്കി സ്വന്തമാക്കിയ മലയാള സിനിമകള്‍ പലതും കൈപൊള്ളിച്ചതോടെ നയംമാറ്റി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. വിജയിച്ച ചിത്രങ്ങള്‍ മാത്രം ചെറിയ തുകയ്ക്ക് എടുത്താല്‍ മതിയെന്ന് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തീരുമാനിച്ചതോടെ നൂറിലേറെ സിനിമകള്‍ വെളിച്ചം കാണില്ലെന്ന് ഉറപ്പായി. വീണ്ടും തീയറ്ററിനെ മാത്രം ആശ്രയിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥയിലായി മലയാള സിനിമ.
മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പലതും പ്രാദേശിക സിനിമകള്‍ക്ക് വേണ്ടിയുള്ള ബജറ്റ് വലിയതോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സ്വന്തമായി വെബ്‌സീരിസുകള്‍ നിര്‍മിക്കാനാണ് കമ്പനികള്‍ക്ക് ഇപ്പോള്‍ താല്പര്യം.
കോടികള്‍ ഇനിയില്ല, ട്രെന്റ് മാറി
കൊവിഡ് മഹാമാരിയുടെ സമയത്തായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും നോക്കാതെ സിനിമകള്‍ വാങ്ങിക്കൂട്ടിയത്. തീയറ്ററില്‍ റിലീസ് ചെയ്യാത്ത പടങ്ങള്‍ പോലും ഒ.ടി.ടി കമ്പനികള്‍ വലിയ തുക മുടക്കി വാങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് വരിക്കാരെ എത്തിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ട്രെന്റ് മാറിയത് വളരെ പെട്ടെന്നാണ്.
ഒ.ടി.ടി മാത്രം ലക്ഷ്യമിട്ട് വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ തട്ടിക്കൂട്ട് പടങ്ങള്‍ കൂടുതലായി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. പ്രാദേശിക സിനിമകള്‍ വാങ്ങാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയായിരുന്നു മുമ്പുള്ള പതിവ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ച പല ചിത്രങ്ങളും വേണ്ടത്ര നേട്ടം സമ്മാനിക്കാതെ വന്നതോടെ രീതി മാറ്റി.
കമ്പനികള്‍ നേരിട്ട് പടം വാങ്ങി തുടങ്ങി. എന്നിട്ടും കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് മലയാള സിനിമയില്‍ കൂടുതല്‍ നിക്ഷേപിക്കേണ്ടെന്ന് തീരുമാനിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമ പ്രദര്‍ശിപ്പിച്ചാലും തൊട്ടടുത്ത ദിവസം ടെലിഗ്രാമില്‍ ഉള്‍പ്പെടെ വ്യാജപതിപ്പ് ഇറങ്ങും. മിക്കവരും ഇത്തരത്തിലാണ് സിനിമ കാണുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകയറാതായതോടെ മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളിലെ സിനിമകളോട് കമ്പനികള്‍ക്ക് താല്പര്യവും കുറഞ്ഞു.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കും രക്ഷയില്ല
മുമ്പ് സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡുണ്ടായിരുന്നു. തീയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിധ്യം മാത്രം മതിയായിരുന്നു ഒ.ടി.ടി അവകാശം വിറ്റുപോകാന്‍. ഇപ്പോള്‍ സ്ഥിതിമാറി. പ്രമുഖ യുവതാരത്തിന്റെ നാലോളം ചിത്രങ്ങള്‍ വാങ്ങാനാളില്ലാതെ ഷെല്‍ഫിലാണ്. ഈ ചിത്രങ്ങള്‍ തീയറ്ററിലും ദയനീയ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
തീയറ്ററില്‍ ഹിറ്റായ ചിത്രങ്ങള്‍ക്കു പോലും ഇപ്പോള്‍ തീരെ ചെറിയ തുക മാത്രമാണ് ഒ.ടി.ടിക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. വേണമെങ്കില്‍ ഈ തുക വാങ്ങി സിനിമ കൊടുക്കാം, ഇല്ലെങ്കില്‍ കിട്ടുന്നതും കൂടി ഇല്ലാതാകും എന്നതാണ് അവസ്ഥ. ഒ.ടി.ടി കമ്പനികള്‍ സ്വന്തമായി വെബ്‌സീരിസുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതും സിനിമയ്ക്ക് തിരിച്ചടിയായി.
ഒ.ടി.ടികളുടെ തുടക്കം
ഒ.ടി.ടി അഥവാ ഓവര്‍ ദി ടോപ് മീഡിയ പ്ലാറ്റ്ഫോമുകള്‍ 2008ലാണ് ഇന്ത്യയില്‍ സജീവമാകുന്നത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ബിഗ് ഫ്‌ലിക്‌സ് ആണ് രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം. ചെറുതും വലുതുമായി നൂറോളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ നിലവിലുണ്ട്. മിക്കവയും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ തുടങ്ങിയ സ്വതന്ത്ര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പലതും ദയനീയാവസ്ഥയിലാണ്.
Next Story
Videos