കേരളത്തില്‍ 5 വര്‍ഷത്തിനിടെ പൂട്ടിയത് 1,306 ക്ലിനിക്കുകള്‍, 444 ചെറുകിട ആശുപത്രികള്‍; ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍

ഗ്രാമീണ മേഖലകളിലെ ചെറുകിട ആശുപത്രികള്‍ വ്യാപകമായി പൂട്ടിപ്പോകുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് അത്ര ഗുണകരമാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
കേരളത്തില്‍ 5 വര്‍ഷത്തിനിടെ പൂട്ടിയത് 1,306 ക്ലിനിക്കുകള്‍, 444 ചെറുകിട ആശുപത്രികള്‍; ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍
Published on

കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത്. ആഗോള തലത്തിലെ വന്‍കിട നിക്ഷേപകഗ്രൂപ്പുകള്‍ സംസ്ഥാനത്തെ ഇടത്തരം, പ്രീമിയം ആശുപത്രികളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമായ ഇടമെന്ന വിലയിരുത്തലുകളാണ് കേരളത്തില്‍ കൂടുതല്‍ ആശുപത്രികള്‍ കെട്ടിപ്പൊക്കാനും നിലവിലുള്ളവയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ബഹുരാഷ്ട്ര കമ്പനികളെ പ്രേരിപ്പിക്കുന്നത്.

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 1,306 ക്ലിനിക്കുകളും 444 ചെറിയ ആശുപത്രികളും പൂട്ടിപ്പോയി. ഗ്രാമീണ, ചെറുകിട നഗരങ്ങളിലാണ് അടച്ചുപൂട്ടല്‍ കൂടുതലും. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ എണ്ണം പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൂടുകയാണ് ചെയ്തത്. 2021ല്‍ 3,677 സ്വകാര്യ ആശുപത്രികളാണ് ഉണ്ടായിരുന്നത്. ഇത് 5,402 ആയി ഉയര്‍ന്നു. ഇടത്തരം ഹോസ്പിറ്റലുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ചെറുകിട ആശുപത്രികള്‍ക്ക് പിടിച്ചു നില്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിലെയും ചെറുകിട നഗരങ്ങളിലെയും സാധാരണക്കാരായിരുന്നു ഇത്തരം ചെറുകിട ക്ലിനിക്കുകളിലും ആശുപത്രികളിലും പോയിരുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കൂടുതല്‍ മെച്ചപ്പെട്ടതും ഇത്തരം ചെറുകിട ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കി.

ചികിത്സാചെലവ് വര്‍ധിപ്പിക്കും

ഗ്രാമീണ മേഖലകളിലെ ചെറുകിട ആശുപത്രികള്‍ വ്യാപകമായി പൂട്ടിപ്പോകുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് അത്ര ഗുണകരമാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്ലിനിക്കുകളും ചെറിയ ആശുപത്രികളും പൂട്ടുന്നതോടെ വലിയ ആശുപത്രികളിലേക്ക് ചെറിയ രോഗങ്ങള്‍ക്കു പോലും പോകാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും. ഇത് ചെലവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

പല ചെറുകിട ആശുപത്രികളുടെയും നടത്തിപ്പുകാര്‍ ഡോക്ടര്‍മാരായിരിക്കും. കുറഞ്ഞ ചെലവില്‍ അത്യാവശ്യ സൗകര്യങ്ങളും സേവനങ്ങളും ഇത്തരം ആശുപത്രികള്‍ നല്കുന്നു. ഇത്തരം ആശുപത്രികളെ നിലനിര്‍ത്തേണ്ടത് സംസ്ഥാനത്തിന്റെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റത്തിന്റെ നിലനില്പിന് അത്യാവശ്യമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍ മേനോനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് അടച്ചുപൂട്ടലിന്റെ വേഗത വര്‍ധിച്ചത്. 2016-2021 കാലഘട്ടത്തില്‍ 148 ക്ലിനിക്കുകളും 262 ചെറുകിട ആശുപത്രികളും മാത്രമാണ് പൂട്ടിപ്പോയത്. എന്നാല്‍ 2021ന് ശേഷം അടച്ചുപൂട്ടലിന്റെ വേഗത കൂടി.

ഗ്രാമീണ, ചെറുകിട നഗരങ്ങളിലെ അടച്ചുപൂട്ടലിന്റെ കാരണങ്ങള്‍ പലതാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആളുകള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായി. ചെറിയ രോഗങ്ങള്‍ക്കു പോലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണുന്നത് പതിവായി. മാത്രമല്ല, ഗ്രാമീണ മേഖലകളില്‍ നിന്ന് വിദേശ കുടിയേറ്റവും നഗരങ്ങളിലേക്കുള്ള പറിച്ചുനടലും വര്‍ധിച്ചു. ചെറുകിട ആശുപത്രികളില്‍ ജോലി ചെയ്യാന്‍ മുമ്പത്തെ പോലെ ജൂണിയര്‍ ഡോക്ടര്‍മാര്‍ക്ക് താല്പര്യമില്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ചെറുകിട ആശുപത്രികള്‍ നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. അല്ലാത്തപക്ഷം മധ്യവര്‍ഗത്തിന്റെ ആശുപത്രി ചെലവുകള്‍ താങ്ങാനാകാതെ വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com