ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം നാടുകടത്തിയത് 1,700 ഇന്ത്യക്കാരെ; ട്രാവല്‍ ഏജന്റുമാര്‍ക്കും നിയന്ത്രണം

നാടുകടത്തിയവരില്‍ കൂടുതല്‍ പേര്‍ പഞ്ചാബില്‍ നിന്ന്
US deportation
US deportationcanva
Published on

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ മാസം വരെ നാടുകടത്തിയത് 1,700 ഇന്ത്യക്കാരെ. നിയമലംഘനം ആരോപിച്ച് വിവിധ ഘട്ടങ്ങളിലായാണ് ഇന്ത്യക്കാരെ യുഎസില്‍ നിന്ന് തിരിച്ചയത്. ഈ വര്‍ഷം ജനുവരി 20 മുതല്‍ ജൂലൈ 22 വരെയുള്ള കണക്കുകളാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചതാണിത്. കനിമൊഴി കരുണാനിധി എം.പിയാണ് ഇതുസംബന്ധിച്ച ചോദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത്.

കൂടുതല്‍ പേര്‍ പഞ്ചാബില്‍ നിന്ന്

യുഎസില്‍ നിന്ന് നാടുകടത്തിയവരില്‍ കൂടുതല്‍ പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 620 പേരാണ് ഇവിടെ എത്തിയത്. ഹരിയാനയില്‍ നിന്നുള്ള 604 പേര്‍ക്കും ഗുജറാത്തില്‍ നിന്നുള്ള 242 പേര്‍ക്കും തിരിച്ചു പോരേണ്ടി വന്നു. 767 പേരെ യാത്രാ വിമാനങ്ങളില്‍ തിരിച്ചയച്ചപ്പോള്‍ 353 പേരെ സൈനിക വിമാനങ്ങളിലാണ് ഇന്ത്യയില്‍ എത്തിച്ചത്. 231 പേരെ യുഎസ് എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏര്‍പ്പെടുത്തിയ ചാര്‍ട്ടര്‍ വിമാനത്തിലാണ് അയച്ചത്. നാടുകടത്തിയവരില്‍ 1,562 പേര്‍ പുരുഷന്‍മാരും 141 പേര്‍ സ്ത്രീകളുമാണ്.

മനുഷ്യത്വ രഹിതമായ നടപടികള്‍

തിരിച്ചയക്കുന്ന ഇന്ത്യക്കാരോട് മനുഷ്യത്വ രഹിതമായ സമീപനം പാടില്ലെന്ന് യുഎസ് അധികൃതരോട് ഇന്ത്യ ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ലോക്‌സഭയെ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ കയ്യാമം വെച്ച് തിരിച്ചയക്കുന്നതായി പരാതികള്‍ ഉണ്ടായിരുന്നു. ഇന്ത്യക്കാരുടെ മതപരമായ ആചാരങ്ങളെ ബാധിക്കുന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.

ട്രാവല്‍ ഏജന്‍സികള്‍ക്ക് നിയന്ത്രണം

അനധികൃതമായ കുടിയേറ്റത്തിന് സഹായിക്കുന്നുവെന്ന് ആരോപിച്ച് ഏതാനും ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികള്‍ക്കും ബന്ധപ്പെട്ട വ്യക്തികള്‍ക്കും യുഎസ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ അമേരിക്കന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2.2 ലക്ഷം ഇന്ത്യക്കാര്‍ ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്നതായി പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അനധികൃത കുടിയേറ്റക്കാര്‍ എന്ന പേരില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിരവധി പേരെയാണ് നാടുകടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com