

രാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി ശോഭ കരന്തലജെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തു കാണിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 35,567 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാണ് ഷട്ടറിട്ടത്.
2025 ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തെ 19,828 അപേക്ഷിച്ച് അടച്ചു പൂട്ടിയവയുടെ എണ്ണം ഇരട്ടിയോളമായി. ചെറുകിട സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ച 2020, ജൂലൈ ഒന്നിനു ശേഷം അടച്ചു പൂട്ടപ്പെട്ടവയുടെ എണ്ണം 75,082 ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയാണ് ഇതിന്റെ പകുതിയും പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നത് ആശങ്ക പകരുന്ന കണക്കാണ്.
2021 സാമ്പത്തിക വര്‍ഷം വെറും 175 സംരംഭങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. 2022 സാമ്പത്തിക വര്‍ഷം ഇത് 6,222 ആയി ഉയര്‍ന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സംരംഭങ്ങളുടെ എണ്ണം വലിയതോതില്‍ ഉയര്‍ന്നു. 2022-23 വര്‍ഷത്തില്‍ 13,290ലെത്തി. 19,828 ആണ് 2024ലെ കണക്ക്. 3.1 ലക്ഷം പേര്‍ക്കെങ്കിലും ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പൂട്ടപ്പെടുന്നതും. കഴിഞ്ഞ സാമ്പത്തികവര്‍ഷം മഹാരാഷ്ട്രയില്‍ 8,471 സംരംഭങ്ങള്‍ക്ക് താഴിട്ടു. തമിഴ്‌നാട് (4,412), ഗുജറാത്ത് (3,148), രാജസ്ഥാന്‍ (2,989), കര്‍ണാടക (2,010) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍ വരുന്നത്.
രാജ്യത്തെ തൊഴില്‍മേഖലയുടെ നട്ടെല്ലാണ് എം.എസ്.എം.ഇ രംഗം. 11 കോടി പേര്‍ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിക്കാത്തതില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നു.
അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം എം.എസ്.എം.ഇ മേഖലയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. പരിചയസമ്പന്നരും വിദഗ്ധരുമായ ജീവനക്കാരുടെ അഭാവം ഒട്ടുമിക്ക സംരംഭങ്ങള്‍ക്ക് വെല്ലുവിളിയാണ്. രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങള്‍, വിപണി കണ്ടെത്താന്‍ സാധിക്കാത്തത് തുടങ്ങി ഒരുപിടി പ്രശ്‌നങ്ങള്‍ ഈ മേഖല അഭിമുഖീകരിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine