

സ്റ്റുഡന്റ്‌സ് വീസയിലെത്തിയ 47,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് അനധികൃതമായി തങ്ങുന്നുവെന്ന് കാനഡ. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃത വിദ്യാര്‍ത്ഥികളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരാണ്. സ്റ്റുഡന്റ്‌സ് വീസയിലെത്തിയ ശേഷം ക്ലാസുകളില്‍ പോകാത്തവരെയാണ് അനധികൃത വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇക്കാര്യം സ്‌കൂളുകള്‍ ഐആര്‍സിസിയെ അറിയിക്കും. ഈ വിഷയത്തില്‍ തുടര്‍നടപടിക്കായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയിലേക്ക് കൈമാറുകയും ചെയ്യും. അതേസമയം, പഠനത്തിന് കയറാതെ പാര്‍ട്ട് ടൈം ജോലികളിലേക്ക് തിരിയുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.
വിദേശ വിദ്യാര്‍ത്ഥികളെ ട്രാക്ക് ചെയ്യുന്നതിന് അധികൃതര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ട് തന്നെ കോളജുകള്‍ കണക്ക് നല്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് സൂചന. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം 19,582 ആണ്. തൊട്ടുപിന്നില്‍ ചൈനീസ് വിദ്യാര്‍ത്ഥികളാണ്, 4,279 പേര്‍.
ഒരു വര്‍ഷം മുമ്പ് വരെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡയിലേക്കുള്ള ഒഴുക്ക് അതിശക്തമായിരുന്നു. എന്നാല്‍, കാനഡയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം വര്‍ധിച്ചതും ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണതും മറ്റ് രാജ്യങ്ങളിലേക്ക് നോക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചു. കാനഡയില്‍ പഠിച്ചിറങ്ങിയ പലര്‍ക്കും മികച്ച ജോലി ലഭിക്കാത്തതും പ്രതിസന്ധി വര്‍ധിപ്പിച്ചു.
2025ലെ ആദ്യ ഏഴു മാസത്തില്‍ 52,765 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റഡി പെര്‍മിറ്റ് കിട്ടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,88,255 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയ സ്ഥാനത്താണിത്. ഈ ട്രെന്റ് തുടര്‍ന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 90,454ല്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2023നെ അപേക്ഷിച്ച് 67.5 ശതമാനം കുറവ്.
Read DhanamOnline in English
Subscribe to Dhanam Magazine