Begin typing your search above and press return to search.
200 കമ്പനികളില്‍ 90,849 തൊഴില്‍ അവസരങ്ങള്‍, മോദിയുടെ സ്വപ്‌നപദ്ധതിയില്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം, കാത്തിരിക്കുന്നത് വന്‍കിട കമ്പനികള്‍
മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിക്കാം. pminternship.mca.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 12 വൈകുന്നേരം മുതല്‍ 25 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 200ലേറെ കമ്പനികളില്‍ മൊത്തം 90,849 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവസരം ലഭിക്കുക. 21 മുതല്‍ 24 വയസുവരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക.
വന്‍കിട കമ്പനികളില്‍ അവസരം
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസൂക്കി, എല്‍ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി പ്രമുഖ കമ്പനികള്‍ മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഠിച്ചിറങ്ങിയവര്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പരിശീലനവും വരുമാനവും ലഭിക്കുന്നത് ഭാവിയിലേക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ആദ്യ ബാച്ചിന്റെ ഇന്റേണ്‍ഷിപ്പ് ഡിസംബര്‍ രണ്ടിന് ആരംഭിക്കും. മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ ആയിരിക്കരുത് അപേക്ഷകര്‍. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പദ്ധതി ഇങ്ങനെ
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ സാമ്പത്തിക സഹായത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് അനുവദിക്കുകയെന്നത്. ഇതിനായി 20,000 കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷം 60,000 രൂപ വീതം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പദ്ധതിയാണിത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക.
ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന 5,000 രൂപയില്‍ 4,500 രൂപയും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. 500 രൂപ കമ്പനികള്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ടില്‍ നിന്ന് ലഭ്യമാക്കും. പദ്ധതിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6,000 രൂപ മുന്‍കൂറായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചെലവ് വഹിക്കേണ്ടത് അതാത് കമ്പനികളാണ്.
Next Story
Videos