ഒയോ റൂംസിന്റെ അന്തകനാകുമോ കൊവിഡ്?

ഒയോ റൂംസിന്റെ അന്തകനാകുമോ കൊവിഡ്?
Published on

ഹോട്ടല്‍ മേഖലയില്‍ യൂണികോണ്‍ കമ്പനിയായി അതിവേഗം വളരുകയും രാജ്യാന്തര തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്ത ഒയോ റൂംസിന്റെ പതനത്തിനുള്ള അവസാന ആണിയാകുമോ കൊവിഡ് 19?

കമ്പനിയുടെ അനുദിനം മോശമാകുന്ന സാമ്പത്തിക സ്ഥിതിക്കൊപ്പം കൊവിഡ് 19 നെ തുടര്‍ന്ന് ഹോട്ടല്‍ മേഖല നിശ്ചലമാകുകയും ചെയ്തതോടെ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാമെന്ന സ്ഥിതിയിലായിരിക്കുന്നു ഒയോ റൂംസ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച കമ്പനി സ്ഥാപകന്‍ 26 കാരനായ റിതേഷ് അഗര്‍വാള്‍ ജീവനക്കാര്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തില്‍ കമ്പനിയുടെ സ്ഥിതി മോശമായി വരികയാണെന്ന് സമ്മതിച്ചു. കുറച്ചു ആഴ്ചകളായി 50 മുതല്‍ 60 ശതമാനം വരെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചതായും കടുത്ത പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറയുന്നു. നിയന്ത്രിക്കാനാവുന്ന എല്ലാ ചെലവുകളും ഒയോ കുറയ്ക്കുമെന്നും മുലധന ചെലവും ഏറ്റെടുക്കലുകളും പരമാവധി ഒഴിവാക്കുമെന്നും റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കുന്നു.

പ്രതിസന്ധിയില്‍ ഒയോ

പ്രതിസന്ധിയെ തുടര്‍ന്ന് കൊവിഡ് 19 ന് മുമ്പ് തന്നെ കമ്പനി അയ്യായിരത്തോളം ജീവനക്കാരെ ഒയോ റൂംസിന്റെ മാതൃകമ്പനിയായ ഒറാവല്‍ സ്റ്റേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പിരിച്ചു വിട്ടിരുന്നു. എന്നാല്‍ കാല്‍ ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്ന് ഇനി പിരിച്ചു വിടല്‍ ഉണ്ടാകില്ലെന്നാണ് കമ്പനി പറയുന്നത്.

മൂന്നു വര്‍ഷത്തിനുള്ള ലോകത്തിലെ മുന്‍നിര ഹോട്ടല്‍ ശൃംഖലയായി മാറാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയ ഒയോ നിലവിലുള്ള ബിസിനസ് തന്നെ ഇല്ലാതാകുന്നുവെന്ന വന്‍ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആയിരം കോടി ഡോളര്‍ മൂല്യമുള്ള കമ്പനിക്ക് വലിയ ക്ഷതമാണ് ഇതുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

കൊവിഡിന് മുമ്പു തന്നെ, തങ്ങളുടെ ബിസിനസിന്റെ സിംഹഭാഗവും നടക്കുന്ന ഇന്ത്യയിലും ചൈനയിലും ഒയോ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും പേമെന്റ് വൈകുന്നതിലും അസ്വസ്ഥരാണ് ഒയോ പാര്‍ട്ണര്‍മാരായ ഹോട്ടല്‍ മാനേജ്‌മെന്റ്.

നിക്ഷേപകരും വിദഗ്ധരും ഒയോയുടെ മുന്നുംപിന്നും നോക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് ധനസഹായം നല്‍കുന്ന ഒയോയുടെ ബിസിനസ് മോഡലിനെ കുറിച്ചും വിമര്‍ശനമുയരുന്നുണ്ട്. സോഫ്റ്റ് ബാങ്ക് ധനസഹായം നല്‍കുന്ന മറ്റൊരു കമ്പനിയായ വിവര്‍ക്കിന്റെ പാതയില്‍ തന്നെയാണ് ഒയോ എന്നുമാണ് വിമര്‍ശനം. കഴിഞ്ഞ സെപ്തംബറില്‍ ഐപിഒ നടത്താന്‍ പദ്ധതിയിട്ട് പരാജയപ്പെട്ടതാണ് വി വര്‍ക്ക്.

പ്രവര്‍ത്തന ചെലവുകള്‍ നിയന്ത്രിച്ചും ഹോട്ടല്‍ സപ്ലൈയര്‍മാരില്‍ നിന്ന് കൂടുതല്‍ വരുമാനം നേടിയും മോശം പ്രകടനം കാഴ്ചവെക്കുന്ന പ്രോപ്പര്‍ട്ടികള്‍ ഒഴിവാക്കിയും നിലവിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലായിരുന്നു ഒയോ.

ഇരട്ട പ്രഹരമായി കൊവിഡ് 19

എന്നാല്‍ തിരിച്ചു കയറാവുന്ന സ്ഥിതിയില്‍ നിന്നും വലിയൊരു ദുരന്തത്തിലേക്കാണ് കൊവിഡ് ഒയോയെ കൊണ്ടെത്തിച്ചത്. ചുരുങ്ങിയത് അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും ആളുകള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുമെന്ന സ്ഥിതിയുണ്ട്. കോടിക്കണക്കിനാളുകള്‍ വരുമാന നഷ്ടം നേരിട്ടു കൊണ്ടിരിക്കെ എളുപ്പത്തില്‍ ഒഴിവാക്കുന്നത് ഇത്തരത്തിലുള്ള യാത്രകളായിരിക്കും.

ആഗോളതലത്തില്‍ തന്നെ ട്രാവല്‍ & ഹോസ്പിറ്റാലിറ്റി മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി പെട്ടെന്ന് മാറില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബജറ്റ് ഹോട്ടലുകള്‍ നല്‍കുന്ന, ഒയോ നേരിടുന്ന മറ്റൊരു വെല്ലുവിളി, കമ്പനിയുടെ ഉപഭോക്താക്കള്‍ കുറഞ്ഞ വരുമാനക്കാരാണ് എന്നതാണ്. അവര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ജോലി നഷ്ടമാകുകയും വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്യുക.

മാത്രവുമല്ല, ഒയോ നേരത്തെ തന്നെ നഷ്ടത്തിലുമാണ്. മിക്ക ഹോട്ടല്‍ ശൃംഖലകളും ലാഭം നേടിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 951 ദശലക്ഷം ഡോളര്‍ (ഏകദേശം 7275 കോടി രൂപ) വരുമാനമുള്ള ഒയോയുടെ നഷ്ടം 335 ദശലക്ഷം ഡോളര്‍ (ഏകദേശം 2563 കോടി രൂപ) ആയിരുന്നു.

ബിസിനസ് മോഡല്‍

പരമ്പരാഗതമായ ഹോട്ടല്‍ ശൃംഖലകളില്‍ നിന്ന് വ്യത്യസ്തമായി നെറ്റ് വര്‍ക്കിലൂടെ ശക്തരായി തീര്‍ന്ന ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പാണ് ഒയോ. സ്വതന്ത്ര ഹോട്ടലുകളുമായി ധാരണയിലെത്തുകയും ആകര്‍ഷകമായ ഓഫറുകളിലൂടെ ഉപഭോക്താക്കളെ അങ്ങോട്ട് ആകര്‍ഷിക്കുകയുമാണ് ചെയ്യുക. വിപണിയില്‍ ശക്തമായ സാന്നിധ്യമായ ശേഷം വന്‍തോതില്‍ മൂലധന നിക്ഷേപം നടത്തി മൂല്യം വര്‍ധിപ്പിക്കുകയും എതിരാളികളെ അപ്രസക്തരാക്കി വിപണിയില്‍ നിന്ന് വന്‍ലാഭം നേടിയെടുക്കുകയും ചെയ്യാമെന്നാന്നു ഒയോ ചിന്തിച്ചത്.

ഹോട്ടലുകളെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്നതിനും സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാര്‍ക്കുമായി മൂന്നു ബില്യണ്‍ ഡോളറാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒയോ ചെലവിട്ടത്. രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായതിനു പിന്നാലെ 79 രാജ്യങ്ങളിലേക്ക് കൂടി ഒയോ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. യുഎസിലും ഹോളണ്ടിലും ഹോട്ടലുകള്‍ വിലയ്ക്ക് വാങ്ങി. 2017 ല്‍ ആദ്യമായി അവതരിപ്പിച്ചതിനു പിന്നാലെ ചൈനയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയായി മാറാന്‍ ഒയോയ്ക്ക് ഒന്നര വര്‍ഷം മാത്രമാണ് വേണ്ടി വന്നത്.

സ്ഥിതി പരുങ്ങലില്‍

എന്നാല്‍ കൊവിഡ് 19 രംഗപ്രവേശം ചെയ്തതോടെ അതു വരെ ഒയോ റൂംസ് കനത്ത വില കൊടുത്ത് നേടിയ വിപണിയിലെ മേധാവിത്തം, ലാഭം ഉണ്ടാക്കിത്തുടങ്ങുന്നതിനു മുമ്പു തന്നെ അവസാനിച്ചു. കൈവിട്ട ഈ കളിയില്‍ ഒയോയുടെയും സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപകരുടെയും സ്ഥിതി പരുങ്ങലിലാക്കുകയും ചെയ്തു. ചൈനയിലും യുഎസിലും യൂറോപ്പിലുമെല്ലാം ഇതേ പ്രതിസന്ധി കമ്പനി നേരിടുന്നു. ചൈനയിലും ഒയോയ്ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാനാവാത്തതിനാല്‍ ഹോട്ടലുകള്‍ പിന്‍വലിയുകയാണ്. മാത്രമല്ല, ആളുകള്‍ മറ്റു മികച്ച ഹോട്ടല്‍ ശൃംഖലകളെ ആശ്രയിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതിനു പുറമേ ഒയോയ്ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ പലരും വിട്ടു പോകുകയും ചെയ്തു. 8000-9000 ജീവനക്കാരുണ്ടായിരുന്ന ഒയോയ്ക്ക് ചൈനയില്‍ ഇപ്പോഴുള്ളത് മൂവായിരത്തില്‍ താഴെ പേര്‍ മാത്രമാണ്.

ചൈന ഒയോയെ സംബന്ധിച്ച് മികച്ച വിപണിയല്ലെങ്കിലും സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആയിരിക്കുന്ന സമയത്ത് ചൈനീസ് വിപണിയാണ് ആശ്രയം. കൊവിഡില്‍ നിന്ന് ഒരു പരിധി വരെ മുക്തമായ ചൈനയിലെ ആഭ്യന്തര ടൂറിസം മേഖല വരും മാസങ്ങളില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജീവനക്കാരെ കുറച്ചും ലാഭം തരുന്ന പ്രോപ്പര്‍ട്ടിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും കൂടുതല്‍ മൂലധനം കണ്ടെത്തിയും മാത്രമാണേ ഓയോയ്ക്ക് മുന്നോട്ട് പോകാനാകൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രക്ഷകനാകുമോ സോഫ്റ്റ് ബാങ്ക്?

കഴിഞ്ഞ വര്‍ഷം റിതേഷ് അഗര്‍വാള്‍ രണ്ടു ബില്യണ്‍ ഡോളറാണ് കമ്പനിയില്‍ നിക്ഷേപിച്ചത്. 700 ദശലക്ഷം ഡോളര്‍ പുതു നിക്ഷേപമായി കൊണ്ടു വന്നപ്പോള്‍ ലൈറ്റ് സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സെക്വേയ കാപിറ്റല്‍ ഇന്ത്യ എന്നിവരില്‍ നിന്ന് ഓഹരി തിരികെ വാങ്ങുന്നതിനായാണ് 1.3 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചത്. ഇതോടെ കമ്പനിയില്‍ റിതേഷിന്റെ ഓഹരി 27 ശതമാനമായി. സോഫ്റ്റ് ബാങ്ക് സ്ഥാപകനും സുഹൃത്തുമായ മസയോഷി സണിന്റെ ഉറപ്പില്‍ ജപ്പാന്‍ ബാങ്കുകള്‍ നല്‍കിയ വായ്പകളിലൂടെയാണ് റിതേഷ് ഈ തുക കണ്ടെത്തിയത്. ഒയോ റൂംസിന്റെ ഓഹരികളാണ് ഈടായി നല്‍കിയത്. ഈ ഓഹരികളുടെ മൂല്യം വര്‍ധിക്കുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കുള്ളത്. എന്നാല്‍ ഒയോ റൂംസിനേക്കാള്‍ മികച്ച സാമ്പത്തിക സ്ഥിതിയുള്ള മറ്റു കമ്പനികളുടെ മൂല്യത്തില്‍ വലിയ ഇടിവാണ് കൊവിഡ് കാലത്ത് ഉണ്ടായിരിക്കുന്നത്. മാരിയറ്റ് ഇന്റര്‍നാഷണല്‍, ഹില്‍ട്ടണ്‍ എന്നിവയുടെ ഓഹരി വിലയില്‍ 40 ശതമാനവും ചൈനീസ് കമ്പനിയായ ഹുവാഷു ഹോട്ടല്‍സ് ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ 30 ശതമാനവും എയര്‍ബിഎന്‍ബിയുടെ മൂല്യം 16 ശതമാനവും കുറഞ്ഞു.

കൊവിഡ് 19 ന് ശേഷം അടുത്ത ഒന്ന്-ഒന്നര വര്‍ഷത്തിനുള്ളില്‍ വലിയൊരു തുക മൂലധനമായി സമാഹരിക്കാനായാല്‍ മാത്രമേ ഒയോയ്ക്ക് നിലനില്‍പ്പുണ്ടാകൂ. ഇത്തരം റിസ്‌കിന് ചില രാജ്യാന്തര നിക്ഷേപകര്‍ തയാറെടുത്തേക്കാമെങ്കിലും സോഫ്റ്റ് ബാങ്കിന്റെ ഉറപ്പ് ഇതിനായി വേണ്ടി വന്നേക്കാം. രണ്ടു ബില്യണ്‍ ഡോളറോളം ഇതിനകം ഒയോയില്‍ നിക്ഷേപിച്ച സോഫ്റ്റ് ബാങ്കിന്റെ കൈയിലാണ് കമ്പനിയുടെ 48 ശതമാനം ഓഹരികളും. അതേസമയം സോഫ്റ്റ് ബാങ്കിന് 50 ശതമാനത്തിലേറെ ഓഹരി സ്വന്തമാക്കണമെങ്കില്‍ അതിന് റിതേഷ് അഗര്‍വാളിന്റെ അനുമതി തേടേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം അതിന് തയാറായേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com