പാക്ക് കറന്‍സി നിലംപൊത്തുന്നു, കറാച്ചി മാര്‍ക്കറ്റില്‍ കോഴിയിറച്ചി വില 800 രൂപ! പാപ്പരത്തത്തിന് അരികെ അയല്‍രാജ്യം

ഒരു കിലോ അരിയുടെ വില കറാച്ചിയിലെയും ലാഹോറിലെയും മാര്‍ക്കറ്റുകളില്‍ 340 രൂപയ്ക്ക് മുകളിലായി. ഒരു കിലോ കോഴിയിറച്ചിക്ക് കൊടുക്കേണ്ടത് 800 രൂപയാണ്
pakistan currency
x.com/CMShehbaz, Canva
Published on

പഹല്‍ഗാം തീവ്രവാദി ആക്രണത്തിനു ശേഷം ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. സിന്ധു നദിയില്‍ നിന്നുള്ള ജലം തടഞ്ഞും പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചും ഇന്ത്യ തിരിച്ചടിക്കുകയാണ്. അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമായ അവസ്ഥയിലാണ്. ഇന്ത്യയുടെ പടപ്പുറപ്പാട് പാക്കിസ്ഥാനില്‍ ഭയത്തിന്റേതായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുദ്ധത്തിലൂടെ തിരിച്ചടിക്കുമെന്ന് പറയുമ്പോഴും പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി അതിദയനീയമാണ്. വിദേശനാണ്യ ശേഖരം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ലഭ്യത നിലച്ചതോടെ ആരോഗ്യരംഗത്തും പാക്കിസ്ഥാന്‍ നിലയില്ലാക്കയത്തിലാണ്.

ഇപ്പോഴിതാ പാക്കിസ്ഥാന്‍ കറന്‍സി കൂപ്പുകുത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ രൂപയ്ക്കും ക്ഷീണമുണ്ടെങ്കിലും വലിയതോതിലുള്ള പ്രശ്‌നങ്ങളില്ല. എന്നാല്‍ പാക്കിസ്ഥാന്റെ അവസ്ഥ അത്ര സുരക്ഷിതമല്ല. പാക് കറന്‍സിയുടെ മൂല്യം ഓരോ ദിവസം ചെല്ലുന്തോറും ഇടിയുകയാണ്.

മേഖലയില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാക് കറന്‍സി ഏറെ താഴെയാണ്. ഭീകരവാദം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ കറന്‍സിയേക്കാള്‍ പിന്നിലാണ് പാക് കറന്‍സിയുടെ മൂല്യം. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ഇറാഖ് എന്നീ രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് താഴെയാണ് പാക് കറന്‍സി.

യു.എസ് ഡോളറുമായി പാക്കിസ്ഥാന്‍ കറന്‍സിയുടെ വിനിമയ മൂല്യം 306.33 ആണ്. അതായത് ഒരു യു.എസ് ഡോളര്‍ വാങ്ങാന്‍ 307 പാക്കിസ്ഥാന്‍ രൂപ കൊടുക്കേണ്ടിവരും. ഇന്ത്യയിലിത് 85 രൂപയാണ്. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ആഭ്യന്തര കലാപങ്ങളും പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ പാക്കിസ്ഥാനെ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.

തിരിച്ചുവരവ് സൂചനയ്ക്കിടെ തിരിച്ചടി

കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയനിധി പാക്കിസ്ഥാന് രണ്ട് ബില്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി പണപ്പെരുപ്പം 0.7 ശതമാനം കുറഞ്ഞിരുന്നു. പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്ന് തോന്നിച്ചിടത്താണ് പഹല്‍ഗാം കൂട്ടക്കൊല ഉണ്ടാകുന്നതും ഇതിനു പിന്നില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നതും.

വിലക്കയറ്റം വീണ്ടും പിടിവിട്ട് ഉയരാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അരി, പച്ചക്കറി, പഴം, ചിക്കന്‍ എന്നിവയുടെ വില അതിവേഗം കുതിക്കുകയാണ്. ഒരു കിലോ അരിയുടെ വില കറാച്ചിയിലെയും ലാഹോറിലെയും മാര്‍ക്കറ്റുകളില്‍ 340 രൂപയ്ക്ക് മുകളിലായി. ഒരു കിലോ കോഴിയിറച്ചിക്ക് കൊടുക്കേണ്ടത് 800 രൂപയാണ്.

പഹല്‍ഗാം സംഭവത്തിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി പാക്കിസ്ഥാന്റെ വളര്‍ച്ചാനിരക്ക് 2.6 ശതമാനമായിരിക്കുമെന്നായിരുന്നു വിലയിരുത്തിയത്. ജനുവരിയിലെ 3 ശതമാനത്തിന്റെ അനുമാനത്തില്‍ നിന്നായിരുന്നു ഈ കുറവ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ തളര്‍ച്ച സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ കൃഷിയില്‍ നിന്നുള്ള വരുമാനവും ഇടിയും. പാക്കിസ്ഥാന് വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പങ്കാണുള്ളത്.

Pakistan's currency plunges below Afghanistan's value amid economic collapse and soaring food prices after rising tensions with India

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com