

കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിനിടയിലും ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്. ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നതിന് ശേഷം തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണി ലാഭക്കച്ചവടം തുടരുന്നത്. കശ്മീര്‍ ഭീകരാക്രമണം വിപണിയെ സാരമായി ബാധിക്കില്ലെന്നും ഇപ്പോഴത്തെ മുന്നേറ്റം തുടരുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഇത്തരം പ്രത്യാക്രമണങ്ങള്‍ ഉണ്ടായാല്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും നിക്ഷേപകര്‍ ഉത്കണ്ഠയിലാണ്.
കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ പ്രത്യാക്രമണം ഉണ്ടായാല്‍ അതിന്റെ പ്രതിഫലനം വിപണിയിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരുപക്ഷേ ഹ്രസ്വകാല ചാഞ്ചാട്ടം വിപണിയില്‍ ഉണ്ടായേക്കാം. എന്നാല്‍ പൂര്‍ണ തോതിലുള്ള യുദ്ധത്തിലേക്ക് പോകാതിരിക്കുന്നിടത്തോളം പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. റഷ്യ-യുക്രെയിന്‍ യുദ്ധവും ട്രംപിന്റെ താരിഫ് പ്രതിസന്ധിയും ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി മറികടന്നതിന് എല്ലാവരും സാക്ഷികളാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ 1999ല്‍ പാകിസ്ഥാനുമായി യുദ്ധമുണ്ടായ സാഹചര്യമല്ല ഇപ്പോഴത്തേതെന്നും വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ ജി.ഡി.പി പത്ത് മടങ്ങ് വര്‍ധിച്ചു. പ്രതിസന്ധികളെ നേരിടാന്‍ വിപണി കൂടുതല്‍ സജ്ജമാണെന്നും വിദഗ്ധര്‍ പറയുന്നു.
സൈനിക നടപടിയുണ്ടായാല്‍ വിപണിയില്‍ അതിന്റെ പ്രതിഫലനം പെട്ടെന്നായിരിക്കും. വളരെ പെട്ടെന്ന് തിരികെയുമെത്തും. 1999ലെ കാര്‍ഗില്‍ യുദ്ധത്തോടെ ഇടിഞ്ഞ വിപണി 2000ന്റെ തുടക്കത്തില്‍ 30 ശതമാനത്തോളമാണ് കുതിച്ചുകയറിയത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിരോധ, എണ്ണ-ഊര്‍ജ മേഖലയിലെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രിയമുള്ളതായി മാറാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളുന്നില്ല. കൂടാതെ വിദേശ നിക്ഷേപകര്‍ ലാഭമെടുപ്പ് വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാല്‍ വിപണി അടുത്ത ദിവസങ്ങളില്‍ തിരുത്തലിലേക്ക് മാറാനുള്ള സാഹചര്യമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഇത്തരം സംഭവങ്ങളില്‍ ഓഹരി വിപണി എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കാന്‍ മുന്‍കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. 2019 ഫെബ്രുവരി 19ന് ഇന്ത്യന്‍ വ്യോമസേന പാക് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോള്‍ സെന്‍സെക്‌സ് 239 പോയിന്റും നിഫ്റ്റി 44 പോയിന്റുകളും ഇടിഞ്ഞിരുന്നു. എന്നാല്‍ പിറ്റേദിവസം ശക്തമായി തിരിച്ചുവന്ന വിപണിയില്‍ തുടക്കത്തില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും ഫ്‌ളാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. 2019 പുല്‍വാമ ആക്രമണത്തിന് ശേഷവും സമാനമായ തിരുത്തല്‍ വിപണിയില്‍ പ്രകടമായിരുന്നു. 2016ലെ ഉറി ആക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ സെന്‍സെക്‌സ് 400 പോയിന്റും നിഫ്റ്റി 156 പോയിന്റും നഷ്ടം നേരിട്ടിരുന്നു.
എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വിപണി പ്രതീക്ഷകളെല്ലാം തെറ്റിച്ചു. ആക്രമണം നടന്ന രണ്ട് ദിവസങ്ങളിലും വിപണിയില്‍ വ്യാപാരം പൊടിപൊടിച്ചു. രണ്ട് ദിവസത്തിനിടെ സെന്‍സെക്‌സ് 400 പോയിന്റുകളുടെയും നിഫ്റ്റി 100 പോയിന്റുകളുടെയും നേട്ടമുണ്ടാക്കി. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് മൂന്ന് മാസം കൊണ്ട് സെന്‍സെക്‌സ് 1,115 പോയിന്റും നിഫ്റ്റി 319 പോയിന്റും ഉയര്‍ന്നു.
Market experts warn that the Pahalgam terror attack, which killed 26 tourists, may trigger short-term volatility in Indian equities amid fears of geopolitical retaliation.
Read DhanamOnline in English
Subscribe to Dhanam Magazine