വീട് പെയിന്റടിക്കാൻ ചെലവേറും; വില വർധിപ്പിച്ച് കമ്പനികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് എല്ലാ വിഭാഗങ്ങളിലും 0.7 മുതല്‍ ഒരു ശതമാനം വരെ വില വർദ്ധനവ് ഏര്‍പ്പെടുത്തി. ഏകദേശം 12 മാസങ്ങള്‍ക്ക് ശേഷമാണ് വില വർധനവ് കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയില്‍ ഒരു ശതമാനം വരെ വില വർദ്ധനവ് ബെര്‍ജര്‍ പെയിന്റ്സും ഏര്‍പ്പെടുത്തുന്നുണ്ട്. ഉല്‍പ്പാദന ചെലവ് വര്‍ധിക്കുന്നതാണ് പെയിന്റ് വില വര്‍ധനവിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി വില്‍പ്പന കൂട്ടാന്‍ പെയിന്റ് കമ്പനികൾ വില കുറയ്ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് കമ്പനികളുടെ മൂല്യവർദ്ധനയും വോളിയം വളർച്ചയും തമ്മില്‍ കാര്യമായ അന്തരത്തിന് കാരണമായി. ഉത്സവ സീസണിനു മുമ്പാണ് '' പലപ്പോഴും പെയിന്റ് കമ്പനികൾ വില വർധിപ്പിക്കാറുളളത്. എന്നാല്‍ ഇത്തവണ മഴക്കാലം സജീവമാകുന്നതിന് തൊട്ടുമുമ്പാണ് വർധനയുണ്ടായിരിക്കുന്നത്.
മാർച്ച് പാദത്തിൽ ഏഷ്യൻ പെയിന്റ്സിന്റെ മൊത്ത വരുമാനത്തില്‍ കുറവ്
12 മുതൽ 18 മാസം വരെ വില കുറച്ചതിന് ശേഷമാണ് കമ്പനികൾ ഇപ്പോൾ വില വർധന നടപ്പാക്കുന്നത്. സാധാരണയായി വിപണിയിലെ വമ്പന്‍ എന്ന നിലയില്‍ ഏഷ്യൻ പെയിന്റ്സ് നടപ്പാക്കുന്ന ട്രെന്‍ഡ് ആണ് മറ്റ് കമ്പനികൾ പിന്തുടരുന്നത്. മാർച്ച് പാദത്തിൽ ഏഷ്യൻ പെയിന്റ്സിന്റെ അറ്റാദായം 1,275 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ 8,787.34 കോടിയിൽ നിന്ന് 0.64 ശതമാനം കുറഞ്ഞ് 8,730.76 കോടി രൂപയായി.
അനുകൂലമായ മൺസൂൺ പ്രവചനം വില്‍പ്പന കൂട്ടുമെന്ന് പ്രതീക്ഷ
ഡിമാന്‍ഡ് കുറഞ്ഞതും പ്രീമിയം സെഗ്‌മെന്റിൽ വില്‍പ്പന കുറഞ്ഞതും വരുമാനത്തിലെ ഇടിവിന് കാരണമായതായി ഏഷ്യൻ പെയിന്റ്സ് വിലയിരുത്തുന്നു. ഉപഭോക്താവ് ചെലവേറിയതിൽ നിന്ന് കൂടുതൽ വിലകുറഞ്ഞ ബദലുകളിലേക്ക് മാറുന്ന ഡൗൺട്രേഡിംഗ് പ്രവണത കാണപ്പെടുന്നതായും കമ്പനി പറയുന്നു. ഡിമാൻഡ് അവസ്ഥ കുതിച്ചുയരാൻ അനുകൂലമായ മൺസൂൺ പ്രവചനം ഇടയാക്കുമെന്ന ആത്മവിശ്വാസമാണ് കമ്പനി പ്രകടിപ്പിക്കുന്നത്.
ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്നലെ 1.40% ഉയർന്ന് 2,945.75 രൂപയിൽ എത്തിയിരുന്നു. ബെർജർ പെയിന്റ്സ് ഓഹരികള്‍ 3 ശതമാനം ഉയർന്ന് 529.55 രൂപയിലും എത്തിയിരുന്നു. ഇൻഡിഗോ പെയിന്റ്സ് (11%), സിർക്ക പെയിന്റ്സ് ഇന്ത്യ (5.62%), കൻസായി നെറോലാക് പെയിന്റ്സ് (3.40%), ഷാലിമാർ പെയിന്റ്സ് (1.24%) അക്‌സോ നൊബേൽ ഇന്ത്യ (0.70%) എന്നിവയുടെ ഓഹരികളിലും വര്‍ധനവ് രേഖപ്പെടുത്തി.

Related Articles

Next Story

Videos

Share it