

പെഗല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതിലൂടെ പാകിസ്ഥാന് ഭീമമായ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമപാത ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഭീമമായ ഓവര്‍ഫ്‌ളൈറ്റ് ഫീസ് നഷ്ടമാകുന്നതിലൂടെയാണിത്. പ്രതിദിനം ഏകദേശം രണ്ട് കോടിയോളം രൂപയുടെ നഷ്ടമാണ് ഇതിലൂടെ പാകിസ്ഥാനുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.
പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച മുതലാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വ്യോമപാത ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ വിലക്കിയത്. ഇത് ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, മധ്യേഷ്യ, മിഡില്‍ ഈസ്റ്റ് മേഖലകളിലേക്കുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ഇവിടങ്ങളിലേക്ക് പറക്കാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. ഇത് യാത്രാ ചെലവിലും വര്‍ധനയുണ്ടാക്കും. വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെങ്കിലും കോടികളുടെ നഷ്ടമാണ് ഇതിലൂടെ പാകിസ്ഥാന് സംഭവിക്കുന്നത്. ഒരു ബോയിംഗ് 737 വിമാനം പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ ഏകദേശം 580 ഡോളര്‍ (ഏകദേശം 50,000 രൂപ) ഓവര്‍ഫ്‌ളൈറ്റ് ഫീസ് നല്‍കേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വലിയ വിമാനങ്ങള്‍ക്ക് ഇതിലും കൂടുതല്‍ നല്‍കണം. 2019ലും പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. ഇതിലൂടെ പ്രതിദിനം രണ്ടുകോടി രൂപയെങ്കിലും പാകിസ്ഥാന് നഷ്ടമായെന്നാണ് പഠനങ്ങള്‍. ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ഫീസ് കൂടി ചേര്‍ത്താല്‍ പ്രതിദിന നഷ്ടം 30,000 ഡോളറാകും (ഏകദേശം 2.5 കോടി രൂപ).
അന്ന് പ്രതിദിനം 400 വിമാനങ്ങളെയാണ് പാക് തീരുമാനം ബാധിച്ചത്. ഇതിലൂടെ ഏകദേശം 100 മില്യന്‍ ഡോളറിന്റെ (ഏകദേശം 850 കോടി രൂപ) നഷ്ടമാണ് മൊത്തത്തില്‍ പാകിസ്ഥാനുണ്ടായതെന്നാണ് കണക്ക്. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും (സി.എ.എ) പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനും(പി.ഐ.എ) ഉണ്ടായ മൊത്ത നഷ്ടമാണിത്. സമാനമായ നഷ്ടം ഇത്തവണയും പാകിസ്ഥാനുണ്ടാകുമെന്നാണ് കരുതുന്നത്. 2019ല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. എങ്ങനെ നോക്കിയാലും നഷ്ടം പാകിസ്ഥാന് തന്നെ.
സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് പാകിസ്ഥാന് നഷ്ടമാകുന്നതെന്നും ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ് പാകിസ്ഥാന്‍ കാട്ടുന്നതെന്നും നരേന്‍ മേനോന്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയായ എക്‌സില്‍ കുറിച്ചു. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് വിലക്കെന്നും വിദേശ വിമാനകമ്പനികളില്‍ നിന്നും പാകിസ്ഥാന് ഇപ്പോഴും വരുമാനം ലഭിക്കുന്നുണ്ടെന്നും ഒരാള്‍ ഇതിന് മറുപടി നല്‍കി. പക്ഷേ ഇന്ത്യയില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള വിമാന സര്‍വീസുകളില്‍ കൂടുതലും ഇന്ത്യന്‍ വിമാനകമ്പനികളാണ് ഓപറേറ്റ് ചെയ്യുന്നതെന്നായിരുന്നു ഇതിനുള്ള സോഷ്യല്‍ മീഡിയയിലെ മറുപടി.
അതേസമയം, ഡല്‍ഹി, അമൃത്സര്‍, ജയ്പൂര്‍, ലഖ്നൗ, വാരണാസി തുടങ്ങിയ ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെ പാക് തീരുമാനം ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഈ വിമാനത്താവളങ്ങളില്‍ നിന്നും പാകിസ്ഥാന്‍ വഴി നേരിട്ടായിരുന്നു വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. പാക് തീരുമാനം വന്നതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമപാത ഒഴിവാക്കിയാണ് പറക്കുന്നത്. കൂടുതല്‍ ദൂരം പറക്കണമെങ്കിലും ഇതിന്റെ പേരില്‍ വിമാനനിരക്ക് കൂടാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തലുകളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine