പാക്കിസ്ഥാന് എണ്ണയില്‍ നിധിശേഖരം? വന്‍ അവകാശവാദവുമായി ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി; കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമോ?

പാക്കിസ്ഥാന് എണ്ണയില്‍ നിധിശേഖരം? വന്‍ അവകാശവാദവുമായി ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി; കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമോ?

ഈ എണ്ണക്കിണറില്‍ നിന്ന് പ്രതിദിനം 2,280 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
Published on

രാജ്യത്തിന്റെ തലവര മാറ്റാന്‍ സാധിക്കുന്ന രീതിയിലുള്ള എണ്ണശേഖരം കണ്ടെത്തിയെന്ന് പാക്കിസ്ഥാന്റെ അവകാശവാദം. പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (OGDCL) ആണ് ഇക്കാര്യം അറിയിച്ചത്.

മുമ്പും ഇത്തരത്തില്‍ അവകാശവാദങ്ങള്‍ പാക്കിസ്ഥാന്‍ ഉന്നയിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമില്ലായിരുന്നു. അടുത്തിടെ അപൂര്‍വ ധാതുക്കളുടെ വലിയ ശേഖരം ഉണ്ടെന്ന് പാക് സൈനിക മേധാവി അസീം മുനീര്‍ അവകാശപ്പെട്ടിരുന്നു. ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹത് നാഷ്പാ ബ്ലോക്കിലാണ് എണ്ണശേഖരം കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡാണ് ഖനനത്തിനും പരിശോധനകള്‍ക്കും നേതൃത്വം നല്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയാണിത്.

അസീം മുനീറിന്റെ പ്ലാനിംഗോ?

ഈ എണ്ണക്കിണറില്‍ നിന്ന് പ്രതിദിനം 2,280 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. നാഷ്പ ബ്ലോക്കില്‍ നിന്നുള്ള ആദ്യത്തെ എണ്ണ, ഗ്യാസ് കണ്ടെത്തലാണിത്. പാക്കിസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, മാരി എന്‍ജിനിയേഴ്‌സ്, ജിഎച്ച്പിഎല്‍, പ്രൈം ഗ്ലോബല്‍ എനര്‍ജീസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്.

ചില തുര്‍ക്കി, യുഎസ് കമ്പനികളുമായി ചേര്‍ന്ന് പാക്കിസ്ഥാന്‍ അടുത്തിടെ എണ്ണഖനനം ശക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന പാക്കിസ്ഥാന് ലഭിച്ച പിടിവള്ളിയാതെന്നാണ് പലരും പറയുന്നത്. സൈനിക മേധാവി അസീം മുനീറിന്റെ കൈയിലേക്ക് പാക്കിസ്ഥാന്റെ അധികാരം അടുത്തിടെ കേന്ദ്രീകരിച്ചിരുന്നു.

യുഎസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി അസീം മുനീര്‍ നടത്തുന്ന നാടകമാണിതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. മുമ്പ് അപൂര്‍വ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയെന്ന് മുനീര്‍ അവകാശപ്പെട്ടിരുന്നു. ഇത് കള്ളമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. പാക്കിസ്ഥാന്റെ ഇത്തരം അവകാശവാദങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുള്ള നീക്കങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com