Begin typing your search above and press return to search.
സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ മിണ്ടരുത്, വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്‍
സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്.ഒ.പി) പുറത്തിറക്കി. ഈ ഉത്തരവനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് ഒരു സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിലും ഇടപെടലുകള്‍ നടത്താന്‍ കഴിയില്ല.
ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ദേശീയ സുരക്ഷയ്ക്കും സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസങ്ങള്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടികാണിച്ചായിരുന്നു പുതിയ ഉത്തരവ്. ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ യശസിനെ ബാധിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍, തീരുമാനങ്ങള്‍, പരമാധികാരം, അന്തസ്സ് എന്നിവയ്ക്കെതിരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക രേഖകളും വിവരങ്ങളും സര്‍ക്കാരുമായി ബന്ധമില്ലാത്ത വ്യക്തികളുമായി പങ്കിടാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളുമായുള്ള പാകിസ്ഥാന്റെ ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു .
പൊതുപ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവരുടെ അഭിപ്രായങ്ങളോ ആശയങ്ങളോ പങ്കിടാന്‍ കഴിയില്ല. ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഫെഡറല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ചീഫ് സെക്രട്ടറിമാര്‍ എന്നിവരോട് ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story