നിത്യച്ചെലവുകള്‍ ഐ.എം.എഫ് സഹായത്തില്‍, എന്നിട്ടും ക്രിപ്‌റ്റോ ഭാഗ്യ പരീക്ഷണത്തിന് പാക്കിസ്ഥാന്‍! ദുരൂഹമായ ട്രംപ് കണക്ഷനില്‍ യു.എസില്‍ അന്വേഷണം

ക്രിപ്‌റ്റോകറന്‍സി ഉദ്യമത്തില്‍ പാക് സൈന്യത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കേണ്ടതാണെന്നും വിദഗ്ധര്‍
Pak Army chief Asim Munir with Pakistan Digital Asset Authority head Bilal Bin Saqib
X / @cryptocouncilpk
Published on

സാമ്പത്തിക രംഗം തകരാതെ പിടിച്ചുനില്‍ക്കുന്നത് ഐം.എം.എഫ് അടക്കമുള്ള ഏജന്‍സികളുടെ സഹായം കൊണ്ടാണെങ്കിലും ക്രിപ്‌റ്റോ കറന്‍സി രംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദ്യ തന്ത്രപരമായ ബിറ്റ്‌കോയിന്‍ ശേഖരം (Strategic Crypto Reserve) കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോകറന്‍സി രംഗത്ത് തന്റെ സഹായിയായി പാക്കിസ്ഥാന്‍ ക്രിപ്‌റ്റോ കൗണ്‍സില്‍ സി.ഇ.ഒ ബിലാല്‍ ബിന്‍ സാഖിബിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിയമിച്ചതിന് പിന്നാലെയാണിത്.

ബിറ്റ്‌കോയിന്‍ ഖനനത്തിനും എ.ഐ ഡാറ്റ സെന്ററിനുമായി 2,000 മെഗാവാട്ട് വൈദ്യുതിയും പാക്കിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി രംഗത്ത് വിദേശ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതായും യു.എസിലെ ലാസ് വെഗാസില്‍ നടന്ന ബിറ്റ്‌കോയിന്‍ 2025 കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ വ്യക്തമാക്കി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഡൊണള്‍ഡ് ട്രംപിന്റെ രണ്ട് പുത്രന്മാരും ഈ ചടങ്ങില്‍ പങ്കെടുത്തുവെന്നതും ശ്രദ്ധേയം.

പാക് ബിറ്റ്‌കോയിന്‍ റിസര്‍വ്

തന്ത്രപരമായ ബിറ്റ്‌കോയിന്‍ ശേഖരം ഒരുക്കുമെന്ന് യു.എസ് പ്രഖ്യാപനം വന്ന് മാസങ്ങള്‍ക്കുള്ളിലാണ് പാക്കിസ്ഥാനും സമാന നീക്കത്തിന് ഇറങ്ങുന്നത്. പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണം, വിദേശ കറന്‍സികള്‍ എന്നിവ ഒഴിവാക്കി ക്രിപ്‌റ്റോകറന്‍സിയില്‍ രാജ്യത്തിന്റെ സമ്പത്ത് സൂക്ഷിക്കാനാണ് യു.എസിന്റെ പദ്ധതി. ബിറ്റ്കോയിന്‍, ഏതര്‍, എക്സ്.ആര്‍.പി, സോലാന, കാര്‍ഡാനോ എന്നീ ക്രിപ്റ്റോ കറന്‍സികളെയാണ് യു.എസ് ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പാക്കിസ്ഥാന്റെ കൈവശമുള്ള ഡിജിറ്റല്‍ സ്വത്തുക്കള്‍ സൂക്ഷിക്കാനാണ് ക്രിപ്‌റ്റോ ശേഖരമെന്നാണ് സാഖിബിന്റെ വിശദീകരണം. എന്നാല്‍ ഇതെങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമല്ല.

പാക്കിസ്ഥാന്റെ ക്രിപ്‌റ്റോ പ്രേമം

ഒരുകാലത്ത് ക്രിപ്‌റ്റോ കറന്‍സികളെ ശക്തമായി എതിര്‍ത്തിരുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടെന്നാണ് പാക്കിസ്ഥാന്‍ നിലപാട് മാറ്റിയത്. 2025 ഏപ്രിലിലെ കണക്ക് പ്രകാരം പാകിസ്ഥാന്റെ പക്കല്‍ 4,63,741 ബിറ്റ്‌കോയിനുണ്ട്. ലോകത്തിലെ ആകെ ബിറ്റ്‌കോയിന്റെ 2.3 ശതമാനമാണിത്. രാജ്യത്ത് 4 കോടി ക്രിപ്‌റ്റോ വാലറ്റുകളുണ്ടെന്നാണ് സാഖിബ് പറയുന്നത്. സാങ്കേതിക വിദ്യയില്‍ ആകൃഷ്ടരായ യുവാക്കളാല്‍ നയിക്കപ്പെടുന്ന പുതിയ പാക്കിസ്ഥാനാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഓഹരി വിപണിയേക്കാളും കൂടുതല്‍

എന്നാല്‍ മറ്റ് ചില കണക്കുകള്‍ പറയുന്നത് പാക്കിസ്ഥാനിലെ രണ്ട് കോടി ആളുകള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ ചെയ്യുന്നുണ്ടെന്നാണ്. രാജ്യത്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം 4.2 ലക്ഷമാണെന്ന് ഓര്‍ക്കണം. ആഗോള ക്രിപ്‌റ്റോ ഇടപാടില്‍ പാക്കിസ്ഥാന് പത്താം സ്ഥാനമാണുള്ളത്. ഈ രംഗത്തെ നിയന്ത്രിച്ച് നികുതി ഈടാക്കാനും കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുമാണ് പാക്കിസ്ഥാന്റെ പദ്ധതി.

ദുരൂഹമായ ട്രംപ് ബന്ധം

അതേസമയം, പാക്കിസ്ഥാന്റെ ക്രിപ്‌റ്റോ പ്രേമത്തിന് പിന്നില്‍ ദുരൂഹമായ ട്രംപ് ബന്ധവും നിലനില്‍ക്കുന്നുണ്ട്. ട്രംപ് കുടുംബത്തിന് 60 ശതമാനം ഓഹരി പങ്കാളിത്തമുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലുമായി പാക്കിസ്ഥാന്‍ ക്രിപ്‌റ്റോ കൗണ്‍സില്‍ കരാറൊപ്പിട്ടിരുന്നു. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ കരാറൊപ്പിടല്‍. ഇതിന് പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ വാദവും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. പാക്കിസ്ഥാന് ബ്ലോക്ക്‌ചെയിന്‍ ടൂളുകളും ഡാറ്റ സെന്ററുകളും നിര്‍മിക്കാനും മറ്റ് സഹായങ്ങള്‍ നല്‍കാനും ട്രംപിന്റെ കമ്പനിയുണ്ടാകും. പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന്റെ (Binance) സ്ഥാപകന്‍ ചാംഗ്പെംഗ് ചാവോ (Changpeng Zhao)യെ മുഖ്യ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നല്ലപേര് സമ്പാദിക്കാനാണ് പാക്കിസ്ഥാന്‍ തിടുക്കപ്പെട്ട് ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇറങ്ങിയതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയെ ബാധിക്കുമോ?

പാക്കിസ്ഥാന്റെ ക്രിപ്‌റ്റോ മോഹങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ക്രിപ്‌റ്റോ നിക്ഷേപത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സാന്നിധ്യം ഭീഷണിയാണെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിപ്‌റ്റോയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ ഭീകരവാദത്തിന് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. 2020ല്‍ അല്‍ ഖ്വയ്ദ, ഐസിസ് തുടങ്ങിയ തീവ്രവാദ സംഘടകനകള്‍ക്ക് ക്രിപ്‌റ്റോ വഴി സഹായമെത്തിയത് യു.എസ് ഏജന്‍സികള്‍ കണ്ടെത്തിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അനധികൃത ഫണ്ടുകള്‍ സൂക്ഷിക്കാനുള്ള എളുപ്പമാര്‍ഗമായി പാക്കിസ്ഥാന്‍ ഇതിനെ ഉപയോഗിക്കുമോയെന്നാണ് ആശങ്ക. ക്രിപ്‌റ്റോ രംഗത്ത് സര്‍ക്കാരിനും സൈന്യത്തിനുമുള്ള പങ്കാളിത്തം വ്യക്തമാക്കണമെന്ന് പാക്കിസ്ഥാനിലെ സാമ്പത്തിക വിദഗ്ധര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

യു.എസില്‍ അന്വേഷണം

അതേസമയം, പാക്കിസ്ഥാനുമായുള്ള ക്രിപ്‌റ്റോ ഇടപാടില്‍ ട്രംപിന് മറ്റെന്തെങ്കിലും താത്പര്യമുണ്ടായിരുന്നോ എന്ന് യു.എസ് സെനറ്റ് പാനല്‍ അന്വേഷിക്കും. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ എല്ലാ ആശയവിനിമയവും ഹാജരാക്കാന്‍ സെനറ്റ് പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിപ്‌റ്റോ ഇടപാടില്‍ ട്രംപിന് താത്പര്യ വൈരുദ്ധ്യമോ (conflict of interest) നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്നാണ് യു.എസ് സെനറ്ററായ റിച്ചാര്‍ഡ് ബ്ലൂമെന്തല്‍ അന്വേഷിക്കുന്നത്.

Pakistan announces its first state-backed Bitcoin reserve at a US event, marking a bold shift in its crypto and economic strategy.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com