

പഹല്‍ഗാം തീവ്രവാദിയാക്രമണത്തിനു പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്നു. ലോകരാജ്യങ്ങളില്‍ നിന്ന് കാര്യമായ അനുകൂല സമീപനം ഉണ്ടാകാത്തതും ഇന്ത്യ ആക്രമണത്തിന് തയാറാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതുമാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. പ്രത്യക്ഷമായി ചൈന മാത്രമാണ് പാക് അനുകൂല സമീപനം എടുത്തിട്ടുള്ളത്. അവര്‍ പോലും വിഷയം രമ്യമായി പരിഗണിക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിക്കുന്നത്. സൈനികപരമായി പാക്കിസ്ഥാനെ സഹായിക്കുമെന്ന ഉറപ്പുപോലും പരസ്യമായി പാക്കിസ്ഥാന് നല്‍കിയിട്ടുമില്ല.
തുര്‍ക്കിയില്‍ നിന്നുള്ള വ്യോമസേന വിമാനം പാക്കിസ്ഥാനിലേക്ക് ആയുധങ്ങളുമായി എത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇന്ധനം നിറയ്ക്കുന്നതിനായിട്ടാണ് തങ്ങളുടെ വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ ഇറങ്ങിയതെന്നാണ് തുര്‍ക്കി പറയുന്നത്. സാമ്പത്തികമായി അത്ര മികച്ച അവസ്ഥയിലല്ല തുര്‍ക്കി. ഗ്രീസ് അടക്കമുള്ള രാജ്യങ്ങള്‍ തുര്‍ക്കിക്ക് എതിരാണ് താനും. അതിനാല്‍ തന്നെ പാക്കിസ്ഥാന്റെ രക്ഷയ്ക്ക് അവര്‍ തയാറാകുമോയെന്ന് കണ്ടറിയണം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാണ്. ഇറാനോ ഖത്തറോ പോലും പാക് അനുകൂല പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഈ രാജ്യങ്ങള്‍ നിശബ്ദത പാലിക്കാനാണ് സാധ്യത. വലിയ പിന്തുണ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് പാക്കിസ്ഥാനു പോലും പ്രതീക്ഷയില്ല.
സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനിലേക്ക് അധികാരമെത്തിയ ശേഷം പാക്കിസ്ഥാനോട് അത്ര അടുപ്പം കാണിക്കാറില്ല. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുമ്പോഴും പാക്കിസ്ഥാനെ ഒരടി അകലെ നിര്‍ത്താനാണ് പലപ്പോഴും മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത്. മുമ്പ് വലിയ തോതില്‍ സാമ്പത്തികസഹായം ഇസ്ലാമാബാദിന് നല്കാന്‍ സൗദി ഭരണാധികാരികള്‍ തയാറായിരുന്നു. എന്നാല്‍ ഇപ്പോഴതും ഏറെക്കുറെ നിലച്ചു.
പാക്കിസ്ഥാനില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമാകാന്‍ ആയുധമെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (balochistan liberation army-BLA) കിട്ടിയ അവസരം മുതലാക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പാക് സൈന്യത്തിനെതിരേ മേഖലയില്‍ നിരന്തര ആക്രമണങ്ങളാണ് ബി.എല്‍.എ നടത്തുന്നത്. 10 പാക് സൈനികരും ഒരു ഐ.എസ്.ഐ ഏജന്റും കഴിഞ്ഞ ദിവസങ്ങളില്‍ ബലൂചിസ്ഥാന്‍ പോരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഈ സായുധ സംഘത്തില്‍ നിന്ന് പ്രതീക്ഷിക്കാം. ഇന്ത്യ-പാക് സംഘര്‍ഷമില്ലാതിരുന്ന സമയത്തു പോലും പാക് സൈന്യത്തിന് വലിയ തലവേദനയായിരുന്നു ഈ സംഘം. ഇപ്പോള്‍ പാക് സൈന്യത്തിന്റെ ശ്രദ്ധ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മാറുമ്പോള്‍ കിട്ടിയ അവസരം ബലൂചിസ്ഥാന്‍ വിമതര്‍ ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ നദീജല പ്രഹരത്തില്‍ പാക്കിസ്ഥാന്‍ വലിയ പ്രശ്‌നത്തിലാണ്. സിന്ധു നദിയില്‍ നിന്നുള്ള ജലമാണ് പാക്കിസ്ഥാനിലെ കാര്‍ഷിക ആവശ്യങ്ങളുടെ 80 ശതമാനവും നിവര്‍ത്തിക്കുന്നത്. ഈ ജലലഭ്യത ഏതാണ്ട് ഇല്ലാതായതോടെ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാനിലെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇന്ത്യയ്‌ക്കെതിരേയാകും പ്രതിഷേധമെങ്കിലും ഇതു തങ്ങള്‍ക്കെതിരേ തിരിയുമെന്ന് പാക് സര്‍ക്കാരിന് ഭയമുണ്ട്.
വിലത്തകര്‍ച്ചയും വരള്‍ച്ചയും മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ പാക് സര്‍ക്കാരിനെതിരേ വലിയ രോഷമുണ്ട്. വെള്ളം കൂടി നിലയ്ക്കുന്നതോടെ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധം വരും ദിവസങ്ങളില്‍ ഉടലെടുത്തേക്കും. ഇന്ത്യന്‍ ഭീഷണിയും സ്വന്തം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പുമെല്ലാം ചേരുമ്പോള്‍ പാക് സര്‍ക്കാര്‍ ഇതിനെ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.
പഹല്‍ഗാം ആക്രമണത്തിനു തൊട്ടുപിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നയതന്ത്രസംഘം കാബൂളിലെത്തി താലിബാന്‍ നേതൃത്വത്തെ കണ്ടിരുന്നു. അടുത്ത കാലത്ത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ കടുത്ത ഭിന്നതയിലാണുള്ളത്. അതിര്‍ത്തി കടന്ന് പാക്കിസ്ഥാനെ ആക്രമിക്കാന്‍ പോലും താലിബാന്‍ തയാറായി. അയല്‍പ്പക്കത്ത് ബംഗ്ലാദേശും ചൈനയും മാത്രമാണ് അല്പമെങ്കിലും പാക്കിസ്ഥാന് അനുകൂല സമീപനം കൈക്കൊള്ളുന്നുള്ളൂ. ബംഗ്ലാദേശ് സാമ്പത്തിക പ്രശ്‌നത്തിലും ചൈന താരിഫ് കുരുക്കിലും പെട്ടതിനാല്‍ ഇവര്‍ എത്രത്തോളം പാക്കിസ്ഥാനെ സഹായിക്കുമെന്ന് കണ്ടറിയണം.
Read DhanamOnline in English
Subscribe to Dhanam Magazine