പെട്രോള്‍, ഡീസല്‍ വില ഒറ്റയടിക്ക് 55 രൂപ കൂട്ടി പാക്കിസ്ഥാന്‍; ഒരു ലിറ്റര്‍ വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും

എണ്ണ ലഭ്യതയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറാന്‍ കമ്പനികളോട് പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍ വില ഒറ്റയടിക്ക് 55 രൂപ കൂട്ടി പാക്കിസ്ഥാന്‍; ഒരു ലിറ്റര്‍ വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തീവ്രത അറിഞ്ഞ് പാക്കിസ്ഥാന്‍. സ്വതവേ ദുര്‍ബലമായ പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത തിരിച്ചടിയാണ് യുദ്ധം സമ്മാനിക്കുന്നത്. ഇപ്പേഴിതാ എണ്ണക്ഷാമം വര്‍ധിച്ചതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധന വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ലിറ്ററിന് 55 രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 321 പാക് രൂപ നല്കണം. ഡീസലിനാകട്ടെ 335 പാക് രൂപയും.

ഇറാനില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് പാക്കിസ്ഥാന്‍ സ്ഥിരമായി എണ്ണ വാങ്ങിയിരുന്നത്. യുദ്ധം കനത്തതോടെ എണ്ണ വിതരണം തടസപ്പെട്ടതും വില കുത്തനെ ഉയര്‍ന്നതുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. എണ്ണവില ഇതുപോലെ തുടര്‍ന്നാല്‍ വിദേശ നിക്ഷേപ ശേഖരം കുത്തനെ ഇടിയുമെന്നാണ് ആശങ്ക.

കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാനില്‍ വിലക്കയറ്റം റോക്കറ്റ് വേഗത്തിലാണ്. 2025ലെ പ്രളയവും ഓപ്പറേഷന്‍ സിന്ദൂറും പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി വറുതിയിലാക്കി.

ഐഎംഎഫ് സമ്മര്‍ദ്ദം

സാമ്പത്തിക പ്രതിസന്ധിയിലായതോടെ രാജ്യാന്തര നാണയനിധിയില്‍ (ഐഎംഎഫ്) നിന്ന് വലിയതോതില്‍ കടമെടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഐഎംഎഫ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. ഇന്ധന വില എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാക് സര്‍ക്കാര്‍ വില കൂട്ടിയത്.

ഇന്ധന ക്ഷാമം മുന്‍കൂട്ടി കണ്ട് പലരും കൂടിയ അളവില്‍ എണ്ണ വാങ്ങിക്കൂട്ടുന്നത് പാക്കിസ്ഥാനില്‍ സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. കരിഞ്ചന്തയില്‍ കൂടിയ വിലയ്ക്ക് എണ്ണ വില്ക്കാനും ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണ ലഭ്യതയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറാന്‍ കമ്പനികളോട് പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഉപഭോഗം പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനിന്നാല്‍ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുമെന്നും ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു.

Pakistan sharply increased petrol and diesel prices by 55 PKR per litre amid oil supply disruptions, IMF pressure, and worsening economic crissis

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com