
പാക്കിസ്ഥാനെയും തുര്‍ക്കിയെയും കൂട്ടുപിടിച്ച് ഇസ്രയേലിനെതിരേ നീക്കം നടത്താമെന്ന ഇറാന്റെ ആഗ്രഹത്തിന് തിരിച്ചടി. ഇറാനുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടക്കാനും എണ്ണ വ്യാപാരം നിര്‍ത്തിവയ്ക്കാനും പാക് സര്‍ക്കാര്‍ തീരുമാനിച്ചതോടെ മേഖലയില്‍ സഖ്യകക്ഷികളെ കൂട്ടാമെന്ന ടെഹ്‌റാന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്പിച്ചിട്ടുണ്ട്. ഇസ്രയേലില്‍ ആണവായുധം പ്രയോഗിക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചുവെന്ന ഇറാന്റെ അവകാശവാദമാണ് പെട്ടെന്നുള്ള പിന്‍മാറ്റത്തിന് കാരണമായതെന്നാണ് സൂചന.
പാക്കിസ്ഥാനുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇറാന്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയാണ് ഇതില്‍ പ്രധാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര റൂട്ട് കൂടിയാണിത്. ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയ സമയത്ത് പാക്കിസ്ഥാന്‍ ഇറാന്‍ അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍ യുദ്ധത്തില്‍ ഇറാന് മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്ന് തോന്നിച്ച സമയത്ത് പതിയെ പിന്‍വലിയുന്ന സമീപനമാണ് പാക് സര്‍ക്കാരില്‍ നിന്നുണ്ടായത്.
ഇസ്രയേലില്‍ ആണവാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്ന ഇറാന്‍ സൈനിക വക്താവിന്റെ വാക്കുകളാണ് പെട്ടെന്ന് പിന്‍വലിയാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇസ്രയേലുമായി നേരിട്ടൊരു ഏറ്റുമുട്ടലുണ്ടായാല്‍ പാക്കിസ്ഥാനത് വലിയ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് പാക്കിസ്ഥാന്‍ കടന്നുപോകുന്നത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ വേറെയും.
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നിന്ന് വലിയ തോതില്‍ അഭയാര്‍ത്ഥി പ്രവാഹം പാക്കിസ്ഥാനിലേക്ക് ഉണ്ടായി. ഇപ്പോള്‍ തന്നെ അഫ്ഗാന്‍ അഭയാര്‍ത്ഥികളാല്‍ ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് ഇറാനില്‍ നിന്നുള്ള വരവും താങ്ങാന്‍ സാധിക്കില്ല. മാത്രമല്ല ഇറാനെ പരസ്യമായി സഹായിക്കുന്ന നിലപാടെടുത്താല്‍ ഇസ്രയേലിന്റെ ശത്രുത ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയവും പാക് ഭരണകൂടത്തിനുണ്ട്.
ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതും പാക്കിസ്ഥാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അതിര്‍ത്തി അടയ്ക്കാനുള്ള നീക്കം ഇറാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാനെയും തുര്‍ക്കിയെയും ഒപ്പംനിര്‍ത്തി ഇസ്രയേലിനെതിരേ യുദ്ധമുന്നണി തുറക്കാനായിരുന്നു ഇറാന്റെ പദ്ധതി. എന്നാല്‍ പാക്കിസ്ഥാന്‍ ഉള്‍വലിഞ്ഞതും തുര്‍ക്കി കാര്യമായ താല്പര്യം കാണിക്കാത്തതും ടെഹ്‌റാന്റെ നീക്കത്തിന് തിരിച്ചടിയായി.
യുദ്ധം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചാല്‍ മലയാളികള്‍ക്ക് അടക്കം തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളില്‍ പരിഭ്രാന്തി ഉയര്‍ന്നു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് മിലിട്ടറി ബേസുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഗള്‍ഫ് മേഖല പ്രഷുബ്ധമാകും. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ നേരിട്ട് ബാധിക്കുകയും ചെയ്യും.
ലക്ഷക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. യുദ്ധം വ്യാപിച്ചാല്‍ ഇവിടങ്ങളില്‍ തൊഴില്‍ അനിശ്ചിതത്വം ഉടലെടുക്കും. ഇതുവഴി തൊഴില്‍ നഷ്ടം വര്‍ധിക്കും. ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ നട്ടെല്ല്. ഈ പണമൊഴുക്ക് കുറഞ്ഞാല്‍ ഇപ്പോഴേ പ്രതിസന്ധിയിലായ കേരളത്തിന് കനത്ത തിരിച്ചടിയാകും.
മറ്റൊരു പ്രതിസന്ധി എണ്ണവിലയുടെ കാര്യത്തിലാണ്. ആഗോള വിപണിയിലേക്കുള്ള ക്രൂഡ്ഓയില്‍ ഒഴുക്ക് കുറയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടി പങ്കാളികളാകുന്ന യുദ്ധം വഴിയൊരുക്കും. അങ്ങനെ സംഭവിച്ചാല്‍ എണ്ണവില കുത്തനെ ഉയരും. ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കൈവിട്ടു പോകാന്‍ ഇതുകാരണമാകും. ഇന്ധനവില വര്‍ധന ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലയെ സ്വാധീനിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine