

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 27 ശതമാനം കുതിച്ചതായി റിപ്പോര്‍ട്ട്. 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് മെയ് ഏഴിന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചത്.
ഇതിന് പിന്നാലെ പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (കെ.എസ്.ഇ) കുത്തനെ ഇടിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ 6 ശതമാനം അല്ലെങ്കില്‍ 6,500 പോയിന്റുകളാണ് നഷ്ടമായത്. വ്യാപകമായ യുദ്ധമുണ്ടാകുമെന്ന പരിഭ്രാന്തി പരന്നതോടെ പല സെക്ടറുകളിലും കൂട്ടവില്‍പ്പനയുണ്ടായി. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇത്. ബാങ്ക്, ഊര്‍ജ്ജം, നിര്‍മാണം തുടങ്ങി എല്ലാ മേഖലയെയും പരിഭ്രാന്തി വില്‍പ്പന (Panic selling) ബാധിച്ചു.
പ്രതിസന്ധി നേരിടാന്‍ കുറച്ച് നേരത്തേക്ക് വ്യാപാരം നിറുത്തിവെക്കേണ്ടിയും വന്നു. വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി, ഐ.എം.എഫ് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പിടിച്ചുനില്‍ക്കുന്ന പാക്കിസ്ഥാന് അടുത്ത കാലത്ത് കിട്ടിയ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടികളിലൊന്നായിരുന്നു ഇത്.
മെയ് ഏഴിന് ശേഷം കുറച്ച് ദിവസങ്ങള്‍ കൂടി വിപണി നഷ്ടം തുടര്‍ന്നെങ്കിലും പിന്നീട് തിരിച്ചുകയറി. നിലവില്‍ 1,39,838 എന്ന നിലയിലാണ് കെ.എസ്.ഇയിലെ വ്യാപാരം നടക്കുന്നത്. മെയ് 7ലെ തിരിച്ചടിക്ക് ശേഷം സൂചിക ഉയര്‍ന്നത് 27 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന് തൊട്ടടുത്താണിത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിക്കുണ്ടായത് 21 ശതമാനം നേട്ടമാണ്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ 77 ശതമാനം റിട്ടേണ്‍ നല്‍കാന്‍ വിപണിക്കായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെടിനിര്‍ത്തലോടെ സംഘര്‍ഷം നീങ്ങി നിക്ഷേപകരില്‍ ആത്മവിശ്വാസം വന്നതും ചുളുവിലക്ക് സെക്ടര്‍ നോക്കി ഓഹരികള്‍ വാങ്ങിക്കൂട്ടിയതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. ഐ.എം.എഫിന്റെ വായ്പ ലഭിച്ചതും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റേറ്റിംഗ് ഉയര്‍ത്തിയതും സഹായകമായി. പലിശ നിരക്കുകള്‍ കുറച്ചതോടെ കൂടുതല്‍ നേട്ടമുള്ള ഓഹരി വിപണിയിലേക്ക് അധിക നിക്ഷേപമെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
The Pakistan Stock Exchange has jumped 27% after Operation Sindoor. Here are the three big drivers—policy moves, rupee gains and foreign flows.
Read DhanamOnline in English
Subscribe to Dhanam Magazine