

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നടപടി കടുപ്പിച്ച ഇന്ത്യയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യന്‍ നിലപാടിനെതിരേ ഷിംല കരാറില്‍ നിന്ന് പിന്മാറിയാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ അനുവദിക്കുന്നതും നിര്‍ത്തലാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.
നയതന്ത്ര തലത്തിലെ സമ്മര്‍ദം മാത്രമാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് നല്‍കിയത്. ഹിന്ദിയില്‍ പ്രസംഗം തുടങ്ങിയ അദ്ദേഹം പാക്കിസ്ഥാന് മുന്നറിയിപ്പായി ഇംഗ്ലീഷിലേക്ക് പ്രസംഗം മാറ്റുകയായിരുന്നു. സൈനികപരമായ നടപടികളുണ്ടായേക്കുമെന്ന സൂചനയായിട്ടാണ് ചിലരെങ്കിലും ഇതിനെ വിലയിരുത്തുന്നത്.
തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ പാക്കിസ്ഥാന്‍ ഇന്ന് വിലക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പാക് വ്യോമമേഖലയിലൂടെയായിരുന്നു പറന്നത്. എന്നാല്‍ യാത്ര പാതിവഴിയില്‍ വെട്ടിച്ചുരുക്കി തിരിച്ചു പറന്നത് ഈ വഴി ഒഴിവാക്കിയായിരുന്നു. മുമ്പ് പത്താന്‍കോട്ട് ഭീകരാക്രമണ സമയത്തും പാക് വ്യോമമേഖലയില്‍ നിയന്ത്രണം വന്നിരുന്നു.
സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. പാക് നീക്കങ്ങള്‍ തടുക്കാന്‍ സജ്ജമാണെന്ന് നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. ഐ.എന്‍.എസ് സൂറത്തില്‍ നിന്നുമാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.
പാക് നാവികസേന കറാച്ചി തീരത്ത് പരിശീലനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. കര-നാവിക-വ്യോമ സേനകള്‍ ഏത് അടിയന്തിര സാഹചര്യത്തെ നേരിടാനും സജ്ജരാണെന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ഒപ്പിട്ട ഷിംല കരാര്‍ റദ്ദാക്കുമെന്നാണ് ഉന്നതതല യോഗത്തിനുശേഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയത്. 1971ല്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ട യുദ്ധത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഷിംല കരാര്‍ ഒപ്പിട്ടത്.
1971ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ ബന്ധങ്ങള്‍ക്ക് പുതിയ ദിശയിലേക്കുള്ള ഒരു ശ്രമമായിരുന്നു ഷിംല കരാര്‍. 1972 ജൂലൈ രണ്ടിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫികാര്‍ അലി ഭൂട്ടോയും ഹിമാചല്‍പ്രദേശിലെ ഷിംലയിലെത്തി ഈ കരാറില്‍ ഒപ്പുവച്ചത്.
ഭാവിയിലുളള യുദ്ധ സാധ്യതകള്‍ ഒഴിവാക്കാനും എല്ലാ പ്രശ്നങ്ങളും സമവായം കൊണ്ടു തന്നെ പരിഹരിക്കുക എന്നതായിരുന്നു കരാര്‍ കൊണ്ട് ഉദ്ദേശിച്ചത്. 1971ലെ യുദ്ധശേഷം നിയന്ത്രണ രേഖ രൂപീകരിക്കുകയും ഇരുരാജ്യങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തു.
ഭാവിയിലുളള എല്ലാ വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ചചെയ്യണമെന്ന നിലപാട് എടുത്തു. പിന്നീട് കശ്മീര്‍ യുദ്ധം അടക്കം വന്നതോടെ ഈ കരാറിന്റെ ഔന്നത്യം തന്നെ ഇല്ലാതായി. ഷിംല കരാറിന് വലിയ പ്രാധാന്യം ഇല്ലെങ്കിലും സിന്ധുനദീ ജല കരാറില്‍ നിന്ന് പിന്മാറുന്ന ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ ഭാവിയില്‍ വലിയ തോതില്‍ ബാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine