
ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാനെ കൂടി കക്ഷിയാക്കാന്‍ ഇറാന്‍ നീക്കം. ഇറാനില്‍ ആണവായുധം പ്രയോഗിക്കാന്‍ ഇസ്രയേല്‍ തുനിഞ്ഞാല്‍ വലിയ പ്രത്യാഘാതം പാക്കിസ്ഥാനില്‍ നിന്ന് നേരിടേണ്ടി വരുമെന്ന് ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗവും സീനിയര്‍ മിലിട്ടറി കമാണ്ടറുമായ മൊഹ്‌സീന്‍ റെസെയിയുടെ മുന്നറിയിപ്പ്.
ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് മൊഹ്‌സീന്റെ അവകാശവാദം. തങ്ങള്‍ക്കെതിരേ അണുവായുധ പ്രയോഗത്തിന് ഇസ്രയേല്‍ തുനിഞ്ഞാല്‍ ടെല്‍ അവീവിലടക്കം അണുവായുധ ആക്രമണം നടത്താമെന്ന് പാക്കിസ്ഥാന്‍ വാക്കുനല്‍കിയിട്ടുണ്ടെന്നാണ് അഭിമുഖത്തില്‍ മൊഹ്‌സീന്‍ അവകാശപ്പെട്ടത്. ഇറാന്‍ സൈന്യത്തിലെ ഉന്നതന്റെ അവകാശവാദം പാക്കിസ്ഥാനെയും വെട്ടിലാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ കൈവശമുള്ള അണുവായുധം സുരക്ഷിതമല്ലെന്നുള്ള ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ ഇറാന്റെ അവകാശവാദം ഗുണം ചെയ്യും. അതേസമയം, ഇറാന് തങ്ങള്‍ യാതൊരു ഉറപ്പും നല്‍കിയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ അണുവായുധം പാക്കിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് വ്യക്തമാക്കി.
മേഖലയുടെ സമാധാനത്തിന് ഇറാന്‍ വലിയ വിലങ്ങു തടിയാണെന്ന് പറയുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പഴയൊരു അഭിമുഖം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ അഭിമുഖത്തില്‍ ഇറാനും പാക്കിസ്ഥാനും ആണവായുധം ലോകസമാധാനത്തിന് ഭീഷണിയാകുന്ന രീതിയില്‍ ഉപയോഗിക്കാന്‍ മടിക്കാത്തവരാണെന്നും ഭീഷണി മറികടക്കാന്‍ മടിക്കില്ലെന്നും നെതന്യാഹു പറയുന്നുണ്ട്.
അതേസമയം, സംഘര്‍ഷം ലഘൂകരിക്കുന്നതായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളഡ്മിര്‍ പുടിനുമായി സംസാരിച്ചിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine