
ഇന്ത്യന്‍ സൈന്യത്തിന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറിയ പാക്കിസ്ഥാന്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഇന്ത്യയില്‍ നിന്നുള്ള ശക്തമായ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പാക്കിസ്ഥാനകത്തു നിന്നുള്ള സായുധസംഘങ്ങള്‍ മുതലെടുക്കുന്നതും ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.
പാക് സൈന്യത്തിനു നേരെ വര്‍ഷങ്ങളായി ആയുധമെടുത്ത് പോരാടുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (balochistan liberation army-BLA) കിട്ടിയ അവസരം കൃത്യമായി മുതലാക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഡസനിലോളം വലുതും ചെറുതുമായ ആക്രമണങ്ങളാണ് അവര്‍ പാക് സൈന്യത്തിനു നേരെ നടത്തുന്നത്.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കാന്‍ ആയുധമെടുത്ത സംഘടനയാണ് ബി.എല്‍.എ. ബലൂചിസ്ഥാന്‍ മേഖലയില്‍ സൈന്യത്തിന് കാര്യമായ സ്വാധീനമില്ലെന്നും ബി.എല്‍.എ തന്ത്രപ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഹൈവേയുടെ നിയന്ത്രണവും അവര്‍ പിടിച്ചതായി വാര്‍ത്തകളുണ്ട്.
ഇന്ത്യയോട് പോരാട്ടത്തിനിറങ്ങുന്ന സമയത്ത് തന്നെ ആഭ്യന്തര പ്രശ്‌നങ്ങളെ നേരിടേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാനില്‍ മാത്രമല്ല അഫ്ഗാന്‍ അതിര്‍ത്തിയിലും അസ്വസ്ഥതയുടെ കാര്‍മേഘമുണ്ട്. അതുകൊണ്ട് തന്നെ സൈനികമായ ശ്രദ്ധ മുഴുവന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ഒപ്പമുണ്ടാകുമെന്ന് കരുതിയ ചൈനയും തുര്‍ക്കിയും അത്ര ഉറച്ച പിന്തുണ നല്കാത്തതും പാക്കിസ്ഥാനെ കുഴയ്ക്കുന്നുണ്ട്.
സ്വതവേ ദുര്‍ബലായ പാക് സമ്പദ്‌വ്യവസ്ഥയ്ക്ക് ചെറിയൊരു യുദ്ധം പോലും താങ്ങാനുള്ള കെല്പില്ല. ഇപ്പോള്‍ തന്നെ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷം പരിധി വിട്ടാല്‍ പാക് സര്‍ക്കാരിനെതിരേ ആഭ്യന്തര കലാപത്തിനുപോലും സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പാക് നഗരങ്ങളില്‍ ഇന്ത്യ വിരുദ്ധ റാലികളില്‍ വലിയതോതില്‍ നടന്നിരുന്നു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സൃഷ്ടിയാണ് ബംഗ്ലാദേശ്. ഇനിയൊരു യുദ്ധം കൂടി സംഭവിച്ചാല്‍ ബലൂചിസ്ഥാന്‍ എന്നൊരു രാജ്യം കൂടി ആഗോള ഭൂപടത്തില്‍ ഉയര്‍ന്നു വന്നേക്കാം. അത്രത്തോളം പാക് വിരുദ്ധത ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്കിടയിലുണ്ട്. പാക് സൈന്യത്തിനുനേരെ അടുത്തിടെ കടുത്ത ആക്രമണങ്ങള്‍ ബി.എല്‍.എയില്‍ നിന്ന് ഉണ്ടാകുന്നതും ഇതുകൊണ്ട് കൂടിയാണ്. ഇനിയൊരു വിഭജനം കൂടി സംഭവിച്ചാല്‍ പാക്കിസ്ഥാനത് താങ്ങാന്‍ സാധിച്ചേക്കില്ല.
ബലൂചിസ്ഥാന്‍ കൊടിയ ദാരിദ്രത്തിലാണെങ്കിലും ഇവിടെ നിന്നുള്ള പ്രകൃതിവിഭവങ്ങളാണ് പാക്കിസ്ഥാനെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തുന്നത്. ബലൂചിസ്ഥാന്‍ സ്വതന്ത്രമാക്കപ്പെട്ടാല്‍ ഈയൊരു സാധ്യത കൂടി ഇല്ലാതാകും പാക്കിസ്ഥാന്.
Read DhanamOnline in English
Subscribe to Dhanam Magazine