പാലക്കാട് തിളക്കുന്നത് ആര്‍ക്കു വേണ്ടി, കോണ്‍ഗ്രസ് കലങ്ങിയത് ഉപകാരപ്പെടുന്നത് സി.പി.എമ്മിനോ ബി.ജെ.പിക്കോ?

ആര്‍ക്കു വേണ്ടിയാണ് ഈ സാമ്പാര്‍ തിളക്കുന്നത്? നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ പാലക്കാട്ടെ രാഷ്ട്രീയം തിളച്ചു മറിയുകയാണ്. ത്രികോണ മത്‌സരം ഉറപ്പായ പാലക്കാട്ട് എല്ലാ പ്രമുഖ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, പതിവുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് ആദ്യമേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പറഞ്ഞിട്ടെന്ത്? തുടക്കത്തില്‍ തന്നെ പാളം തെറ്റല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പി. സരിന്‍ പാര്‍ട്ടി വിട്ടു. ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് മിക്കവാറും ഉറപ്പായിട്ടുമുണ്ട്. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ആയാറാം, ഗയാറാമൊക്കെ സര്‍വസാധാരണം. ഒരു കസേരയുടെ പേരില്‍ ഇടത്, കോണ്‍ഗ്രസാകും. വലത്, കാവിയാകും. കാവി, ചെങ്കൊടിയാകും. ആദര്‍ശം വിഷയമല്ലാതായി മാറിയ രാഷ്ട്രീയത്തില്‍ ഒരാള്‍ പാര്‍ട്ടി മാറിയാല്‍ അമ്പരക്കുന്ന കാലം പോയി.

ഷാഫിയില്‍ നിന്ന് മാങ്കൂട്ടത്തിലേക്ക്

ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നേടിയെടുത്ത സ്വീകാര്യത കൊണ്ട് പാലക്കാട് ഉറച്ച സീറ്റായി ഗണിച്ചു പോന്ന കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാടേ ഇത്തരമൊരു പ്രശ്‌നത്തിലായത്. ഷാഫി പറമ്പിലിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കി ലോക്‌സഭയിലേക്ക് പറഞ്ഞു വിട്ടു. എങ്കിലും പറ്റിയൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഒന്നാം സ്ഥാനത്തു തന്നെ തുടരാമെന്നായിരുന്നു കണക്കു കൂട്ടല്‍. അത് കളഞ്ഞു കുളിച്ചു എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ഇന്നു വരെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഊര്‍ജസ്വലനായൊരു ചെറുപ്പക്കാരന്‍ എതിര്‍ സ്ഥാനാര്‍ഥിയായി വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് തെരഞ്ഞെടുപ്പു ഗോദയില്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും.

മൂന്നാം സ്ഥാനക്കാര്‍ക്ക് കിട്ടിയ വടി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം മാത്രമായിരുന്ന സി.പി.എമ്മിനും ഇടതു മുന്നണിക്കും ഈ കളിയില്‍ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസുകാരനെത്തന്നെ കിട്ടി. കുപ്പായം മാറ്റി, പാര്‍ട്ടിക്കൊടി പിടിപ്പിച്ച് ഇറക്കുകയേ വേണ്ടൂ. മുമ്പൊക്കെ, വരുന്ന പാടേ ഇരുകൈയും നീട്ടി സ്വീകരിച്ച് സ്ഥാനാര്‍ഥിയാക്കുന്ന രീതിയൊന്നും പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെയും അവസരങ്ങളുടെയും കല മാത്രമായിട്ടു മാത്രം കാണാന്‍ സി.പി.എമ്മും ഇടതു മുന്നണിയും എന്നേ പഠിച്ചു കഴിഞ്ഞു. അതുകൊണ്ട് കോണ്‍ഗ്രസുകാരനായ സരിന്, നാളെത്തന്നെ സഖാവ് സരിന്‍ ആയി മാറാന്‍ പ്രയാസമില്ല.

ശ്രീധരന് പകരക്കാരനെ തേടുന്ന ബി.ജെ.പി

പാലക്കാട് കഴിഞ്ഞ തവണ ഇ. ശ്രീധരനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. ഷാഫി പറമ്പിലാണ് ജയിച്ചതെങ്കിലും, ഇടതുമുന്നണി സ്ഥാനാര്‍ഥിയെ തള്ളിമാറ്റി രണ്ടാം സ്ഥാനക്കാരനാകാന്‍ ശ്രീധരന് കഴിഞ്ഞു. അദ്ദേഹം മണ്ഡലത്തില്‍ സൃഷ്ടിച്ചെടുത്ത അനുകൂല സാഹചര്യം മുതലാക്കാന്‍ ബി.ജെ.പി തേടുന്നത് പറ്റിയൊരു സ്ഥാനാര്‍ഥിയെയാണ്. തൃശൂരിന് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, പാലക്കാട്ട് സാധ്യതകളുടെ കല എന്തുകൊണ്ട് പയറ്റിക്കൂടാ? ഈ ചിന്തയുമായി ബി.ജെ.പി നില്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ കുളം കലങ്ങിയത്. കോണ്‍ഗ്രസിന് സംഭവിക്കുന്ന ക്ഷീണം മുതലാക്കാന്‍ എല്‍.ഡി.എഫിനാണോ ബി.ജെ.പിക്കാണോ കഴിയുക? പാലക്കാട്ട് ഇപ്പോള്‍ ഉയരുന്ന ചോദ്യം അതാണ്.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it