

കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ കേരളം പൂര്‍ത്തിയാക്കി. ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിര്‍മ്മാണക്കരാര്‍.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി-സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പടെ 1,316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.
ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.
ചെന്നൈ-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ 2019 ഓഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേരളം 2020 സെപ്റ്റംബറില്‍ തന്നെ ആരംഭിച്ചു.
2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂര്‍ത്തിയാക്കി. 1,152 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് പാലക്കാട് യാഥാര്‍ഥ്യമാകുന്ന സ്മാര്‍ട്ട് സിറ്റി വലിയ മുതല്‍ക്കൂട്ടാവും.
Read DhanamOnline in English
Subscribe to Dhanam Magazine