

പാമോയില്‍ ഇറക്കുമതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടിഞ്ഞത് മൂന്നിലൊന്ന്. ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കു പ്രകാരം 2.75 ലക്ഷം ടണ്‍ മാത്രം. 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. സോള്‍വന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. വെജിറ്റബിള്‍ ഓയില്‍ ഇറക്കുമതിയില്‍ 13 ശതമാനം കുറവാണ് ഉണ്ടായത്. ഒരു വര്‍ഷം മുമ്പ് 12 ലക്ഷം ടണ്‍ ആയിരുന്നത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 10.49 ലക്ഷം ടണ്‍ ആയി.
പാമോയിലിന് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്റ് കുറയുകയാണെന്നും, ആ സ്ഥാനം സോയ ഓയില്‍ ഏറ്റെടുക്കുകയാണെന്നും അസോസിയേഷന്‍ വെളിപ്പെടുത്തി. മലേഷ്യന്‍ പാമോയിലിനേക്കാള്‍ തെക്കേ അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ എണ്ണയിലേക്ക് മാറുകയാണ് വിപണിയും ഉപയോക്താക്കളും. ഒരു വര്‍ഷം കൊണ്ട് സോയാബീന്‍ എണ്ണയുടെ ഇറക്കുമതി ഇരട്ടിച്ചു. 1.88 ലക്ഷം ടണ്‍ ആയിരുന്നത് ഇപ്പോള്‍ 4.44 ലക്ഷം ടണ്‍ ആയിട്ടുണ്ട്. സൂര്യകാന്തി എണ്ണയുടെ വരവില്‍ 31 ശതമാനം വര്‍ധന. ആകെ ഇറക്കുമതി 2.88 ലക്ഷം ടണ്‍.
പാമോയില്‍ ഉല്‍പന്നങ്ങളില്‍ സംസ്‌കരിച്ച പാമോലിന്റെ ഇറക്കുമതി 2.44 ലക്ഷം ടണ്ണില്‍ നിന്ന് വെറും 30,465 ടണ്‍ ആയി കുറഞ്ഞിരിക്കുകയാണ്. അസംസ്‌കൃത പാമോയില്‍ ഇറക്കുമതി 5.32 ലക്ഷം ടണ്ണില്‍ നിന്ന് 2.40 ലക്ഷം ടണ്ണിലെത്തി. നേപ്പാളില്‍ നിന്ന് സംസ്‌കരിച്ച സോയാബീന്‍ എണ്ണയും പാമോയിലും കുറഞ്ഞ വിലക്ക് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവഹിക്കുന്നുണ്ടെന്നും ഇത് വിപണി സാഹചര്യങ്ങള്‍ മാറ്റിമറിക്കുകയാണെന്നും അസോസിയേഷന്‍ വിശദീകരിച്ചു. ഒക്‌ടോബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെയുള്ള മൂന്നു മാസത്തിനിടയില്‍ നേപ്പാളില്‍ നിന്ന് 1.10 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ മാസം പാമോയില്‍ വില ടണ്ണിന് 100 ഡോളര്‍ വരെ കുറഞ്ഞെങ്കിലും സോയാബീന്‍ എണ്ണ കൂടുതല്‍ ആകര്‍ഷകമായി തുടരുന്നു.
ലോകത്ത് ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരും ഉപയോക്താക്കളുമാണ് ഇന്ത്യ. ഫെബ്രുവരി ഒന്നിലെ കണക്കു പ്രകാരം ഭക്ഷ്യഎണ്ണ ശേഖരം 21.76 ലക്ഷം ടണ്‍. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പാമോയില്‍ നല്‍കുന്നത് മലേഷ്യയും ഇന്തോനേഷ്യയുമാണ്. സോയാബീന്‍ കൂടുതലായി എത്തുന്നത് ബ്രസീല്‍, റഷ്യ, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്ന്. സൂര്യകാന്തി എണ്ണയുടെ പ്രധാന ദാതാക്കള്‍ റഷ്യയും യുക്രൈനുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine