പാനും ആധാറും: തീയതി ജൂണ്‍ 30 വരെ നീട്ടി

ആധാറും പാന്‍കാര്‍ഡും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ബന്ധിപ്പിക്കാനുള്ള സമയ പരിധി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) മൂന്നുമാസത്തേക്ക് കൂടി നീട്ടി.2023 ജൂണ്‍ 30 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി.

സാങ്കേതിക തടസ്സങ്ങള്‍

2023 ജൂണ്‍ 30 ന് അകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്നാം തീയതി മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് സിബിഡിടിയുടെ മുന്നറിയിപ്പ്. ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ പലയിടങ്ങളിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടിനല്‍കിയത്.

ആധാറും പാനും ബന്ധിപ്പിക്കാം

ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം. www.incometax.gov.in എന്ന വെബ്‌സൈറ്റില്‍ ക്വിക് ലിങ്ക്‌സിന് കീഴിലുള്ള 'ലിങ്ക് ആധാര്‍ സ്റ്റാറ്റസ്' എന്ന ഓപ്ഷനില്‍ പോയി ആധാറും പാനും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ബന്ധിപ്പിക്കാത്തവര്‍ക്ക് 'ലിങ്ക് ആധാര്‍' എന്ന ഓപ്ഷനില്‍ പ്രവേശിച്ച് ഇതിനുള്ള നടപടി പൂര്‍ത്തീകരിക്കാം.

Related Articles

Next Story

Videos

Share it