ആദ്യം ടാറ്റ, ഇപ്പോള്‍ ഇന്‍ഫോസിസ്: 'രാജ്യതാല്‍പ്പര്യ'ത്തിന്റെ പേരില്‍ വമ്പന്മാര്‍ പ്രതികൂട്ടില്‍

ആഴ്ചകള്‍ക്ക് മുന്നില്‍ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി ടാറ്റ സണ്‍സിനെതിരെ നടത്തിയ പ്രസ്താവനയുടെ അലയൊലി മാറും മുമ്പേ ഇന്‍ഫോസിസിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് ആര്‍ എസ് എസ് മുഖപത്രം
ആദ്യം ടാറ്റ, ഇപ്പോള്‍ ഇന്‍ഫോസിസ്: 'രാജ്യതാല്‍പ്പര്യ'ത്തിന്റെ പേരില്‍ വമ്പന്മാര്‍ പ്രതികൂട്ടില്‍
Published on

രാജ്യത്തെ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനും വളരാനും വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും, ഇന്ത്യയുടെ അഭിമാനമായ ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനികള്‍ 'രാജ്യതാല്‍പ്പര്യത്തിന്റെ' പേരില്‍ പ്രതിക്കൂട്ടിലാകുന്നു.

ഇന്‍ഫോസിസ് ഒരുക്കിയ പുതിയ ഇന്‍കം ടാക്‌സ് പോര്‍ട്ടലാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കേന്ദ്രബിന്ദു. ആദായനികുതി സമര്‍പ്പിക്കാനുള്ള പോര്‍ട്ടലിന്റെ സാങ്കേതിക ചുമതല ഇന്‍ഫോസിസിനാണ്. പോര്‍ട്ടല്‍ ഒരുക്കിയ അന്നുമുതല്‍ തകരാറിലാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെ വിളിച്ചുവരുത്തി പോര്‍ട്ടലിലെ പ്രശ്‌നം അതിവേഗം പരിഹരിക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.

അതിനിടെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യയില്‍ ഇന്‍ഫോസിസിനെതിരെ കവര്‍ സ്‌റ്റോറി പ്രത്യക്ഷപ്പെട്ടത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ പാഞ്ചജന്യ, ദേശവിരുദ്ധരുമായി ചേര്‍ന്ന് ഇന്‍ഫോസിസ് സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അതിരൂക്ഷമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

ഇത് വിവാദമായതോടെ, പാഞ്ചജന്യയില്‍ വന്ന ലേഖനത്തെ കേന്ദ്രവും ആര്‍ എസ് എസും തള്ളിപ്പറഞ്ഞുവെങ്കിലും അതില്‍ കടുത്ത വിയോജിച്ച് രേഖപ്പെടുത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ കേന്ദ്ര മന്ത്രിമാരില്‍ നിന്നോ വ്യവസായ സംഘടനകളില്‍ നിന്നോ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ടി വി മോഹന്‍ദാസ് പൈയാണ് ഇന്‍ഫോസിസിനെ അനുകൂലിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ മുന്നോട്ട് വന്നിരിക്കുന്ന ഒരു പ്രമുഖന്‍. ''ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവര്‍ക്ക് വന്‍കിട പ്രോജക്ടുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന്' അദ്ദേഹം അഭിപ്രായപ്പെടുന്നു. ഐ ടി കമ്പനികള്‍ സാങ്കേതിക ചുമതല വഹിക്കുന്ന വന്‍കിട പ്രോജക്ടുകള്‍ തയ്യാറാക്കി അതത് ക്ലയന്റുകള്‍ക്ക് നല്‍കിയാല്‍, ശരിയായ ഇടപാടുകാര്‍ അത് ഉപയോഗിക്കുമ്പോള്‍ വരുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ സമയമെടുത്ത് പരിശോധിച്ച് നോക്കാറുണ്ട്. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അത്തരം മതിയായ ടെസ്റ്റിംഗ് നടത്തിയിട്ടില്ലെന്നത് വ്യക്തമാണെന്ന് മോഹന്‍ദാസ് പൈ പറയുന്നു.

ഇന്‍ഫോസിസ് സാങ്കേതിക പിന്തുണ നല്‍കുന്ന ജിഎസ്ടി പോര്‍ട്ടലും രാജ്യത്തെ ബിസിനസ് സമൂഹത്തെ ഏറെ വട്ടംചുറ്റിച്ചിരുന്നു.

രാജ്യാന്തരതലത്തിലെ പ്രമുഖ ക്ലയന്റുകള്‍ക്ക് അങ്ങേയറ്റം മികച്ച സേവനം ഇന്‍ഫോസിസ് നല്‍കുമ്പോള്‍ ഇന്ത്യയുടെ പ്രോജക്ടുകളില്‍ അലംഭാവം കാണിക്കുന്നതെന്തെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. ഇന്‍ഫോസിസിനെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സൈദ്ധാന്തിക വിഭാഗമായ ആര്‍ ആര്‍ എസിന്റെ മുഖപത്രം നിശിതമായി വിമര്‍ശിച്ചപ്പോള്‍ അതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് വ്യവസായ സംഘടനകളായ സിഐഐ, ഫിക്കി, നാസ്‌കോം തുടങ്ങിയവയൊന്നും ഇതുവരെ രംഗത്തുവന്നിട്ടുമില്ല.

ടാറ്റ സണ്‍സിനെതിരെ പീയുഷ് ഗോയല്‍

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര വ്യവസായ വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ടാറ്റ സണ്‍സിനെതിരെയും കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇ - കോമേഴ്‌സ് നയത്തിലെ മാറ്റങ്ങളില്‍ ടാറ്റ ഗ്രൂപ്പ് തടസ്സവാദങ്ങള്‍ ഉന്നയിച്ചതാണ് പീയുഷ് ഗോയലിനെ ചൊടിപ്പിച്ചത്. രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി നില്‍ക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ചടങ്ങില്‍ വെച്ച് പീയുഷ് ഗോയല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് വൈറലാകുകയും പിന്നീട് അത് ബ്ലോക്ക് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. എന്നാല്‍ ഇതേ കുറിച്ച് പിന്നീട് സിഐഐയോ മന്ത്രിയുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ബിസിനസ് ഗ്രൂപ്പുകള്‍ക്കെതിരെ ഇത്തരം ആരോപണം കേന്ദ്രമന്ത്രി തന്നെ ഉയര്‍ത്തുന്നത് നാണക്കേടാണെന്ന് ശിവസേനാ നേതാക്കള്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസും ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com