ലോകം മുഴുവന്‍ ചര്‍ച്ചയായ പാന്‍ഡോറ പേപ്പേഴ്‌സ് എന്താണ്? എങ്ങനെ ഇതില്‍ സച്ചിന്‍ അടക്കമുള്ള പേരുകള്‍ വന്നു ?

ഇന്നലെ മുതല്‍ ചര്‍ച്ചയാകുകയാണ് പാന്‍ഡോറ പേപ്പേഴ്‌സ്. ലോകനേതാക്കളുടെയും ഒപ്പം ഏറെ ആഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളുടെയും വരെ പേര് പുറത്ത് വിട്ട പാന്‍ഡോറ പേപ്പേഴ്‌സ് എന്താണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള തുടങ്ങിയ 35 ലോകനേതാക്കളാണ് ഇതിന്റെ പട്ടികയിലുള്ളത.് ഇന്ത്യയില്‍ നിന്ന് അനില്‍ അംബാനി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സച്ചിന്റെ ഭാര്യ, എന്നിവരും പട്ടികയിലുണ്ട്. ട്വിറ്ററടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചൂടുപിടിക്കുന്ന ചര്‍ച്ചയാകുന്ന പാന്‍ഡോറ പേപ്പേഴ്‌സിന്റെ വിശദാംശങ്ങളറിയാം.

117 രാജ്യങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ലിസ്റ്റാണ് പാന്‍ഡോറ പേപ്പേഴ്‌സ്. നികുതി വെട്ടിച്ചുള്ള രഹസ്യ നിക്ഷേപങ്ങളാണ് ഇവയില്‍ പ്രതിപാദിച്ചിട്ടുള്ളത്. കണക്കില്ലാത്ത സ്വത്തുക്കളെന്നും ചുരുക്കിപ്പറയാം. രാജ്യാന്തര തലത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ കണ്‍സോര്‍ഷ്യമാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായുള്ള ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്.
ലോകനേതാക്കള്‍, കായിക താരങ്ങള്‍, സിനിമാക്കാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെയെല്ലാം പേരുകള്‍ ഇതിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 300 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 60 പ്രമുഖരാണ് അതിലുള്ളത്. അതിലേറ്റവും ഞെട്ടിക്കുന്ന വിവരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേതാണ്.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ അനധികൃത നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തല്‍. ഒമ്പത് ഓഹരികളിലായി 60 കോടി മൂല്യമാണ് സച്ചിനായുള്ളത്. സച്ചിന്റെ ഭാര്യ അഞ്ജലി ടെന്‍ഡുല്‍ക്കറിന് 14 ഓഹരികളിലായി 60 കോടിയിലധികമാണുള്ളത്.
അനില്‍ അംബാനിക്ക് 18 വിദേശ ബാങ്കുകളിലായി നിക്ഷേപമുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. നീരവ് മോദിയുടെ സഹോദരിയുടെ പേരില്‍ വന്‍ നിക്ഷേപമുണ്ടെന്നും വാര്‍ത്തയുണ്ട്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്ക് 703 കോടി രൂപയുടെ അനധികൃത നിക്ഷേപമാണെന്നും പുറത്തുവിട്ടിരിക്കുന്നു.
വ്‌ളാഡിമര്‍ പുടിന് മൊണോക്കോയില്‍ വന്‍ നിക്ഷേപമുണ്ടെന്നുണ്ടെങ്കിലും നിക്ഷേപത്തുക പുറത്തുവന്നിട്ടില്ല. ടോണി ബ്ലെയറും 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വെട്ടിച്ചതായി പറയുന്നു.
കൂടുതല്‍ ഇന്ത്യക്കാര്‍
കൂടുതല്‍ ഇന്ത്യക്കാര്‍ പാന്‍ഡോറ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവി(military intelligence ) രാകേഷ് കുമാര്‍ ലൂമ്പയ്ക്കും മകനും സീഷെല്‍സില്‍ നിക്ഷേപം എന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തല്‍. രാകേഷും മകന്‍ രാഹുലും 2016 ല്‍ സീഷെല്‍സില്‍ റാറിന്റ് പാട്‌നേഴ്‌സ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2010 ല്‍ വിരമിക്കുമ്പോള്‍ രാകേഷ് കുമാര്‍ ലൂംമ്പ സൈനിക ഇന്റലിജന്‍സ് മേധാവിയായിരുന്നു.
അനില്‍ അംബാനിയെക്കൂടാതെ യുകെയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയ വ്യവസായി പ്രമോദ് മിത്തലിനും കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യണ്‍ ഡോളര്‍ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. ലണ്ടനിലെ വസതി മെഡ് വെല്‍ എസ്റ്റേറ്റ്‌സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ മെഡ് വെല്‍ എസ്റ്റേറ്റ്‌സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തല്‍ തന്നെയാണ്.
ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍ക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് ടീം ഉടമകളിലൊരാളായ ഗൗരവ് ബര്‍മ്മനും രാജസ്ഥാന്‍ റോയല്‍സ് ഉടമകളിലൊരാളായ സുരേഷ് ചെല്ലാരത്തിനും ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോഡിയുമായി ബന്ധമുണ്ട്. ഡാബര്‍ കമ്പനി കുടുംബാംഗമായ ഗൗരവ് ബര്‍മ്മന് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ബാന്‍ട്രീ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുള്ളതായാണ് കണ്ടെത്തല്‍. സച്ചിന് അനധികൃത സ്വത്തുണ്ടെന്നു പറയുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ സുരേഷ് ചെല്ലാരത്തിനും കമ്പനിയുണ്ട്.


Related Articles
Next Story
Videos
Share it