

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ഹൊസൂരിലും സ്ഥലം കണ്ടെത്താന്‍ തമിഴ്‌നാട്. ബംഗളൂരു നഗരത്തോട് ചേര്‍ന്ന് മറ്റൊരു വിമാനത്താവളം പണിയാന്‍ രണ്ട് സ്ഥലങ്ങളാണ് തമിഴ്‌നാട് കണ്ടെത്തിയിരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരിന്റെ നീക്കം.
ചെന്നൈ നഗരത്തിനടുത്ത് 2,171 ഹെക്ടര്‍ ഭൂമിയിലാണ് പരന്തൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉയരുന്നത്. പ്രതിവര്‍ഷം 10 കോടി ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ശേഷിയുണ്ടാകും. രണ്ട് റണ്‍വേകള്‍, കാര്‍ഗോ കൈകാര്യം ചെയ്യുന്നതടക്കമുള്ള മൂന്ന് ടെര്‍മിനലുകള്‍ തുടങ്ങിയവയും ഇവിടെ നിര്‍മിക്കും. എന്നാല്‍ കടുത്ത നിബന്ധനകളോടെയാണ് വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. പരന്തൂരിലെ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ചെന്നൈയിലെ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 3.5 കോടി യാത്രക്കാര്‍ യാത്ര ചെയ്യണമെന്നതാണ് ഇവയിലൊന്ന്. നിലവിലെ ശേഷി അനുസരിച്ച് ചെന്നൈ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 2.2 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. നിലവിലെ നവീകരണം പൂര്‍ത്തിയായാല്‍ 3.5 കോടി യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
കൃഷ്ണഗിരി ജില്ലയിലെ ഒരു സ്ഥലവും ഷോളഗിരിയിലെ മറ്റൊരു സ്ഥലവുമാണ് വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വിമാനത്താവളത്തിനായി സാധ്യതാ പഠനം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സികളെ തേടുകയാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരുമായി ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഒപ്പിട്ട കരാര്‍ പ്രകാരം 2033വരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ മറ്റൊന്ന് വരാന്‍ പാടില്ല. മാത്രവുമല്ല പ്രദേശവാസികളുടെ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലാണ് തമിഴ്‌നാട് ധനമന്ത്രി തങ്കം തേനരശ് രാമേശ്വരത്ത് പുതിയ വിമാനത്താവളം പ്രഖ്യാപിച്ചത്. പ്രദേശത്തെ വിനോദസഞ്ചാര, വ്യവസായ മേഖലക്ക് വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള പദ്ധതിയാണിത്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പരന്തൂര്‍ വിമാനത്താവളത്തിനെതിരെ നടന്‍ വിജയ് അടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്. പതിമൂന്നോളം ഗ്രാമങ്ങളെ പൂര്‍ണമായും കുടിയൊഴിപ്പിക്കുമെന്ന് കരുതുന്ന പദ്ധതിക്കെതിരെ 2022 മുതല്‍ പ്രദേശവാസികളും സമരം ചെയ്യുകയാണ്. ഇതിനെ മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
നിലവില്‍ ഏഴ് സിവിലിയന്‍ വിമാനത്താവളങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര വിമാനത്താവളവും സേലത്തും തൂത്തുക്കുടിയിലും പുതുച്ചേരിയിലും ആഭ്യന്തര വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെയാണ് ചെന്നൈയിലെ പരന്തൂരില്‍ രണ്ടാം വിമാനത്താവളവും ഹൊസൂരില്‍ പുതിയതും വരുന്നത്. ഇതിന് പുറമെ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചു. നിലവിലുള്ള ചെന്നൈ, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. 2030 ആകുമ്പോള്‍ സംസ്ഥാനത്തെ ഒരുലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തിയും ഏഷ്യയിലെ നിക്ഷേപ കേന്ദ്രവും ആക്കുന്നതിന് വേണ്ടിയാണ് പുതിയ വിമാനത്താവളങ്ങളെന്നാണ് വിശദീകരണം.
The Centre has approved Chennai’s ₹20,000 crore Parandur airport while identifying sites for a new airport in Hosur, even as protests intensify.
Read DhanamOnline in English
Subscribe to Dhanam Magazine