Begin typing your search above and press return to search.
മാധബി ബുച്ചിനെ വിയര്‍പ്പിക്കാന്‍ പാര്‍ലമെന്റ് സമിതി; ചോദ്യം ചെയ്യാന്‍ വിളിച്ചേക്കും
ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയുടെ ചെയര്‍പേഴ്‌സണ്‍ മാധവി പുരി ബുച്ചിനെ പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയേക്കും. അദാനി ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി മാധവി ബുച്ച് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ഈ നടപടി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാലാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷന്‍.
പാര്‍ലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് കഴിഞ്ഞ മാസം 29ന് നടന്ന ആദ്യ പി.എ.സി യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. സെബിയെക്കുറിച്ചോ മാധവി ബുച്ചിനെക്കുറിച്ചോ അജണ്ടയില്‍ പറയുന്നില്ലെങ്കിലും, പ്രമുഖ നിയന്ത്രണ സ്ഥാപനമാണ് സെബി. അതിനെ ചൂഴ്ന്നു നില്‍ക്കുന്ന വിവാദങ്ങളാണ് ഇത്തരമൊരു അജണ്ടക്ക് തന്നെ പ്രേരകമായത്.
പി.എ.സിക്ക് വിപുലമായ അധികാരങ്ങള്‍
സര്‍ക്കാറിന്റെ വരവു ചെലവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഓഡിറ്റാണ് പി.എ.സിയുടെ ജോലി. പുതിയ ലോക്‌സഭ നിലവില്‍ വന്ന ശേഷം രൂപീകരിച്ച കെ.സി വേണുഗോപാല്‍ അധ്യക്ഷനായ പി.എ.സിയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളാണ്. അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുമ്പോള്‍, ആ സ്ഥാപനവുമായി മാധവി ബുച്ചിനുള്ള ബന്ധം, ഐ.സി.സി.ഐ.സി ബാങ്കില്‍ നിന്ന് വിരമിച്ച ശേഷം ആനുപാതികമല്ലാത്ത റിട്ടയര്‍മെന്റ് ആനുകൂല്യം കൈപ്പറ്റിയ സാഹചര്യം, സെബിയിലെ ഭയപ്പാടു നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചതില്‍ മാധവി ബുച്ചിനുള്ള പങ്ക്, അഴിമതിക്കാരിയാണെന്ന സീ സ്ഥാപകന്‍ സുഭാഷ് ചന്ദ്രയുടെ ആരോപണം എന്നിവ പ്രധാന വിഷയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നതിനിടയിലാണ് സെബിയുടെ പുതിയ നീക്കം. ഈ മാസം 10ന് ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ പി.എ.സി യോഗം കൂടുന്നുണ്ട്. ഇതിനൊപ്പം അടുത്ത കാര്യപരിപാടി നിശ്ചയിക്കുമെന്നാണ് സൂചന.
Next Story
Videos