

2025ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ കാര്‍ നിര്‍മാതാക്കള്‍ വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്നു. നിര്‍മിച്ചു കൂട്ടിയ കാറുകള്‍ പലതും വാങ്ങാനാളില്ലാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുകയായിരുന്നു. വില്പന ഇടിഞ്ഞതോടെ മാരുതി സുസൂക്കി അടക്കമുള്ള കമ്പനികള്‍ നിര്‍മാണം വെട്ടിക്കുറച്ചിരുന്നു.
രാജ്യത്ത് കാര്‍ വാങ്ങുന്നവരുടെ എണ്ണം താഴേക്ക് പോയതോടെ വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറച്ചതിനുശേഷം കാര്‍ വിപണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാര്‍ വിലയില്‍ കുറവു വന്നതോടെ ഒക്ടോബറിലും നവംബറിലും വില്പന കുതിച്ചുയര്‍ന്നിരുന്നു. ഈ ട്രെന്റ് ഡിസംബറിലും തുടരുന്നുവെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വില്പന അപ്രതീക്ഷിതമായി കുതിച്ചതോടെ പല കമ്പനികളുടെയും ഷോറൂമുകളില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്ത അവസ്ഥയാണ്. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിക്ക് മൂന്നു ദിവസത്തെ ഓര്‍ഡറുകള്‍ നല്കാനുള്ള സ്റ്റോക്ക് മാത്രമാണുള്ളത്. വെയ്റ്റിംഗ് പീരിയഡ് 45 ദിവസമായി വര്‍ധിക്കുകയും ചെയ്തു.
ജിഎസ്ടി നിരക്കിളവും കമ്പനികള്‍ നല്കിയ ഓഫറുകളുമാണ് ഡിസംബറില്‍ വില്പന കുതിച്ചുയരാന്‍ ഇടയാക്കിയത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ ഡിസംബറിലെ വളര്‍ച്ച 26.2 ശതമാനമാണ്. 2024 ഡിസംബറില്‍ 3,22,965 യൂണിറ്റുകളായിരുന്നു വിറ്റത്. 2025ല്‍ സമാന മാസത്തെ വില്പന 4,07,497 യൂണിറ്റായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ പറയുന്നു.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന വര്‍ഷമായി 2025 മാറി. മാരുതി സുസൂക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നീ കമ്പനികള്‍ 20 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച നേടി. 2026ലും ഈ കുതിപ്പ് തുടരുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. മാരുതി 2025 കലണ്ടര്‍ വര്‍ഷത്തില്‍ 23,51,139 യൂണിറ്റുകളാണ് വിറ്റത്. ചരിത്രത്തിലെ ഉയര്‍ന്ന കയറ്റുമതിക്കും ഇക്കാലയളവ് സാക്ഷ്യംവഹിച്ചു, 3,95,648 യൂണിറ്റുകള്‍.
ഹ്യുണ്ടായ് ഡിസംബറില്‍ വിറ്റത് 58,702 യൂണിറ്റുകളാണ്. വാര്‍ഷിക വളര്‍ച്ച 6.6 ശതമാനം. ആഭ്യന്തര വിപണിയില്‍ 42,416 യൂണിറ്റുകള്‍ വിറ്റപ്പോള്‍ കയറ്റുമതി 16,286 യൂണിറ്റായിരുന്നു.
വാഹന വില്പനയിലെ മുന്നേറ്റം വൈദ്യുത വാഹന വിഭാഗത്തിലും ദൃശ്യമാണ്. 2024ല്‍ ആകെ വിറ്റത് 90,000 ഇവി കാറുകളായിരുന്നു. 2025ലിത് 1,70,000 ആയി വര്‍ധിച്ചു. 12 ശതമാനം വര്‍ധന.
2026ല്‍ കാര്‍ വില വര്‍ധിക്കുമെന്ന് മിക്ക കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് മുമ്പുള്ള സമയത്തേക്കാള്‍ കുറവായിരിക്കു വില. വില്പനയെ തളര്‍ത്തുന്ന തരത്തിലുള്ള വിലവര്‍ധന ഉണ്ടാകില്ല. ടോപ് ഗിയറില്‍ തന്നെ കാര്‍ വിപണി കുതിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. മാരുതി ഉള്‍പ്പെടെയുള്ള കമ്പനികളുടെ കയറ്റുമതി വര്‍ധിക്കുന്നത് തൊഴില്‍ മേഖലയില്‍ ഗുണം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine