

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മുടി കണ്ടെത്തിയാല്‍ നിങ്ങളെന്തായിരിക്കും ചെയ്യുന്നത്. പലരും അത് എടുത്ത് മാറ്റി ഭക്ഷണം കഴിക്കുന്നത് തുടരും. എന്നാല്‍ വിമാനത്തിനുള്ളില്‍ വെച്ച് ഇങ്ങനെയൊരു സംഭവമുണ്ടായാലോ? 2002ല്‍ തനിക്കുണ്ടായ സമാനമായ ഒരു അനുഭവത്തില്‍ പി.സുന്ദര പരിപൂര്‍ണം എന്നൊരു വ്യക്തി 23 വര്‍ഷമായി നടത്തിയ നിയമപോരാട്ടമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്കെതിരെ ഇദ്ദേഹം നടത്തിയ നിയമപോരാട്ടത്തില്‍ കഴിഞ്ഞ ദിവസം വിധി വന്നു. 35,000 രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
2002 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ ഐ.സി 574 വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പി.സുന്ദര പരിപൂര്‍ണത്തിനാണ് സീല്‍ ചെയ്ത ഭക്ഷണപ്പൊതിയില്‍ മുടി കണ്ടെത്തേണ്ടി വന്നത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് തനിക്ക് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു.
വിമാനത്തില്‍ വെച്ച് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും പരാതിപ്പെട്ടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ അദ്ദേഹം എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നിയമപരമായി നോട്ടീസ് അയക്കുകയും 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
ഈ വിഷയത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചെങ്കിലും വിചാരണക്കിടെ വിചിത്രമായ വാദങ്ങള്‍ നിരത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണം പുറത്ത് നിന്നുള്ള ഹോട്ടലില്‍ നിന്നാണ് വാങ്ങിയതെന്നും മുടി വീണതിന് കാരണം അടുത്ത് ഇരുന്ന യാത്രക്കാരനായിരിക്കാമെന്നും എയര്‍ ഇന്ത്യ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ മദ്രാസ് ഹൈക്കോടതി തള്ളി.
ഭക്ഷണത്തിന് പുറംകരാര്‍ നല്‍കിയാലും അതിന്റെ ശുചിത്വം ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം എയര്‍ ഇന്ത്യക്കാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ ഭക്ഷണത്തിനുള്ള പണം കൂടി നല്‍കുന്നുണ്ട്. അതുകൊണ്ട് കാറ്ററിംഗ് സ്ഥാപനത്തിന്റെ വീഴ്ചക്ക് വിമാനക്കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്നും (Vicarious Liability) കോടതി നിരീക്ഷിച്ചു.
കേസില്‍ വാദം കേട്ട വിചാരണ കോടതി നേരത്തെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാല്‍ യാത്രക്കാരന് ശാരീരികമായ നഷ്ടം (Financial Loss) തെളിയിക്കാന്‍ സാധിക്കാത്തതിനാലും, നിയമനടപടികള്‍ക്ക് വേണ്ടിയുള്ള ചെലവായി കണക്കാക്കിയും നഷ്ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറച്ചു. നിയമത്തിലെ സംഭവം തന്നെ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നു (Res Ipsa Loquitur) എന്ന തത്വമാണ് ഈ കേസില്‍ നിര്‍ണായകമായത്. ഭാവിയില്‍ ഇത്തരം അശ്രദ്ധകള്‍ ഉണ്ടാകാതിരിക്കാന്‍ ഇതൊരു പാഠമാകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine