വിമാന സര്‍വീസുകള്‍ യാത്രക്കാരെ വലയ്ക്കുന്നു; നഷ്ടപരിഹാരത്തില്‍ 'കൈപൊള്ളി' കമ്പനികള്‍

പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകളിലെ തകരാറുകളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം

ഇന്ത്യയില്‍ വിമാന യാത്രയ്ക്ക് പ്രിയം വര്‍ധിച്ചെങ്കിലും സര്‍വീസുകള്‍ അവസാന നിമിഷം റദ്ദാക്കുന്നതും കാലതാമസവും യാത്രക്കാരെ അസ്വസ്ഥരാക്കുന്നു. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജനുവരി-മാര്‍ച്ച് പാദത്തില്‍ 4.38 ശതമാനം വര്‍ധിച്ചെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ വിമാന കമ്പനികളെയും പ്രതിസന്ധിയിലാക്കുന്നു.
ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കണക്ക് പ്രകാരം സര്‍വീസുകളുടെ റദ്ദാക്കലും കാലതാമസവും 34 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 9.5 ലക്ഷം യാത്രക്കാര്‍ക്കാണ് മൂന്നുമാസത്തിനിടെ യാത്രയില്‍ പ്രതിസന്ധി നേരിടേണ്ടി വന്നത്.
സര്‍വീസുകളിലെ ഈ പ്രശ്‌നങ്ങള്‍ മൂലം മൂന്നു മാസത്തിനിടെ എയര്‍ലൈന്‍ കമ്പനികള്‍ 11 കോടി രൂപ നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് നല്‍കേണ്ടിവന്നു. 2023ല്‍ ഇതേ കാലയളവില്‍ 2.7 ലക്ഷം പേര്‍ക്ക് മാത്രമാണ് സമാന പ്രശ്‌നം നേരിടേണ്ടി വന്നത്. 7.9 കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി നല്‍കിയത്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താരയ്ക്ക് പൈലറ്റുമാരുടെ നിസഹകരണത്തെ തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിനും വിമാനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍വീസുകള്‍ ഉപേക്ഷിക്കുകയോ വൈകിക്കുകയോ ചെയ്യേണ്ട അവസ്ഥയുണ്ടായി.
തിരിച്ചടിയായത് പി.ആന്‍ഡ്.ഡബ്ല്യു എന്‍ജിന്‍ പ്രശ്‌നം
പല ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രശ്‌നം സൃഷ്ടിച്ചത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിനുകളിലെ തകരാറാണ്. വിശദ പരിശോധനയ്ക്കായി ഈ എന്‍ജിനുകളുടെ നിര്‍മാതാക്കളായ ആര്‍.ടി.എക്‌സ് വിമാനങ്ങളെ തിരിച്ചു വിളിക്കുന്നുണ്ട്. 2026 വരെ 700ന് അടുത്ത് എന്‍ജിനുകള്‍ പരിശോധിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്.
എന്‍ജിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പൊടിച്ച ലോഹത്തില്‍ മാലിന്യം കണ്ടെത്തിയതാണ് തിരിച്ചുവിളിക്കുന്നതിന് കാരണം. 24-26 ശതമാനം വിമാനങ്ങള്‍ മാര്‍ച്ച് 31 വരെ പരിശോധനയ്ക്കായി നിലത്തിറക്കിയെന്നാണ് റിപ്പോര്‍ട്ട്. പരിശോധനയ്ക്കായി 250-300 ദിവസം വരെ എടുക്കും.
ഇത്തരത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ കാരണം സര്‍വീസുകള്‍ തടസപ്പെടുന്നത് എയര്‍ലൈന്‍ കമ്പനികളുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പാര്‍ക്കിംഗ് വാടക, അധിക വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന ചെലവ്, വാടകയിലെ വര്‍ധന, ഇന്ധന വില കൂടുന്നത് തുടങ്ങിയവയെല്ലാം കമ്പനികളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കും.
Related Articles
Next Story
Videos
Share it