സിനിമ തിയേറ്റര്‍ പോലെ ഇനി റെയില്‍വേയും! ഇഷ്ടമുള്ള സീറ്റ് ബുക്ക് ചെയ്യാം, പരിഷ്‌കാരം വരുന്നൂ

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ലെന്നത്. മൂന്നോ നാലോ പേര്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ ബുക്ക് ചെയ്താല്‍ ചിലപ്പോള്‍ വ്യത്യസ്ത ബോഗികളിലാകും സീറ്റ് കിട്ടുക. യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യമായിരുന്നു ഇത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ വിപ്ലവകരമായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെ ഇഷ്ടപ്പെട്ട സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉടന്‍ വരും. റെയില്‍വേ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നുണ്ട്. ഈ ആപ്പില്‍ ഇഷ്ടപ്പെട്ട ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നാണ് വിവരം.

ജനപ്രിയ പരിഷ്‌കാരം
സിനിമ തീയറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പോലെയാകും ട്രെയിന്‍ ടിക്കറ്റിലെ ബുക്കിംഗ് രീതിയും. ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ ഒഴിവുള്ള സീറ്റുകള്‍ കാണിക്കും. ഈ ഒഴിവുള്ള സീറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തെരഞ്ഞെടുക്കാം. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സാധ്യമല്ല. ഈ രീതിയാണ് മാറുന്നത്.
റെയില്‍വേയുടെ പുതിയ സൂപ്പര്‍ ആപ്പ് പണിപ്പുരയിലാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന ആപ്പ് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. ഇതുവഴി ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, റീഫണ്ട് തുടങ്ങിയ സേവനങ്ങളെല്ലാം ലഭിക്കും.
ഇപ്പോള്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി വ്യത്യസ്ത ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനില്‍ ലഭിക്കുന്നത് യാത്രക്കാരുടെ തലവേദന കുറയ്ക്കും. യാത്രക്കാര്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പ് ആണ്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (IRCTC) സഹകരിച്ചുകൊണ്ട്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംവിധാനങ്ങളുടെ ഉത്തരവാദിത്വമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ വിഭാഗമാണ് ഈ സൂപ്പര്‍ ആപ്പ് തയാറാക്കുന്നത്. വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളെല്ലാം പുതിയ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it