5 ദിവസത്തേക്ക് ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പറ്റില്ല; കാരണം ഇതാണ്

ഓഗസ്റ്റ് 30ന് ബുക്ക് ചെയ്ത പാസ്പോര്‍ട്ട്, പി.സി.സി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി
5 ദിവസത്തേക്ക് ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പറ്റില്ല; കാരണം ഇതാണ്
Published on

സാങ്കേതിക കാരണങ്ങളാല്‍ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനങ്ങള്‍ ഓഗസ്റ്റ് 29 രാത്രി 8 മണി മുതല്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 6 മണി വരെ ലഭ്യമാകില്ല. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും സേവനം മുടങ്ങും. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ വ്യക്തികള്‍ക്കും കഴിയില്ല. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തി അന്വേഷണം നടത്താവുന്ന വാക് ഇന്‍ സൗകര്യവും ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അപ്പോയിന്റ്‌മെന്റുകളില്‍ മാറ്റം വരുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതൊരു പതിവ് നടപടിയാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 30ന് ബുക്ക് ചെയ്ത പാസ്പോര്‍ട്ട്, പി.സി.സി ( പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി. ഇവര്‍ക്ക് സെപ്റ്റംബര്‍ രണ്ടിന് ശേഷം അപ്പോയിന്റ്‌മെന്റ് ലഭിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസായി ലഭിക്കും.

പാസ്‌പോര്‍ട്ട് ലഭിക്കുന്നത് ഇങ്ങനെ

പുതിയ പാസ്പോര്‍ട്ടിനും പഴയത് പുതുക്കാനുമുള്ള അപേക്ഷ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഇതില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന ദിവസം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തി രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. പിന്നാലെ പോലീസ് പരിശോധനയ്ക്ക് ശേഷം അപേക്ഷകന്റെ വിലാസത്തില്‍ പാസ്‌പോര്‍ട്ട് എത്തുകയും ചെയ്യും. അപേക്ഷിച്ച് 30-45 പ്രവൃത്തി ദിവസത്തിനിടയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതാണ് പതിവ്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കുന്ന തത്കാല്‍ പാസ്‌പോര്‍ട്ട് സംവിധാനവുമുണ്ട്.

തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ്

തിരുവനന്തപുരം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ എല്ലാ സേവാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 30ന് ബുക്ക് ചെയ്ത പാസ്പോര്‍ട്ട്/പിസിസി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 30ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് തിരുവനന്തപുരം, കൈതമുക്കിലുള്ള മെയിന്‍ ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുവാനായി വാക്ക് ഇന്‍ സൗകര്യവും ലഭിക്കില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 0471-2470225/ rpo.trivandrum@mea.gov.in (ഇമെയില്‍)/ 8089685796 (വാട്‌സ്ആപ്പ്) എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com