അന്ന് വിദേശനിക്ഷേപം കാരണം അനുമതി ലഭിച്ചില്ല, ലൈസന്‍സ് കടമ്പ മറികടന്ന് പേയ്ടിഎം; ഓഹരിവിലയില്‍ കുതിപ്പ്

2020ല്‍ കമ്പനി ഇതിനായി അപേക്ഷ നല്കിയിരുന്നെങ്കിലും അന്ന് അനുമതി ലഭിച്ചിരുന്നില്ല. വിദേശ ഉടമസ്ഥത സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ മൂലമായിരുന്നു അന്ന് അനുമതി നിഷേധിക്കപ്പെട്ടത്
അന്ന് വിദേശനിക്ഷേപം കാരണം അനുമതി ലഭിച്ചില്ല, ലൈസന്‍സ് കടമ്പ മറികടന്ന് പേയ്ടിഎം; ഓഹരിവിലയില്‍ കുതിപ്പ്
Published on

പേയ്ടിഎം പേയ്‌മെന്റ് സര്‍വീസസിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് (One 97 Communications) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു.

2020ല്‍ കമ്പനി ഇതിനായി അപേക്ഷ നല്കിയിരുന്നെങ്കിലും അന്ന് അനുമതി ലഭിച്ചിരുന്നില്ല. വിദേശ ഉടമസ്ഥത സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ മൂലമായിരുന്നു അന്ന് അനുമതി നിഷേധിക്കപ്പെട്ടത്. ഇപ്പോള്‍ വിദേശപങ്കാളിത്തം കുറഞ്ഞതോടെ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തു.

റിസര്‍വ് ബാങ്ക് അനുമതി ലഭിക്കാതിരുന്നതിനാല്‍ പേയ്ടിഎമ്മിന് പുതിയ വ്യാപാരികളെ അവരുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സാധ്യമല്ലായിരുന്നു. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ തുടരാന്‍ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നുള്ള അനുകൂല തീരുമാനം പേയ്ടിഎമ്മിന് ആശ്വാസം പകരുന്നതാണ്.

സമീപകാലത്ത് റിസര്‍വ് ബാങ്കില്‍ നിന്ന് നിരവധി നടപടികള്‍ ഈ ഫിന്‍ടെക് കമ്പനിക്ക് നേരിടേണ്ടി വന്നു. പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതില്‍ ഉള്‍പ്പെടെ നിരോധനം വന്നിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ (KYC) ശേഖരിക്കുന്നതിലെ വീഴ്ചയും ഇതിലുള്‍പ്പെടുന്നു.

പേയ്ടിഎമ്മില്‍ ചൈനീസ് നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നത് കേന്ദ്രസര്‍ക്കാരിനെയും ആശങ്കപ്പെടുത്തിയിരുന്നു. ചട്ടങ്ങളിലെ വീഴ്ചയെ തുടര്‍ന്ന് പുതിയ ഉപയോക്താക്കളെ ഇനി ചേര്‍ക്കരുതെന്ന് 2022 മാര്‍ച്ചില്‍ പേയ്ടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വീഴ്ചകളെ തുടര്‍ന്ന് 2023 ഒക്ടോബറില്‍ 5.4 കോടി രൂപ പിഴയും വിധിച്ചിരുന്നു.

വരുമാനം കൂടിയെങ്കിലും ലാഭം ഇടിഞ്ഞു

വണ്‍ 97 കമ്മ്യൂണിക്കഷന്‍സ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ലാഭം 21 കോടി രൂപയായിരുന്നു. വരുമാനം മുന്‍വര്‍ഷം സമാനപാദത്തിലെ 1,659 കോടി രൂപയില്‍ നിന്ന് 2,061 കോടി രൂപയായി ഉയര്‍ന്നിരുന്നു.

ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് ലഭിച്ചുവെന്ന വാര്‍ത്ത പേയ്ടിഎം ഓഹരികളില്‍ ഇന്നലെ 3.75 ശതമാനം നേട്ടത്തിന് വഴിയൊരുക്കിയിരുന്നു. ഇന്ന് രാവിലെ ഓഹരിവിലയില്‍ ഒരു ശതമാനത്തിനടുത്ത് ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com