

ഓഫ്‌ലൈന്‍ മെര്‍ച്ചന്റ് പേയ്‌മെന്റ്‌സ് ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന്റെ (പിപിഎസ്എല്‍) കീഴിലേക്കാണ് സബ്‌സിഡിയറി കമ്പനികളെ മാറ്റുന്നത്. പേയ്‌മെന്റ് അഗ്രഗേറ്റര്‍ വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനാണിത്. ഇന്ന് ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന്റെയും ഓഹരിയുടമകളുടെയും അന്തിമ അനുമതിക്ക് വിധേയമായിട്ടാകും തുടര്‍പ്രവര്‍ത്തനങ്ങള്‍. പുതിയ നീക്കത്തോടെ പേടിഎമ്മിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റ് സേവനങ്ങളെല്ലാം ഏകീകരിക്കപ്പെടും. അടുത്തിടെ പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു.
പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയില്‍ നിന്ന് അദ്ദേഹത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വിഎസ്എസ് ഇന്‍വെസ്റ്റ്കോ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പേടിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ 51.22 ശതമാനം ഓഹരികള്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ സ്വന്തമാക്കും.
ഇതോടെ പേടിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാതൃകമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറും. പിഎഫ്എസ്എല്ലിന് കീഴിലുള്ള അഡ്മിറബിള്‍ സോഫ്റ്റ്വെയര്‍, മൊബിക്വസ്റ്റ് മൊബൈല്‍ ടെക്‌നോളജീസ്, ഊര്‍ജ മണി, ഫിന്‍കോളക്റ്റ് സര്‍വീസസ് എന്നിവ അനുബന്ധ സ്ഥാപനങ്ങളാകും.
ക്യൂആര്‍ കോഡ് അനുബന്ധ സര്‍വീസുകള്‍, സൗണ്ട്‌ബോക്‌സ് ഡിവൈസുകള്‍, ഇഡിസി മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ എല്ലാം പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് കീഴിലാകും.
2025 സാമ്പത്തികവര്‍ഷം ഓഫ്‌ലൈന്‍ പേയ്‌മെന്റ് ബിസിനസ് 2,580 കോടി രൂപ വരുമാനം നേടിയിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 47 ശതമാനം വരുമിത്.
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഓഹരിവില ഇന്ന് 2.42 ശതമാനം ഉയര്‍ന്ന് 1,274.90 രൂപയില്‍ ക്ലോസ് ചെയ്തു. 2025 സാമ്പത്തികവര്‍ഷം 6,900 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇത് 9,978 കോടി രൂപയായിരുന്നു. വരുമാനത്തില്‍ കുറവ് വന്നെങ്കിലും വലിയ നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. 2024 സാമ്പത്തികവര്‍ഷത്തെ നഷ്ടം 1,422 കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 663 കോടി രൂപയായിരുന്നു.
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (One 97 Communications Ltd) 2025 സാമ്പത്തിക വര്‍ഷത്തില്‍ 4,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതു വഴി ചെലവില്‍ കമ്പനി ലാഭിച്ചത് 650 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 44,000 ജീവനക്കാരാണ് പേടിഎമ്മിലുണ്ടായിരുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അത് 39,400 ആയി കുറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine