

ഇന്ത്യ-യു.എസ് ബന്ധത്തില്‍ മഞ്ഞുരുകല്‍ ദൃശ്യമാകുന്നതിനിടെ ശീതള പാനീയ രംഗത്തെ മുന്‍നിരക്കാരായ പെപ്‌സിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ പെപ്‌സിയുടെ ഇന്ത്യന്‍ ബിസിനസിനെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.
അടുത്തിടെ ജിഎസ്ടി പരിഷ്‌കാരം വരുത്തിയപ്പോള്‍ പെപ്‌സി ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റ് ചേര്‍ത്ത ശീതള പാനീയങ്ങളുടെ നികുതി 40 ശതമാനമാക്കിയിരുന്നു. മുമ്പ് ഇത് 28 ശതമാനമായിരുന്നു. പെപ്‌സിയുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയില്‍ നിന്നാണ്. ഈ വരുമാനത്തില്‍ കുറവു വന്നാല്‍ കമ്പനിക്കത് തിരിച്ചടിയാകും.
പെപ്‌സികോ ഗ്ലോബല്‍ സി.ഇ.ഒയും ചെയര്‍മാനുമായ റമോണ്‍ ലഗുവാര്‍ട്ര ഇന്നലെയാണ് (സെപ്റ്റംബര്‍ 16) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയത്. പെപ്‌സി സി.ഇ.ഒയും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. പെപ്‌സി, 7അപ്, മൗണ്ടന്‍ ഡ്യൂ, സ്ലൈസ്, അക്വുവഫിന, ലെയ്‌സ്, കുര്‍ക്കുറെ തുടങ്ങിയ അനവധി ഉത്പന്നങ്ങള്‍ പെപ്‌സികോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്ക്കുന്നുണ്ട്.
തീരുവ യുദ്ധത്തില്‍ ട്രംപിന്റെ നിലപാട് അമേരിക്കന്‍ കമ്പനികളുടെ ഇന്ത്യയിലെ ബിസിനസിനെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പെപ്‌സി ബോസും സംഘവും എത്തിയിരിക്കുന്നത്. ജിഎസ്ടി 40 ശതമാനമാകുന്നത് കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടാക്കും.
ഇന്ത്യന്‍ വിപണി പെപ്‌സിയെ സംബന്ധിച്ച് നിര്‍ണായകമാണ്. വരുമാനത്തിന്റെ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നാണ് അവര്‍ക്ക് ലഭിക്കുന്നത്. പെപ്‌സികോ ഇന്ത്യയുടെ 2024 സാമ്പത്തികവര്‍ഷത്തെ വരുമാനം 8,877 കോടി രൂപയായിരുന്നു. ലാഭം 883 കോടി രൂപയും. ജൂണ്‍ 14ന് അവസാനിച്ച 12 ആഴ്ചയില്‍ പെപ്‌സികോ ഇന്ത്യയുടെ വരുമാനം ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു.
ഇന്ത്യയ്‌ക്കെതിരേ താരിഫ് യുദ്ധത്തിന് ട്രംപ് തിരികൊളുത്തിയ സമയത്ത് യു.എസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതും പെപ്‌സി പോലുള്ള കമ്പനികള്‍ക്ക് ആശങ്ക പകരുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine