വെച്ചൂര്‍ പശുവിന് പിന്നാലെ പെരിയാര്‍ കുള്ളന്‍, കേരളത്തിന്റെ തനത് ഇനം എണ്ണത്തില്‍ വെറും 1,000 മാത്രം, എന്താണ് പ്രത്യേകതകള്‍?

മറ്റ് ഇനങ്ങളെ അപേക്ഷിച്ച് പെരിയാർ പശുക്കൾക്ക് രോഗബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്, വളരെ കുറഞ്ഞ തീറ്റയും കുറഞ്ഞ പരിപാലനവും മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ
Periyar cattle, kerala
Representational image, courtesy: Canva
Published on

രാജ്യത്തെ തനത് കന്നുകാലി ഇനങ്ങൾക്കിടയിൽ അഭിമാനകരമായ നേട്ടവുമായി പെരിയാർ കുള്ളൻ പശുക്കൾ (Periyar Kullan). വെച്ചൂർ പശുവിന് ശേഷം രാജ്യത്ത് തനത് ബ്രീഡ് ആയി (Indigenous Breed) രജിസ്റ്റർ ചെയ്യപ്പെടുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കന്നുകാലി ഇനമാണ് പെരിയാർ പശുക്കൾ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ആണ് പെരിയാർ കുള്ളനെ പ്രത്യേക ഇനമായി അംഗീകരിച്ചത്. കേരള വെറ്ററിനറി സർവകലാശാലയിലെ ഗവേഷകർ നടത്തിയ സുദീര്‍ഘമായ പഠനങ്ങള്‍ക്കൊടുവിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

സവിശേഷ ബന്ധം

കേരളത്തിലെ തനത് കന്നുകാലി ഇനങ്ങളുടെ സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് അംഗീകാരമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ (KVASU) സി.പി.പി.ആര്‍ ഡിപാര്‍ട്ട്മെന്റ് ഹെഡും പ്രൊഫസറുമായ ഡോ. ആർ. തിരുപ്പതി വെങ്കടാചലപതി ധനം ഓണ്‍ലൈനോട് പറഞ്ഞു. പ്രാദേശികമായി കുട്ടമ്പുഴ പശു എന്നും ആണ്ടുകണ്ണി എന്നും വിളിക്കപ്പെടുന്ന പെരിയാർ പശുക്കളെ പ്രധാനമായും കൂവപ്പടി, അങ്കമാലി, കോതമംഗലം, ചാലക്കുടി എന്നീ പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി ഇതിന്റെ സംരക്ഷണത്തിനായി പതിറ്റാണ്ടോളമായി പ്രയത്നിക്കുന്ന കർഷകരുടെ കഠിനാധ്വാനത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണിത്.

പെരിയാര്‍ പ്ലാന്റേഷൻ മേഖലകളിലെ കർഷകരും തൊഴിലാളികളുമാണ് ഈ തനത് ഇനത്തിന്റെ യഥാർത്ഥ കാവൽക്കാർ. അവരുടെ പരമ്പരാഗത അറിവും പരിചരണവും സംരക്ഷണ മനോഭാവവുമാണ് മനുഷ്യനും കന്നുകാലിയും വനവും തമ്മിലുള്ള സവിശേഷ ബന്ധത്തിലൂടെ ഈ കന്നുകാലികളുടെ നിലനിൽപ്പ് ഉറപ്പാക്കിയത്. ചരിത്രപരമായ പദവിയിലേക്ക് എത്തുന്നതിനായുള്ള വഴി വളരെ ദീർഘമേറിയ കഠിനമായ പ്രക്രിയയായിരുന്നുവെന്നും പ്രൊഫ. വെങ്കടാചലപതി പറഞ്ഞു. നിലവിൽ കേരളയില്‍ ഏകദേശം ആയിരത്തോളം പെരിയാർ പശുക്കൾ മാത്രമാണ് അവശേഷിക്കുന്നത്.

ശാരീരിക സവിശേഷതകളും പെരുമാറ്റവും

വലിപ്പവും ഭാരവും: ചെറുതും ഇടത്തരം വലിപ്പവുമുള്ള ഇവയുടെ ശരാശരി ഭാരം 150 മുതൽ 200 കിലോഗ്രാം വരെയാണ്. (കേരളത്തിലെ വെച്ചൂർ പശുക്കളുടെ ഭാരം ഏകദേശം 130 കിലോഗ്രാം ആണ്).

നിറം: ഇവയിൽ പ്രധാനമായും ചുവപ്പ് നിറമാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ഇതിനുപുറമെ തവിട്ട്, കറുപ്പ്, ചാരനിറം എന്നിവയും ഇവയിൽ കാണാം.

ചെവികളും കൊമ്പുകളും: തിരശ്ചീനമായി നിൽക്കുന്ന ചെവികളും, മുകളിലേക്കോ വശങ്ങളിലേക്കോ വളഞ്ഞ കൊമ്പുകളും ഇവയുടെ പ്രധാന ശാരീരിക സവിശേഷതകളാണ്.

പൂഞ്ഞ (കൂമ്പാരം): ആൺ കന്നുകാലികളിൽ വ്യക്തമായ പൂഞ്ഞയും പെൺ കന്നുകാലികളിൽ ചെറിയ പൂഞ്ഞയുമാണ് ഉള്ളത്.

ശരീരഘടനയും അതിജീവനശേഷിയും: മനുഷ്യപരിപാലനം വളരെ കുറഞ്ഞ അർദ്ധ-വന്യ (semi-feral) രീതിയിലും വനങ്ങളിലെ മേച്ചിൽ സംവിധാനത്തിലും സ്വാഭാവിക സസ്യങ്ങൾ മേഞ്ഞു ജീവിക്കാനുള്ള മികച്ച പൊരുത്തപ്പെടൽ ശേഷിയും കരുത്തും ഇവയ്ക്കുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും ഇവയ്ക്ക് അതിജീവിച്ചു നിലനിൽക്കാൻ സഹായിക്കുന്ന ഒതുങ്ങിയതും ശക്തവുമായ ശരീരഘടനയാണ് ഈ കന്നുകാലികൾക്കുള്ളത്.

മനുഷ്യരുമായി വളരെ കുറഞ്ഞ സമ്പർക്കം പുലർത്തുന്ന ഇവ കാട്ടരികുകളിലും പ്ലാന്റേഷൻ മേഖലകളിലും കൂട്ടമായി നടന്ന് മേയാൻ ഇഷ്ടപ്പെടുന്നവയാണ്. പകൽ മുഴുവൻ മേഞ്ഞുനടക്കുന്ന ഇവ വൈകുന്നേരത്തോടെ തനിയെ ഫാമുകളിലേക്ക് മടങ്ങിയെത്തുകയോ കാട്ടരികുകളിലെ പ്രത്യേക താവളങ്ങളിൽ രാത്രി പാർക്കുകയോ ചെയ്യുന്നു. ഇവയുടെ ഈ സവിശേഷ സ്വഭാവം കാരണം ഇതിനെക്കുറിച്ച് പഠിക്കുക എന്നത് ശാസ്ത്രജ്ഞർക്ക് ഏറെ ബുദ്ധിമുട്ടേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയായിരുന്നു. കർണാലിലെ ICAR- നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ (NBAGR) സഹകരണത്തോടെയാണ് പഠനം നടത്തിയത്.

ഇതിനായി ആദ്യം ചെയ്തത് ഈ പശുക്കളുടെ തനത് സാന്നിധ്യമുള്ള പ്രദേശങ്ങൾ കണ്ടെത്തുകയും അവയുടെ കൃത്യമായ ജനസംഖ്യാ സർവേ നടത്തുകയുമാണ്. തുടർന്ന്, രണ്ട് വർഷക്കാലം ഈ പശുക്കളുടെ രക്തസാമ്പിളുകളും പാൽ സാമ്പിളുകളും ശേഖരിച്ച് കൃത്യമായ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമാക്കി. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് 'നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ്' (NBAGR) മുൻപാകെ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സമർപ്പിച്ചതിനു ശേഷവും ഒന്നിലധികം തലങ്ങളിലുള്ള കർശനമായ പരിശോധനകൾ കടക്കേണ്ടതുണ്ടായിരുന്നുവെന്നും പ്രൊഫ. വെങ്കടാചലപതി പറഞ്ഞു.

പെരിയാർ പശുക്കളുടെ തനത് പ്രത്യേകതകൾ

പഠനങ്ങളിലൂടെ ഈ തനത് ഇനത്തിന്റെ നിരവധി അദ്വിതീയ സവിശേഷതകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്:

ഉയർന്ന രോഗപ്രതിരോധശേഷി: മറ്റ് ഇനങ്ങളെ അപേക്ഷിച്ച് പെരിയാർ പശുക്കൾക്ക് രോഗബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

കുറഞ്ഞ പരിപാലനച്ചെലവ്: വളരെ കുറഞ്ഞ തീറ്റയും കുറഞ്ഞ പരിപാലനവും (Low input) മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ.

പാലിന്റെ ഗുണമേന്മ: ഈ പശുക്കൾ പ്രതിദിനം ശരാശരി 3 മുതൽ 4 ലിറ്റർ വരെ മികച്ച ഗുണമേന്മയുള്ള പാൽ തരുന്നു. സാധാരണ പാലിനേക്കാൾ ഇതിന്റെ പാലിൽ ഫാറ്റും (Fat) എസ്.എൻ.എഫും (SNF) വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു.

അംഗീകാരം കൊണ്ടുള്ള പ്രയോജനങ്ങൾ

ദേശീയ അംഗീകാരം കേവലം ഒരു ബ്രീഡ് രജിസ്ട്രേഷൻ മാത്രമല്ല, മറിച്ച് ഈ ജനിതക വിഭവത്തിന്റെ ശാസ്ത്രീയമായ സ്ഥിരീകരണമാണ്. ഇതിലൂടെ താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുന്നു:

കർഷകർക്ക് പ്രത്യേക സഹായങ്ങൾ: ഈ ഇനത്തെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള കൺസർവേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതിന് അംഗീകാരം സഹായകരമാണ്. ഈ പശുക്കളെ വളർത്തുന്ന കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സാമ്പത്തിക സഹായങ്ങളും പ്രജനന പദ്ധതികളും (Breeding schemes) ലഭിക്കാൻ ഇത് വലിയ തോതിൽ വഴിയൊരുക്കും. റെക്കഗ്നൈസ്ഡ് ബ്രീഡുകൾക്ക് മാത്രമേ ഇത്തരം സർക്കാർ പദ്ധതികൾ ലഭിക്കുകയുള്ളൂ.

ഇതോടൊപ്പം ഇവയുടെ പാലിൽ നിന്നുണ്ടാക്കുന്ന നെയ്യ്, വെണ്ണ, മോര് തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് (Value added products) പ്രത്യേക ബ്രാൻഡിംഗിലൂടെ സാധാരണ പാലിനേക്കാൾ ഉയർന്ന വിപണി വില കർഷകർക്ക് നേടിയെടുക്കാൻ സാധിക്കും.

ജനിതക മെച്ചപ്പെടുത്തൽ (Genetic Improvement): വരും വർഷങ്ങളിൽ കേരള വെറ്ററിനറി സർവ്വകലാശാലയുടെ നേതൃത്വത്തിൽ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നതിനും ഈ ബ്രീഡിന്റെ ജനിതക ഗുണങ്ങൾ വികസിപ്പിക്കുന്നതിനും ഇത് അടിത്തറയാകും.

വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ദീർഘകാല പ്രവർത്തനങ്ങളിലൂടെയാണ് 1996-ൽ വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ചത്. അത് കഴിഞ്ഞും പതിറ്റാണ്ടുകളായി നിരവധി ഗവേഷണങ്ങൾ തുടരുകയാണ്. അതുകൊണ്ടുതന്നെ, പെരിയാർ പശുക്കളുടെ വികസനത്തിനും കൂടുതൽ ഗവേഷണങ്ങൾക്കുമായി വരും വർഷങ്ങളിലും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com