

പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, എണ്ണ ഉപയോഗം നിജപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പുതിയ വാഹനനയത്തിന്റെ കരട് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. രാജ്യതലസ്ഥാനത്തിന്റെ മാറാശാപമായ മലിനീകരണം കുറയ്ക്കാന്‍ ഊന്നല്‍ നല്കിയുള്ളതാണ് കരട്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വലിയതോതില്‍ സബ്‌സിഡി നല്കാന്‍ പ്രോത്സാഹനം നല്കുന്ന കരട് നയം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 30 ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും നിര്‍ദ്ദേശം സമര്‍പ്പിക്കാം.
പെട്രോള്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, ഇ.വിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍, ചാര്‍ജിംഗ് സൗകര്യങ്ങളുടെ വിപുലീകരണം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ ഇ.വി നയം. ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി സമന്വയിപ്പിച്ചാകും അന്തിമ നയം രൂപീകരിക്കുക.
വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. ഇതുപ്രകാരം 2027 ജനുവരി ഒന്നുമുതല്‍ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങള്‍ക്ക് മാത്രമാണ് പുതിയ രജിസ്‌ട്രേഷന് അനുമതി നല്‍കുക. 2028 ഏപ്രില്‍ ഒന്നുമുതല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാകും. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ടു വീലറുകളുടെ രജിസ്‌ട്രേഷന് അനുമതിയുണ്ടാകില്ല.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന ഇരുചക്ര, ഗുഡ്‌സ് വാഹനങ്ങളും ഇലക്ട്രിക് മാത്രമായിരിക്കും. നിലവിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെ മാത്രമേ അനുമതി നല്‍കൂ. അതിനുശേഷം നിര്‍ബന്ധമായും വൈദ്യുത വാഹനത്തിലേക്ക് മാറണം.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളും വൈദ്യുത വാഹനത്തിലേക്ക് ഘട്ടംഘട്ടമായി മാറണം. രണ്ടാം വര്‍ഷത്തില്‍ 10 ശതമാനം വൈദ്യുത വാഹനങ്ങളാക്കുക, മൂന്നാം വര്‍ഷത്തില്‍ 20 ശതമാനം, 2030 ആകുമ്പോഴേക്കും 30 ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യം. വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമായ സര്‍ക്കാര്‍ വാഹനങ്ങള്‍ നൂറുശതമാനവും ഇലക്ട്രിക് ആയിരിക്കും.
വൈദ്യുത വാഹനങ്ങള്‍ക്കായി വലിയ നികുതി ഇളവുകളും സബ്‌സിഡികളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ബാറ്ററി ശേഷി അനുസരിച്ച് സബ്സിഡികള്‍ നല്കും. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് വൈദ്യുത വാഹന ചാര്‍ജിംഗ് സൗകര്യം വലിയതോതില്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിങ്, ബാറ്ററി സ്വാപ്പിങ് നെറ്റ്വര്‍ക്കിന്റെ ആസൂത്രണം, നടപ്പാക്കല്‍, ഗ്രിഡ് സംയോജനം എന്നിവയുടെ നോഡല്‍ ഏജന്‍സിയായി ഡല്‍ഹി ട്രാന്‍സ്‌കോ ലിമിറ്റഡിനെ നിയമിക്കുകയും ചെയ്തു. വൈദ്യുത വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും വലിയ ആനുകൂല്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine