പെട്രോൾ വില കുറയാൻ ഇനിയും കാത്തിരിക്കണോ? ₹42,000 കോടിയുടെ കണക്കുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ധനവിതരണത്തിലെ തടസങ്ങളും എണ്ണക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്ന് കേന്ദ്രമന്ത്രി
പെട്രോൾ വില കുറയാൻ ഇനിയും കാത്തിരിക്കണോ? ₹42,000 കോടിയുടെ കണക്കുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Published on: 

ക്രൂഡ്ഓയില്‍ വില വലിയതോതില്‍ കുറഞ്ഞാലും പെട്രോള്‍, ഡീസല്‍ വില ഉടനടി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് 42,000 കോടി രൂപയുടെ നഷ്ടമുണ്ടായ സാഹചര്യത്തില്‍ വില കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം ആദ്യം നികത്തേണ്ടതുണ്ടെന്നും അതിനുശേഷമേ ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. 42,000 കോടിയുടെ നഷ്ടം ഏത് കാലയളവിലേതാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം

ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രി വ്യക്തമാക്കി. പെട്രോളിന്മേലുള്ള സംസ്ഥാന നികുതി കുറയ്ക്കാനുള്ള അധികാരം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.

സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്), വില്‍പ്പന നികുതി എന്നിവയിലെ വ്യത്യാസമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തില്‍ മാര്‍ച്ച് 27ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 വീതം കുറച്ചിരുന്നു. എന്നാല്‍ ഈ ഇളവിന്റെ പ്രയോജനം നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നില്ല ലക്ഷ്യം. പൊതുമേഖലാ എണ്ണവിപണന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ ഒരു ഭാഗം നികത്തുന്നതിനാണ് തീരുവ കുറച്ചതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

എഥനോള്‍ സംഭരണത്തില്‍ കേന്ദ്രത്തിനെതിരെ കര്‍ണാടക

ഇതിനിടെ എഥനോള്‍ സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ രംഗത്ത്. എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ആവശ്യമായ അളവില്‍ സംഭരിക്കുന്നില്ലെന്നാണ് ആരോപണം.

ഇ10, ഇ20, ഇ30 തുടങ്ങിയ എഥനോള്‍ മിശ്രണ ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ച കേന്ദ്രം ഇപ്പോള്‍ ഉല്‍പ്പാദനത്തിന്റെ 20-30% പോലും സംഭരിക്കാന്‍ തയാറാകുന്നില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```