

ഇന്ത്യയിലെ സമ്പന്നരുടെ കണക്കെടുക്കുന്ന ഹുറൂണ്‍ സമ്പന്ന പട്ടികയില്‍ ഇടം നേടി എഡ്‌ടെക് പ്ലാറ്റ്‌ഫോം ഫിസിക്‌സ് വാലയുടെ സഹസ്ഥാപകന്‍ അലാഖ് പാണ്ഡേ. 223 ശതമാനം കുതിച്ച അലാഖിന്റെ സമ്പാദ്യം 14,150 കോടി രൂപയിലെത്തി. ബോളിവുഡ് താരം ഷാരൂഖ് ഖാനേക്കാളും കൂടുതലാണ് നിലവില്‍ അലാഖിന്റെ സമ്പാദ്യം. ഹുറൂണ്‍ ഇന്ത്യയുടെ കണക്ക് അനുസരിച്ച് താരത്തിന് 12,490 കോടി രൂപയുടെ സ്വത്താണുള്ളത്.
ഫിസിക്‌സ് വാലയുടെ മറ്റൊരു സഹസ്ഥാപകന്‍ പ്രതീക് മഹേശ്വരിയുടെ സ്വത്തിലും സമാനമായ വര്‍ധനയുണ്ട്. കമ്പനിക്ക് മികച്ച വളര്‍ച്ചാ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് സമ്പത്ത് കുതിക്കാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) തങ്ങളുടെ നഷ്ടം ഗണ്യമായി കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും ഫിസിക്‌സ് വാലക്ക് കഴിഞ്ഞിരുന്നു. തൊട്ടുമുന്‍വര്‍ഷത്തില്‍ 1,131 കോടി രൂപയായിരുന്ന നഷ്ടം 2024-25ല്‍ 243 കോടി രൂപയായി കുറഞ്ഞിരുന്നു. 1,940 കോടി രൂപയുണ്ടായിരുന്ന കമ്പനിയുടെ വരുമാനം 2,886 കോടി രൂപയാവുകയും ചെയ്തു.
ഇതിന് പുറമെ 3,820 കോടി രൂപയുടെ ഐ.പി.ഒ ഫയല്‍ ചെയ്യാന്‍ ഫിസിക്‌സ്‌വാലക്ക് സെബി അനുമതി നല്‍കുകയും ചെയ്തു. 3,100 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവും 720 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി അലാഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും 360 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. 2016ല്‍ യൂട്യൂബ് ചാനലിലൂടെ ക്ലാസെടുത്താണ് ഫിസിക്‌സ് വാലയുടെ തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. മലയാളി എഡ്‌ടെക് പ്ലാറ്റ്‌ഫോമായ സൈലത്തിലും ഫിസിക്‌സ് വാലക്ക് നിക്ഷേപമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine