പൈനാപ്പിള്‍ വില കുതിക്കുന്നു, റെക്കോഡ് വിലയിലും ഉത്പാദനക്കുറവ് തിരിച്ചടി

പൈനാപ്പിള്‍ വില കഴിഞ്ഞ പത്തുവര്‍ഷത്തെ റെക്കോഡ് വിലയില്‍. ഉത്തരേന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണം. പൈനാപ്പിളിന്റെ കേന്ദ്രമായ മൂവാറ്റുപുഴ വാഴക്കുളത്ത് പഴത്തിന്റെ വില കിലോയ്ക്ക് 57 രൂപയാണ്. പച്ചയ്ക്ക് 51 രൂപയ്ക്ക് മുകളിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് ആദ്യമായിട്ടാണ് വില ഇത്രയും ഉയരുന്നത്. കടുത്ത വേനലിന്റെ ബാക്കിപത്രമെന്ന പോലെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരുന്നതിലേക്ക് നയിച്ച ഘടകങ്ങളിലൊന്ന്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സ്‌പെഷ്യല്‍ ഗ്രേഡിന് 37 രൂപയും പഴത്തിന് 47 രൂപയുമായിരുന്നു വില. സാധാരണ ഗതിയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൈനാപ്പിള്‍ വില ഉയരാറുണ്ട്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ആവശ്യകത വര്‍ധിച്ചത് വിലയിലും പ്രതിഫലിക്കുന്നുണ്ട്. ഉത്സവകാലത്തിന് മുന്നോടിയായി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് വരുംദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് ഇടയാക്കും.
എ,ബി,സി,ഡി എന്നിങ്ങനെ നാല് ഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളില്‍ തൂക്കമുള്ളവയാണ് എ ഗ്രേഡില്‍ പെടുന്നത്. 600 ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ളവ ഗ്രേഡ് ബിയിലും ബാക്കിയുള്ളവ സി,ഡി ഗ്രേഡുകളിലും ഉള്‍പ്പെടും. കടുത്ത വേനല്‍ മൂലം ഇത്തവണ ഉത്പാദനത്തില്‍ 40 ശതമാനം വരെ കുറവു വന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷി വ്യാപകമാക്കാന്‍ ഗുജറാത്തും ആന്ധ്രയും

പൈനാപ്പിള്‍ കൃഷിയിലെ സാധ്യതകള്‍ മുതലെടുക്കാന്‍ ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. കര്‍ഷകര്‍ക്കായി വിവിധ പാക്കേജുകള്‍ ഒരുക്കി കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പൈനാപ്പിള്‍ തൈ കയറ്റുമതി കാര്യമായി നടക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കൃഷി വ്യാപകമായാലും കേരളത്തില്‍ നിന്നുള്ളതിന്റെ ഡിമാന്‍ഡ് കുറയില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Related Articles
Next Story
Videos
Share it