റബര്‍ കൃഷിക്ക് പൈനാപ്പിള്‍ 'ബദല്‍'; തോട്ടങ്ങളില്‍ വെട്ടിമാറ്റല്‍ ട്രെന്റ്

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കുതിച്ചുയര്‍ന്ന റബര്‍വില വീണ്ടും താഴേക്ക് പതിച്ചതോടെ കര്‍ഷകര്‍ നിരാശയില്‍. പലയിടത്തും തോട്ടങ്ങളില്‍ ടാപ്പിംഗ് നിര്‍ജീവമായിട്ടുണ്ട്. റബര്‍ ഉപേക്ഷിച്ച് ആ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി നടത്തുന്നവരുടെ സംഖ്യ വര്‍ധിക്കുകയാണ്. കൂടുതല്‍ വരുമാന സാധ്യത ഉള്ളതാണ് പൈനാപ്പിള്‍ കൃഷിയിലേക്ക് കര്‍ഷകര്‍ തിരിയാന്‍ കാരണം. എറണാകുളം ജില്ലയിലെ വാഴക്കുളമാണ് പൈനാപ്പിള്‍ കൃഷിയുടെ കേന്ദ്രം. കേരളത്തിലെ പൈനാപ്പിള്‍ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറെയും ഇവിടെയാണ്. പൈനാപ്പിള്‍ വില വര്‍ധിച്ചതോടെ മറ്റ് സ്ഥലങ്ങളിലും കൃഷി വ്യാപകമായിട്ടുണ്ട്.

ചുരുങ്ങിയ കാലംകൊണ്ട് വരുമാനം

പൈനാപ്പിള്‍ കൃഷിയിലേക്ക് കര്‍ഷകര്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം വരുമാനം പെട്ടെന്ന് ലഭിക്കുമെന്നതാണ്. റബര്‍ തൈ വച്ച് ഏഴു വര്‍ഷമെങ്കിലും വേണ്ടിവരും ടാപ്പിംഗ് തുടങ്ങാന്‍. എന്നാല്‍ പൈനാപ്പിള്‍ കൃഷിക്ക് ഇതിന്റെ നാലിലൊന്ന് സമയം മതി. റബറിന് കാലാവസ്ഥ ഉള്‍പ്പെടെ മറ്റ് പല ഘടകങ്ങളും അനുകൂലമായി വരണം. മാത്രവുമല്ല, മികച്ച വില കിട്ടുകയെന്നത് ആഗോള സമ്പദ് വ്യവസ്ഥയെ പോലും ആശ്രയിച്ചാണ്.
ഇവിടെയാണ് പൈനാപ്പിള്‍ കൃഷിയുടെ സാധ്യത വര്‍ധിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പോലും ആവശ്യത്തിന് പൈനാപ്പിള്‍ നല്‍കാന്‍ നിലവില്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വിദേശത്തേക്കുള്ള കയറ്റുമതി കുറഞ്ഞിട്ടുണ്ട്. ഭാവിയിലും മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയിലേക്ക് മാറുന്നത്.

കൂടുതല്‍ മേഖലകളിലേക്ക് പൈനാപ്പിള്‍

ഹൈറേഞ്ചിലും ലോറേഞ്ചിലും സംസ്ഥാനത്തെ മലയോര മേഖലകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാകുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഏറെയാണ്. ഏക്കറിന് 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചെലവ്. പൈനാപ്പിള്‍ കൃഷിക്ക് ഡിമാന്‍ഡ് ഉയര്‍ന്നതോടെ വിത്തുവില 15 രൂപക്ക് മുകളിലായി. കഴിഞ്ഞ വര്‍ഷം വരെ അഞ്ചു മുതല്‍ ഒന്‍പതു രൂപ വരെയായിരുന്നു വിത്തിന്റെ വില.
പഴുത്ത പൈനാപ്പിളിന് നിലവില്‍ 52 രൂപയാണ് വാഴക്കുളം മാര്‍ക്കറ്റിലെ വില. സ്‌പെഷ്യല്‍ ഗ്രേഡ് പച്ചയ്ക്ക് 47 രൂപയും വില ലഭിക്കുന്നുണ്ട്. പച്ചയ്ക്ക് കിലോയ്ക്ക് 35 രൂപയ്ക്ക് മുകളില്‍ ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ലാഭമാണ്. ഇതിനു മുകളിലേക്ക് ലഭിക്കുന്ന ഏതൊരു വിലയും ബോണസാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള വില ക്രിസ്മസ്, പുതുവല്‍സര സമയത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Related Articles
Next Story
Videos
Share it