പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് സീസണില്‍ അപ്രതീക്ഷിത തിരിച്ചടി; വില കൂപ്പുകുത്തിയതിന് കാരണങ്ങളേറെ

ഇത്തവണ വേനല്‍ കടുക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങള്‍ പൈനാപ്പിള്‍ വില്പന വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകരും കച്ചവടക്കാരും
pineapple
canva
Published on

യുദ്ധവും ഇന്ധനക്ഷാമവും സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്നു. ഉത്തരേന്ത്യയില്‍ വിവാഹ സീസണും വേനല്‍ക്കാലവും ഒന്നിച്ചെത്തുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ പൈനാപ്പിള്‍ വില സാധാരണഗതിയില്‍ 50 രൂപയ്ക്ക് മുകളില്‍ വരാറുണ്ട്. എന്നാല്‍, ഇത്തവണ എല്ലാം മാറിമറിഞ്ഞു.

പൈനാപ്പിള്‍ പഴത്തിന് ഇന്നത്തെ വില കിലോഗ്രാമിന് വെറും 30 രൂപയാണ്. സ്‌പെഷ്യല്‍ ഗ്രേഡ് പച്ചയ്ക്കാകട്ടെ 26 രൂപയും. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 50, 52 രൂപ നിരക്കിലായിരുന്നു. ഉത്പാദന ചെലവ് കൂടുകയും വില കുറയുകയും ചെയ്തതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. എറണാകുളം ജില്ലയിലെ വാഴക്കുളമാണ് കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ തലസ്ഥാനം.

കഴിഞ്ഞവര്‍ഷം മഴ, ഇത്തവണ യുദ്ധം

കഴിഞ്ഞ വര്‍ഷവും വേനല്‍ക്കാല സീസണ്‍ അത്ര മെച്ചമായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ വില 40 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നിരുന്നാല്‍ പോലും നഷ്ടമില്ലായിരുന്നു. ഏപ്രില്‍ മുതല്‍ വേനല്‍മഴ രാജ്യത്തുടനീളം ശക്തമായതായിരുന്നു വില താഴാന്‍ ഇടയാക്കിയത്. ഇത്തവണ വേനല്‍ കടുക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങള്‍ പൈനാപ്പിള്‍ വില്പന വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകരും കച്ചവടക്കാരും. എന്നാല്‍ അപ്രതീക്ഷിതമായി പശ്ചിമേഷ്യന്‍ യുദ്ധം വന്നെത്തിയതോടെ എല്ലാം താറുമാറായി.

വിവാഹങ്ങളും ഇവന്റുകളും മാറ്റിവയ്ക്കപ്പെട്ടതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി കയറിപ്പോയിരുന്ന ലോഡിന്റെ എണ്ണം കുറഞ്ഞു. ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നത് പ്രാദേശിക വിപണികളിലെ വില്പനയും കുറച്ചു. ഉത്തരേന്ത്യയില്‍ നിന്ന് കാര്യമായ അന്വേഷണങ്ങള്‍ വരില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഭക്ഷണമടക്കമുള്ള പ്രശ്‌നങ്ങളാല്‍ ഉത്തരേന്ത്യയില്‍ നിന്ന് കാര്യമായി ട്രക്കുകള്‍ വരുന്നില്ല.

അടുത്ത കാലത്തായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പൈനാപ്പിള്‍ കയറ്റുമതി വര്‍ധിച്ചിരുന്നു. റംസാന്‍ അടക്കമുള്ള സമയങ്ങളില്‍ ഗള്‍ഫിലേക്ക് വലിയതോതില്‍ തോതില്‍ കയറ്റുമതി നടന്നിരുന്നു. ഇത്തവണ പക്ഷെ കയറ്റുമതിയും കാര്യമായുണ്ടായില്ല.

ഹൈറേഞ്ചിലും ലോറേഞ്ചിലും സംസ്ഥാനത്തെ മലയോര മേഖലകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാകുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഏറെയാണ്. ഏക്കറിന് 80,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ചെലവ്.

കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. ഡല്‍ഹി മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വില നിര്‍ണയിക്കുന്നത്. ജയ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, പൂന, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കുളം പൈനാപ്പിളിന് ഡിമാന്‍ഡ് ഏറെയാണ്.

പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് പതിനായിരക്കണിക്ക് പേരാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തിരിച്ചു പോയതും മേഖലയ്ക്ക് തിരിച്ചടിയാണ്.

വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. 3,000 കോടി രൂപയിലധികം വലുപ്പമുള്ളതാണ് കേരളത്തിലെ പൈനാപ്പിള്‍ മാര്‍ക്കറ്റ്. സംസ്ഥാനത്ത് 50,000 ഏക്കറിലധികം സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com